ad
Deshabhimani

ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കണം; സിജെപി പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ

Agricultural Workers’ Union
വെബ് ഡെസ്ക്

Published on Jul 06, 2026, 07:40 PM | 2 min read

ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർടി (സിജെപി) ജന്തർമന്തറിൽ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ (എഐഎഡബ്ല്യൂയു). നിരാഹരമിരിക്കുന്ന സോനം വാങ്‌ചുക്കിനേയും 22 വിദ്യാർഥികളേയും അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കിട്ട്‌, സാഹിൽ എന്നിവർ സന്ദർശിച്ചു. ബികെഎംയു ജനറൽ സെക്രട്ടറി ഗുൽസാർ സിങ്‌ ഗോറിയയും കൂടെയുണ്ടായിരുന്നു. ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കുവേണ്ടി പ്രതിഷേധിക്കുന്ന നൂറുകണക്കിന് വിദ്യാർഥികൾക്ക് കർഷകത്തൊഴിലാളി യൂണിയൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.


കേന്ദ്രത്തിന്റെ കീഴിലുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ‌ടി‌എ) കഴിവില്ലായ്മ മൂലം വിവിധ പരീക്ഷകളിൽ ഉണ്ടായ വിവിധ ക്രമക്കേടുകൾക്കെതിര ഇന്ത്യയിലെ യുവത കഴിഞ്ഞ ഒരു മാസമായി തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണെന്ന് കർഷകത്തൊഴിലാളി യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു. എൻ‌ടി‌എ ആരംഭിച്ചതിനുശേഷം, ഏകദേശം 89 പരീക്ഷാപേപ്പർ ചോർച്ചകൾ നടന്നിട്ടുണ്ട്. വർഷങ്ങളായി പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് പരീക്ഷകൾ പൊടുന്നതെ റദ്ദാക്കുന്നതിലൂടെ വളരെയധികം ബുദ്ധിമുട്ടും സമ്മർദ്ദവും ഉണ്ടാകുന്നു.


മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നതിനെതുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. പിന്നാലെ നിരവധി വിദ്യാർഥികളാണ് സമ്മർദ്ദത്തെത്തുടർന്ന് ആത്മഹത്യ ചെയ്തത്. ഇതിനെല്ലാം ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് 22 വിദ്യാർഥികളും സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്കിന്റെയും അനിശ്ചിതകാല നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. കോക്രോച്ച്‌ ജനതാ പാർടിയുടെ അനിശ്ചിത കാല സമരത്തോടൊപ്പമാണ്‌ സോനം വാങ്‌ചുക്കും വിദ്യാർഥികളും നിരാഹരമിരിക്കുന്നത്‌.


Agricultural Workers’ Union


പരീക്ഷകളിലെ ക്രമക്കേടുകൾ കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത് ഗ്രാമീണ മേഖലയിലെ കർഷിക തൊഴിലാളികളുടെ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ്. സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകൾക്കും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവിനും ഇടയിലും ​ഗ്രാമീണ മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾ പരീക്ഷകളെഴുതുന്നുണ്ട്. എന്നാൽ പെട്ടെന്ന് ഈ പരീക്ഷകൾ റദ്ദാക്കുന്നത് വിദ്യാർഥികളെ സാരമായി ബാധിക്കുന്നു.


ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ നയങ്ങൾ സൃഷ്ടിച്ച വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പരാജയം മൂലം ദുരിതമനുഭവിക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഒപ്പം നിൽക്കുന്നുവെന്ന് കർഷക തൊഴിലാളി യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു. ധർമ്മേന്ദ്ര പ്രധാനെ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് ഉടൻ നീക്കം ചെയ്യണം. പ്രധാൻ രാജി വയ്ക്കുന്നതുവരെ രാജ്യത്തെ യുവാക്കൾ പോരാട്ടം തുടരുമെന്നും കർഷക തൊഴിലാളി യൂണിയൻ അവർക്കൊപ്പം നിൽക്കുമെന്നും ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home