ad
Deshabhimani

ഓച്ചിറയിൽ വാഹനാപകടം; 27കാരി മരിച്ചു, രണ്ടു വയസ്സുകാരിയുടെ നില ഗുരുതരം

road accident.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 06, 2026, 07:57 PM | 1 min read

കൊല്ലം: ഓച്ചിറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. സ്വകാര്യ ബസും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തനംതിട്ട കൊടുമൺ നിലമേൽ മേലതിൽ രാജന്റെ ഭാര്യ അമൃത (27) ആണ് മരിച്ചത്. അപകടത്തിൽ അമൃതയുടെ രണ്ടു വയസ്സുകാരിയായ മകൾ മിലോനിക്ക് ഗുരുതരമായി പരിക്കേറ്റു. കാർ ഡ്രൈവർ ഉൾപ്പെടെ ഒൻപത് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.


ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ ഓച്ചിറ ആയിരംതെങ്ങ് റോഡിൽ പ്രയാർ പാലത്തിന് കിഴക്കുവശത്തായിരുന്നു അപകടം. ഓച്ചിറയിൽ നിന്നും വള്ളിക്കാവ് വഴി കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലേക്ക് അഴീക്കൽ ഭാഗത്തുനിന്നും വന്ന സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.


അപകടത്തിൽ കാറിലുണ്ടായിരുന്ന അമൃതയുടെ ഭർതൃമാതാവ് പത്മാവതി (60), ഭർത്താവിന്റെ സഹോദരി അർച്ചന (24), കാർ ഓടിച്ചിരുന്ന മുണ്ടക്കയം കുളത്തിങ്കൽ സ്വദേശി സാംസൺ (29) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ടു വയസ്സുകാരി മിലോനി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.


അപകടത്തിൽ ബസ് യാത്രക്കാരായ ആറ് പേർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ക്ലാപ്പന സ്വദേശികളായ ലീലാമണി (50), ഷൈജ ബീഗം (44), നജീബ് (65), ആദിനാട് സ്വദേശിനി രജനി (34), പ്രയാർ സ്വദേശിനി പത്മകുമാരി (50), വൈക്കം സ്വദേശിനി പൂജ ബിജു (18) എന്നിവരെ ഓച്ചിറ പരബ്രഹ്മ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


അപകടസ്ഥലത്തു വച്ചുതന്നെ അമൃത മരണപ്പെട്ടിരുന്നു. മൃതദേഹം നിലവിൽ ഓച്ചിറ പരബ്രഹ്മ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home