രാമക്ഷേത്ത്രിലെ കൊള്ളയും ഭൂമി കുംഭകോണവും; യോഗി ആദിത്യനാഥ് രാജിവെക്കണം: അഖിലേന്ത്യാ കിസാൻ സഭ

ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ കാണിക്കപ്പണം കവർച്ചയും വൻ ഭൂമി കുംഭകോണവും രാജ്യത്തിന് അന്താരാഷ്ട്രതലത്തിൽ നാണക്കേടുണ്ടാക്കിയ സമാനതകളില്ലാത്ത ക്രിമിനൽ കുറ്റമാണെന്ന് അഖിലേന്ത്യാ കിസാൻ സഭ. അഴിമതിക്ക് കുടപിടിക്കുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാനം രാജിവെക്കണമെന്ന് ദേശീയ നേതാക്കളായ പി കൃഷ്ണപ്രസാദ്, ബാദൽ സരോജ്, മുകുത് സിങ് എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ലക്ഷക്കണക്കിന് വിശ്വാസികളുടെ ഭക്തിയെയും വികാരങ്ങളെയും ചൂഷണം ചെയ്താണ് ഭരണകൂടത്തിന്റെ മറവിൽ ഈ കൊള്ള അരങ്ങേറിയത്. കോടികളുടെ സാമ്പത്തിക അഴിമതി മാത്രമല്ലിത്. കാണാതായ സ്വർണം, വെള്ളി, വജ്രം, അമൂല്യ രത്നങ്ങൾ, അഷ്ടധാതു വിഗ്രഹങ്ങൾ എന്നിവയുടെ മൂല്യം കണക്കാക്കിയാൽ ചില ചെറിയ രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തേക്കാൾ വലിയ തുക വരുമിത്. മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് പോലും താൻ ക്ഷേത്രത്തിൽ സമർപ്പിച്ച സ്വർണം പൂശിയ രാമായണം നഷ്ടപ്പെട്ടതായി പരസ്യമായി പറയേണ്ടിവന്നു. കൊള്ളക്കാർക്ക് ഭരണകൂട സംരക്ഷണം ലഭിക്കുന്നുണ്ട്.
ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ള കോർപ്പറേറ്റുകൾക്കും പ്രമാണിമാർക്കും സ്വകാര്യ ലാഭമുണ്ടാക്കാൻ അയോധ്യയെ വ്യവസ്ഥാപിതമായി കൊള്ളയടിക്കുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ ഭൂമിയുടെ വില കുത്തനെ കൂട്ടി വ്യാജ ഇടപാടുകൾ നടത്തി. യഥാർത്ഥ ഭൂവുടമകൾക്ക് തുച്ഛമായ തുക നൽകി ചമ്പത് റായിയും മറ്റ് ഇടനിലക്കാരും കോടികളാണ് കൊള്ളയടിച്ചത്. നൂറുകണക്കിന് പുരാതന ക്ഷേത്രങ്ങളെയും സർക്കാർ ഭൂമിയെപ്പോലും ഈ ഭൂമാഫിയസംഘം വെറുതെവിട്ടില്ല. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നേരിട്ട് പങ്കുണ്ട്. 2021-ൽ യോഗി ആദിത്യനാഥ് പ്രഖ്യാപിച്ച അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഗുജറാത്തിൽ നിന്നുള്ള വൻകിട വ്യവസായികൾക്ക് വേണ്ടിയാണ് അയോധ്യയിലെ പാവപ്പെട്ട കുടുംബങ്ങളെയും ചെറുകിട കച്ചവടക്കാരെയും തലമുറകളായി ജീവിച്ച മണ്ണിൽ നിന്നും ബലമായി കുടിയിറക്കിയത്.
പ്രതികളെ സംരക്ഷിക്കാനാണ് യോഗി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഒരു മാസത്തോളം വൈകിച്ചതും, അതിനു മുൻപേ എസ്ഐടി രൂപീകരിച്ചതും ഈ സംശയം ബലപ്പെടുത്തുന്നു. താഴെത്തട്ടിലുള്ള ചില ചെറുകിട കള്ളന്മാരെ മാത്രം അറസ്റ്റ് ചെയ്ത്ആർഎസ്‌എസ് പ്രമുഖരായ ചമ്പത് റായ്, അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെയൊക്കെ സംരക്ഷിക്കുകയാണ്.
പ്രധാനമന്ത്രിയുശട നേതൃത്വത്തിൽ രൂപീകരിച്ച ട്രസ്‌റ്റിന്റെ ഭരണത്തിന് കീഴിലാണ് ഈ വൻ കൊള്ള നടന്നത്. പ്രധാനമന്ത്രിയുടെ നിശബ്ദത ഈ കൊള്ളയ്ക്കുള്ള മൗനാനുവാദമാണ്. ആർഎസ്എസ് പ്രചാരകനായ ചമ്പത് റായിയാണ് ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി. ട്രസ്റ്റിന്മേൽ പൂർണ നിയന്ത്രണമുള്ള ആർഎസ്എസിനും ഇതിൽ നിന്നും കൈകഴുകാനാകില്ലെന്നും അഖിലേന്ത്യാ കിസാൻ സഭ ചൂണ്ടിക്കാട്ടി.
അഴിമതിക്ക് കൂട്ടുനിന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടിയന്തരമായി രാജിവെക്കുക, സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയോ വിരമിച്ച ജഡ്ജിയോ മേൽനോട്ടം വഹിക്കുന്ന സമയബന്ധിതമായ നിഷ്പക്ഷ അന്വേഷണം പ്രഖ്യാപിക്കുക, തട്ടിയെടുത്ത മുഴുവൻ പണവും സ്വത്തുക്കളും കണ്ടുകെട്ടുക. കൊള്ളയുടെ ഗുണഭോക്താക്കളായ എല്ലാവരുടെയും പേരുകൾ പരസ്യപ്പെടുത്തുക, കുടിയിറക്കപ്പെട്ട പാവപ്പെട്ടവർക്ക് 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം വിപണി വിലയുടെ നാലിരട്ടി നഷ്ടപരിഹാരവും കൃത്യമായ പുനരധിവാസവും ഉറപ്പാക്കുക, നിലവിലെ ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ വ്യവസ്ഥാപിതമായ സർക്കാർ നിയന്ത്രണത്തിലുള്ള ഭരണസംവിധാനം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളും കിസാൻ സഭ മുന്നോട്ട് വെച്ചു.










0 comments