ഇന്ത്യൻ ആകാശത്ത് സാന്നിധ്യമാവാൻ റിയാദ് എയർ; മുംബൈയിൽ നിന്ന് പ്രതിദിന വിമാന സർവീസ്

പ്രതീകാത്മക ചിത്രം | Riyadh Air / Facebook
മുംബൈ : ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങി സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രീമിയം വിമാനക്കമ്പനിയായ റിയാദ് എയർ. റിയാദിനും മുംബൈയ്ക്കുമിടയിൽ ഓഗസ്റ്റ് 4 മുതൽ പ്രതിദിന സർവീസ് ആരംഭിക്കുമെന്ന് തിങ്കളാഴ്ച കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ റൂട്ടായ മുംബൈ - റിയാദിലേക്കുള്ള ഔദ്യോഗിക ബുക്കിംഗ് ജൂലൈ 6 മുതൽ ആരംഭിച്ചു.
സൗദി അറേബ്യയുടെ പരമാധികാര വെൽത്ത് ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് റിയാദ് എയർ. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബോയിംഗ് വിമാനങ്ങളാണ് ഈ റൂട്ടിൽ സർവീസിനായി കമ്പനി സജ്ജമാക്കിയിരിക്കുന്നത്. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിനായി നാല് വ്യത്യസ്ത ക്ലാസിലാണ് ഈ വിമാനങ്ങളിൽ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യോമഗതാഗത മേഖലയിൽ വലിയ മുന്നേറ്റത്തിന് ഈ പുതിയ സർവീസ് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ബോയിംഗ് B787-9 വിമാനങ്ങളാണ് ഈ റൂട്ടിൽ സർവീസിനായി ഉപയോഗിക്കുന്നത്. ബിസിനസ് എലൈറ്റ്, ബിസിനസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി എന്നിങ്ങനെ നാല് ക്ലാസ്സ് കോൺഫിഗറേഷനുകൾ ഈ വിമാനങ്ങളിൽ ലഭ്യമായിരിക്കും.
റിയാദ് എയർ അതിവേഗം നേട്ടം കൈവരിച്ചു കൊണ്ടിരിക്കുന്ന ശൃംഖലയിലെ ഒരു സുപ്രധാന നാഴികക്കല്ലായാണ് ഈ പുതിയ റൂട്ടിനെ കാണുന്നത്. ഇതോടെ കമ്പനിയുടെ സർവീസുകൾ ഒൻപത് നഗരങ്ങളിലേക്ക് വ്യാപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ റൂട്ടുകൾ പ്രഖ്യാപിക്കുമെന്നും സൗദി അറേബ്യയെ ലോകത്തിലെ പ്രധാന ആഗോള - പ്രാദേശിക ഹബ്ബുകളുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും എയർലൈൻസ് വ്യക്തമാക്കി.
ആഗോളതലത്തിൽ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണികളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ യാത്രക്കാർക്ക് മുംബൈയിൽ നിന്ന് റിയാദിലേക്കും അവിടെനിന്ന് യൂറോപ്പിലേക്കും മികച്ച കണക്റ്റിവിറ്റിയും പ്രീമിയം യാത്രാ സൗകര്യവും നൽകാൻ സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് റിയാദ് എയർ സിഇഒ - ടോണി ഡഗ്ലസ് വ്യക്തമാക്കി.
2023 മാർച്ചിൽ പ്രവർത്തനം ആരംഭിച്ച റിയാദ് എയർ, 2030ഓടെ ആഗോളതലത്തിൽ നൂറിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന ശൃംഖല വ്യാപിപ്പിക്കാൻ ലക്ഷ്യമിടുകയാണ്. ഇന്ത്യയിൽ നിന്നുള്ള ബിസിനസ് - വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള മുംബൈ - റിയാദ് റൂട്ട് യാത്രക്കാർക്ക് യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കും എളുപ്പത്തിലുള്ള കണക്റ്റിവിറ്റി ഉറപ്പാക്കും.
ബിസിനസ് ആവശ്യങ്ങൾക്കും വിനോദയാത്രകൾക്കുമായി സൗദിയിലേക്കും യൂറോപ്പിലേക്കും പോകുന്ന ഇന്ത്യക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ മികച്ച ഓപ്ഷൻ കൂടിയാവുമിത്. ലണ്ടൻ, മാഡ്രിഡ് തുടങ്ങിയ ആഗോള നഗരങ്ങളിലേക്കും ജിദ്ദ, കെയ്റോ തുടങ്ങിയ പ്രാദേശിക നഗരങ്ങളിലേക്കും മുംബൈയിൽ നിന്നുള്ള യാത്രക്കാർക്ക് റിയാദ് വഴി എളുപ്പത്തിൽ കണക്റ്റിംഗ് ഫ്ലൈറ്റുകൾ ലഭ്യമാകുമെന്നും എയർലൈൻസ് അറിയിച്ചു.











0 comments