വിപണിയിൽ വീണ്ടും ഡോളറിന്റെ ആധിപത്യം; രൂപയ്ക്ക് തിരിച്ചടി

പ്രതീകാത്മക എഐ ചിത്രം
മുംബൈ : ആഗോള വിപണിയിൽ യുഎസ് ഡോളർ കരുത്താർജ്ജിച്ചതിനെത്തുടർന്ന് ഇന്ന് പ്രാരംഭ വ്യാപാരത്തിൽ രൂപയുടെ മൂല്യത്തിൽ ഇടിവ് രേഖപ്പെടുത്തി. ഇന്റർബാങ്ക് ഫോറെക്സ് വിപണിയിൽ ഡോളറിനെതിരെ 95.25 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച രൂപ തൊട്ടുപിന്നാലെ 10 പൈസ ഇടിഞ്ഞ് 95.28 എന്ന നിലവാരത്തിലേക്ക് താഴുകയായിരുന്നു.
വെള്ളിയാഴ്ച 17 പൈസ നേട്ടത്തോടെ 95.18 ലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്. രാജ്യത്തേക്ക് പുതിയ വിദേശ നിക്ഷേപങ്ങൾ എത്തുമ്പോൾ രൂപയുടെ മൂല്യം അമിതമായി ഉയരാൻ അനുവദിക്കാതെ വിദേശനാണ്യ ശേഖരം വീണ്ടെടുക്കാനാകും റിസർവ് ബാങ്ക് മുൻഗണന നൽകുകയെന്ന് വിപണി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പം യുഎസ് - ഇറാൻ സമാധാന ചർച്ചകളിലെ അനിശ്ചിതത്വം സൃഷ്ടിക്കുന്ന ഭൗമരാഷ്ട്രീയ ആശങ്കകളും രൂപയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
എണ്ണവില കുറയുന്നതും ഡോളർ സൂചിക ഇടിയുന്നതും പോലുള്ള അനുകൂല വാർത്തകൾ ഉണ്ടായിട്ടും രൂപയ്ക്ക് മുന്നേറാൻ കഴിയാത്തത് വിപണിയിലെ ദുർബലമായ അവസ്ഥയെയാണ് കാണിക്കുന്നത്. പുതിയതായി എന്തെങ്കിലും നെഗറ്റീവ് ഘടകങ്ങളുണ്ടായാൽ രൂപയുടെ മൂല്യം 95.80 മുതൽ 96.00 വരെയുള്ള നിലവാരത്തിലേക്ക് ഇടിഞ്ഞേക്കാം. എന്നാൽ 94.80 മുതൽ 95.00 പരിധിയിൽ രൂപയ്ക്ക് ശക്തമായ പിന്തുണയുണ്ട്. ആറ് പ്രധാന ആഗോള കറൻസികൾക്കെതിരെയുള്ള ഡോളർ സൂചിക 0.10 ശതമാനം ഉയർന്ന് 100.95 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.
അതേസമയം ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 0.58 ശതമാനം ഇടിഞ്ഞ് ബാരലിന് 71.70 ഡോളർ എന്ന നിരക്കിലാണ്. രൂപയിൽ ഇടിവുണ്ടായെങ്കിലും ആഭ്യന്തര ഓഹരി വിപണിയിൽ സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.











0 comments