'അശ്ലീല സന്ദേശമയച്ചു'; എൽ മുരുഗന്റെ രാജിയിലേക്ക് നയിച്ചത് നടിയുടെ പരാതിയെന്ന് സൂചന

ന്യൂഡൽഹി: കേന്ദ്രമന്ത്രി എൽ മുരുഗന്റെ രാജിക്കു കാരണം ബോളിവുഡ് നടിയുടെ പരാതിയെന്ന് സൂചന. 2030 ഏപ്രിൽ വരെ കാലാവധിയുണ്ടായിട്ടും രാജ്യസഭാ അംഗത്വവും മുരുഗൻ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരവധി അഭ്യൂഹങ്ങൾ പുറത്തുവന്നത്.
രാജിവച്ചത് തമിഴ്നാട് രാഷ്ട്രീയത്തിൽ സജീവമാകാനാണെന്നായിരുന്നു എൽ മുരുഗന്റെ വിശദീകരണം. എന്നാൽ, ബോളിവുഡ് നടിക്ക് അശ്ലീല സന്ദേശമയച്ചതാണ് മുരുഗന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. ബിജെപിയിലെ ഉന്നതർക്ക് നടി പരാതി നൽകിയതിന് പിന്നാലെയാണ് എൽ മുരുഗൻ മന്ത്രിസ്ഥാനവും എംപി സ്ഥാനവും രാജിവച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
നടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ഇതില്‍ ഇവര്‍ നല്‍കിയ പരാതിയിലാണ് രാജിയെന്നും ഒരു ഇംഗ്ലിഷ് മാധ്യമവും ചില തമിഴ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഇത് സംബന്ധിച്ച് ബിജെപി കേന്ദ്രങ്ങൾ പ്രതികരിക്കാൻ തയാറായിട്ടില്ല.
മന്ത്രിയെന്ന നിലയ്ക്കുള്ള പ്രവർത്തനങ്ങളിൽനിന്ന് കുറച്ചുനാളായി വിട്ടുനിൽക്കുന്ന സ്ഥിതിയിലായിരുന്നു മുരുഗൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട് സന്ദർശത്തിനു പിന്നാലെയായിരുന്നു മുരുഗന്റെ രാജി. ബിജെപിയുടെ തമിഴ്‌നാട് യൂണിറ്റിന്റെ മുൻ മേധാവിയായ എൽ മുരുകൻ മധ്യപ്രദേശിൽ നിന്നാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.








0 comments