Deshabhimani

ഇന്ത്യ - യുഎസ് വ്യാപാര കരാർ: നവംബർ 26ന് രാജ്യവ്യാപക പ്രക്ഷോഭവുമായി സംയുക്ത കിസാൻ മോർച്ച

skm
വെബ് ഡെസ്ക്

Published on Oct 20, 2026, 08:51 PM | 2 min read

ന്യൂഡൽഹി : രാജ്യത്തെ കാർഷിക ചെറുകിട വ്യവസായ മേഖലകളെ മുഴുവനും ഭീഷണിയിലാക്കുന്ന ഇന്ത്യ - അമേരിക്ക വ്യാപാര കരാറിൽ ഒപ്പുവെക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ധൃതിപിടിച്ച നീക്കങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സംയുക്ത കിസാൻ മോർച്ച. കരാർ ഇന്ത്യൻ കർഷകരുടെയും സാധാരണക്കാരുടെയും മരണവാറന്റാണെന്നും രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരം അമേരിക്കയ്ക്ക് പണയം വെക്കുകയാണെന്നും കർഷക സംഘടന വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യ - യുഎസ് സ്വതന്ത്ര വ്യാപാര കരാറിനെതിരെയും കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയും നവംബർ 26ന് രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.


ശക്തമായ എതിർപ്പുകൾ ഉയർന്നതോടെ അനിശ്ചിതത്വത്തിലായ കരാർ ഉറപ്പാക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നേരിട്ട് ഇന്ത്യയിലെത്തുകയായിരുന്നു. ഡൽഹി എസ്ഐആർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായതിനാൽ മാർക്കോ റൂബിയോ തലസ്ഥാനത്തേക്ക് വരാൻ തയ്യാറാകില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ മുംബൈയിലെത്തി കാണേണ്ടി വന്നത് അപമാനകരമാണെന്നും എസ്കെഎം ചൂണ്ടിക്കാട്ടി.


ഉപരോധ ഭീഷണികൾക്ക് മുന്നിൽ ഭയന്ന് നിൽക്കുന്ന കേന്ദ്ര സർക്കാർ വിദേശ നയത്തിലും സാമ്പത്തിക മേഖലയിലും അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങിയിരിക്കുകയാണ്. അമേരിക്കൻ പാൽ ഉൽപന്നങ്ങൾക്ക് ഇന്ത്യയിൽ പൂർണ നികുതി ഇളവ് (സീറോ ടാരിഫ്) നൽകാനുള്ള നീക്കം രാജ്യത്തെ 8 കോടിയിലധികം വരുന്ന ക്ഷീരകർഷകരുടെ ഉപജീവനമാർ​ഗത്തെ തകർക്കും. സോയാബീൻ, ചോളം, ആപ്പിൾ, ഉണക്കമുന്തിരി, മറ്റ് ധാന്യങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതും പ്രാദേശിക കർഷകർക്ക് വൻ തിരിച്ചടിയാണ്. കാർഷിക വിപണിയുടെ തകർച്ചയ്ക്ക് ഇത് വഴിയൊരുക്കുമെന്ന് കർഷക സംഘടന പറഞ്ഞു.


ജനിതകമാറ്റം വരുത്തിയ അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് എത്താനും സാധ്യതയുണ്ട്. യുഎസിൽ നിന്ന് വൻതോതിൽ എൽപിജിയും എൽഎൻജിയും ഇറക്കുമതി ചെയ്യാൻ കരാറിലേർപ്പെട്ടത് വഴി രാജ്യത്തെ ഊർജ്ജ മേഖലയെ അമേരിക്കൻ കമ്പനികളുടെ നിയന്ത്രണത്തിലാക്കി. വിദേശനയങ്ങളും സാമ്പത്തിക തീരുമാനങ്ങളും റിലയൻസ് ഉൾപ്പെടെയുള്ള വൻകിട കോർപ്പറേറ്റുകളുടെ ലാഭത്തിന് വേണ്ടിയാണ് നിർണയിക്കപ്പെടുന്നതെന്നും കിസാൻ മോർച്ച പറഞ്ഞു.


കർഷകരെ കടക്കെണിയിൽ നിന്നും രക്ഷിക്കാനായി കേന്ദ്രത്തിന് മുന്നിൽ സുപ്രധാന ആവശ്യങ്ങളും കർഷക സംഘടന മുന്നോട്ടുവെച്ചിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാറിന്റെ പൂർണ രൂപം പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സമർപ്പിച്ച് ചർച്ച ചെയ്യുക എന്നതാണ് പ്രധാന ആവശ്യം. കർഷക വിരുദ്ധവും അമേരിക്കൻ ഉപരോധ ഭീഷണികൾക്ക് വിധേയവുമായ എല്ലാ എഫ്ടിഎ ചർച്ചകളിൽ നിന്നും ഇന്ത്യ പിന്മാറണം, കാർഷിക ഉൽപ്പന്നങ്ങൾക്കും പാൽ ഉൽപ്പന്നങ്ങൾക്കും നികുതി ഇളവുകൾ നൽകരുത്, യുപിഐ ഇടപാടുകൾക്ക് ചുമത്താൻ ഉദ്ദേശിക്കുന്ന ഫീസ് പൂർണമായി ഒഴിവാക്കുക, തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home