ജെഎൻയുവിന്റെ സമരനായിക; മലയാളികൾക്ക് അഭിമാനമായി ഗോപിക

അനീതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ ജെഎൻയു വിദ്യാർഥികളുടെ സമരവീര്യത്തിന് മുന്നിൽ സർവകലാശാല അധികൃതർക്ക് ഒടുവിൽ മുട്ടുമടക്കേണ്ടിവന്നു. വിദ്യാർഥി നേതാക്കൾക്കെതിരായ ശിക്ഷാനടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് 18 ദിവസം നീണ്ട നിരാഹാരസമരം വിജയം കണ്ടപ്പോൾ, ആ പോരാട്ടത്തിന്റെ മുൻനിരയിൽ മലയാളിയായ കെ ഗോപിക ബാബുവുമുണ്ടായിരുന്നു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ഗോപിക ജെഎൻയു വിദ്യാർഥി യൂണിയൻ വൈസ് പ്രസിഡന്റും എസ്എഫ്ഐ നേതാവുമാണ്. വിദ്യാർഥികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ ഉറച്ചുനിന്ന് ഗോപിക ജെഎൻയുവിന്റെ സമരമുഖത്തെ ശ്രദ്ധേയ സാന്നിധ്യമായി.
വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം
ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മലയാളികളുടെ അഭിമാനമായി മാറിയ നേതാവാണ് ഗോപിക. സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽനിന്ന് കൗൺസിലറായാണ് തെരഞ്ഞെടുക്കപ്പെട്ടത്. സമീപകാലത്ത് ഒരു സ്ഥാനാർഥിക്ക് ലഭിച്ച ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെയാണ് ഗോപികയുടെ വിജയം. തുടർന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ എബിവിപിയോട് നേരിട്ടുമത്സരിച്ചായിരുന്നു മിന്നും വിജയം. എബിവിപി വലിയ തോതിൽ ശ്രമിച്ചിട്ടും സോഷ്യൽ സയൻസസിലെ ഇടതുപക്ഷ മേൽക്കോയ്മ മറികടക്കാനായില്ലെന്നതും ചരിത്രം.
വിദ്യാർഥി രാഷ്ട്രീയത്തിനൊപ്പം അക്കാദമിക രംഗത്തും കലാരംഗത്തും ഒരുപോലെ മികവ് തെളിയിച്ച വ്യക്തിയാണ് ഗോപികയുടേത്. ഡൽഹി സർവകലാശാലയിൽനിന്ന് ബിരുദം നേടിയ ഗോപിക, ജെഎൻയുവിൽ സോഷ്യോളജിയിൽ സ്വർണമെഡലോടെയാണ് എംഎ പൂർത്തിയാക്കിയത്. നിലവിൽ ജെഎൻയുവിൽ ഗവേഷക വിദ്യാർഥിയാണ്.
ചിത്രകലയിൽനിന്ന് വിദ്യാർഥി രാഷ്ട്രീയത്തിലേക്ക്
ചിത്രകലയോടുള്ള താൽപ്പര്യമാണ് ഗോപികയെ എസ്എഫ്ഐയിലേക്ക് അടുപ്പിച്ചത്. വിദ്യാർഥി രാഷ്ട്രീയത്തിലേക്കുള്ള തന്റെ കടന്നുവരവിനെക്കുറിച്ച് ഒരിക്കൽ ദേശാഭിമാനിയോട് ഗോപിക പറഞ്ഞതിങ്ങനെ: "ഞാൻ ഒരു ചിത്രകാരിയാണ്. ചിത്രകലയോടുള്ള താൽപ്പര്യമാണ് എന്നെ എസ്എഫ്ഐയുമായി അടുപ്പിക്കുന്നത്."
ഡൽഹിയിലെ മിരാൻഡ ഹൗസ് കോളേജിൽ ബിരുദപഠനത്തിന് ചേർന്നപ്പോഴാണ് എസ്എഫ്ഐയുമായി ബന്ധം ആരംഭിച്ചത്. ഡൽഹിയിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച സാംസ്കാരികവേദിക്കുവേണ്ടി പോസ്റ്ററുകൾ ഡിസൈൻ ചെയ്തുനൽകിയായിരുന്നു തുടക്കം. കലാപ്രവർത്തനത്തിലൂടെ തുടങ്ങിയ ആ ബന്ധം പിന്നീട് സജീവ വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് വളർന്നു.
ചിത്രകാരിയെന്ന നിലയിലും ശ്രദ്ധേയമായ നേട്ടങ്ങൾ ഗോപിക സ്വന്തമാക്കിയിട്ടുണ്ട്. ബഹ്റൈനിലെ ന്യൂ ഇന്ത്യൻ സ്കൂളിൽ പഠിക്കുമ്പോഴാണ് ചിത്രകല അഭ്യസിക്കാൻ തുടങ്ങിയത്. ഗോപികയുടെ ചിത്രങ്ങൾ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിലടക്കം ഇടംനേടി. പ്രശസ്ത പ്രസിദ്ധീകരണമായ മന്ത്ലി റിവ്യൂ ഉൾപ്പെടെയുള്ളവയ്ക്കുവേണ്ടി ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ ട്രൈകോണ്ടിനെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ച് പ്രസിദ്ധീകരിച്ച കേരള ബദലിനെക്കുറിച്ചുള്ള ഗോപികയുടെ ചിത്രം വലിയ ചർച്ചയായി. ട്രൈകോണ്ടിനെന്റലുമായി ബന്ധപ്പെട്ട ചിത്രപ്രദർശനത്തിലും പങ്കെടുത്തു. വിവിധ ആർട്ട് എക്സിബിഷനുകളിലും ഗോപിക സജീവ സാന്നിധ്യമാണ്.
വേരുകൾ ഇരിങ്ങാലക്കുടയിൽ
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്കടുത്ത് പറപ്പൂക്കര പഞ്ചായത്തിലെ നെടുമ്പോൾ പള്ളിക്കുസമീപമാണ് ഗോപികയുടെ കുടുംബവീട്. അച്ഛൻ കെ ജി ബാബുവും അമ്മ ജുമയും ബഹ്റൈനിലാണ്. ഗോപികയുടെ സ്കൂൾ വിദ്യാഭ്യാസം മുഴുവൻ ബഹ്റൈനിലായിരുന്നു. പ്ലസ്ടു പഠനത്തിനുശേഷമാണ് ഉപരിപഠനത്തിനായി ഡൽഹിയിലെത്തിയത്.
ഡൽഹിയിലെ പ്രശസ്തമായ മിരാൻഡ ഹൗസ് കോളേജിൽനിന്ന് സോഷ്യോളജിയിൽ ബിഎ ഓണേഴ്സ് നേടി. തുടർന്ന് ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദപഠനത്തിന് ചേർന്നു. സ്വർണമെഡലോടെ എംഎ പൂർത്തിയാക്കിയ ഗോപിക ഇപ്പോൾ അതേ സർവകലാശാലയിൽ ഗവേഷണം തുടരുകയാണ്.
ഗോപികയുടെ ഇരട്ടസഹോദരി കെ ദേവിക ബാബുവും ഗവേഷണരംഗത്താണ്. പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ ഗവേഷക വിദ്യാർഥിനിയാണ് ദേവിക.
ജെഎൻയുവിൽ നിരാഹാരം
വിദ്യാർഥി യൂണിയൻ ഭാരവാഹികൾക്കെതിരായ റസ്റ്റിക്കേഷൻ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ മൂന്നുമുതലാണ് ഗോപിക ഉൾപ്പെടെയുള്ള വിദ്യാർഥികൾ നിരാഹാരസമരം ആരംഭിച്ചത്. 18 ദിവസം നീണ്ട സമരത്തിനൊടുവിൽ വിദ്യാർഥി പ്രതിനിധികൾക്കെതിരായ നടപടികൾ പിൻവലിക്കാൻ സർവകലാശാല അധികൃതർ തയ്യാറായി. വിദ്യാർഥികളുടെ മറ്റ് പ്രധാന ആവശ്യങ്ങളിലും അധികൃതരുമായി ധാരണയിലെത്തിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
സർവകലാശാലയിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങളിലും ചർച്ച നടന്നു. ജെഎൻയു പ്രവേശനപരീക്ഷയായ ജെഎൻയുഇഇ പുനഃസ്ഥാപിക്കുന്ന കാര്യം പരിശോധിക്കാൻ വിദ്യാർഥി പ്രതിനിധികൾ ഉൾപ്പെട്ട സമിതി രൂപീകരിക്കാമെന്ന് അധികൃതർ അറിയിച്ചു. വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയായി. വിദ്യാർഥി പ്രതിനിധികൾക്കെതിരായ ശിക്ഷാനടപടികൾ പിൻവലിപ്പിക്കാനായത് സമരത്തിന്റെ നിർണായക നേട്ടമായി.
ചിത്രകലയിൽനിന്ന് വിദ്യാർഥി രാഷ്ട്രീയത്തിലേക്കെത്തിയ ഗോപികയുടെ യാത്ര ഇന്ന് ജെഎൻയുവിലെ അവകാശപ്പോരാട്ടങ്ങളുടെ ചരിത്രത്തോടും ചേർന്നുനിൽക്കുന്നു. 18 ദിവസം നീണ്ട നിരാഹാരസമരത്തിലും മുന്നണിപ്പോരാളിയായി ഗോപിക നിലകൊണ്ടു. അനീതിക്കെതിരെ ശബ്ദമുയർത്തിയ വിദ്യാർഥികളുടെ കൂട്ടായ പോരാട്ടം വിജയം കണ്ടപ്പോൾ, ആ സമരത്തിന്റെ അമരത്തുനിന്ന മലയാളി പെൺകരുത്തും അഭിമാനമായി മാറുകയാണ്.








0 comments