തലസ്ഥാനത്തും കൊല്ലത്തും പെരുമഴ: വെള്ളക്കെട്ടും മഴക്കെടുതിയും: 8 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ. പലയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്. പുതിയ റഡാർ ചിത്രം പ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലയിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു.
തിരുവനന്തപുരത്ത് മലയോര മേഖലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. വിതുര, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളിൽ കനത്ത മഴ തുടരുകയാണ്. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വിവിധയിടങ്ങളിൽ റോഡുകളിൽ വെള്ളം കയറി. വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നു. മക്കിയാർ കരകവിഞ്ഞൊഴുകി. പേപ്പാറ, ആനപ്പാറ എന്നിവിടങ്ങളിലെ വീടുകളിലും വെള്ളം കയറി. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. വിതുര മരുതാമല മക്കി എന്ന പ്രദേശത്തു ആറ്റിൽ വെള്ളം കയറിയതിനെ തുടർന്ന് 8 ഓളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.
രാത്രി 11ന് അരുവിക്കര ഡാമിന്റെ 2, 3, 4, 5 എന്നീ ഷട്ടറുകൾ ഓരോന്നും 30 സെന്റിമീറ്റർ വീതം (നേരത്തെ ഉയർത്തിയ 80 സെന്റിമീറ്റർ ഉൾപ്പെടെ ആകെ 200 സെന്റിമീറ്റർ) ഉയർത്തും. ഡാമിന്റെ സമീപപ്രദേശങ്ങളിലുള്ളവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അഞ്ജു കെ എസ് അറിയിച്ചു.
കൊല്ലത്ത് ദേശീയപാത നിർമാണം പുരോഗമിക്കുന്ന സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ചാത്തന്നൂരിൽ സർവീസ് റോഡുകളിൽ വെള്ളം കയറി. ഗതാഗതം സ്തംഭിച്ച നിലയിലാണ്. കടകളിലും വെള്ളം കയറി. കഴിഞ്ഞ മൂന്ന് മണിക്കൂറുകളിലായി കൊല്ലത്ത ശക്തമായ മഴയാണ് ലഭിക്കുന്നത്. കടയ്ക്കൽ, കുണ്ടറ, എഴുകോൺ, കരുനാഗപ്പള്ളി മേഖലകളിൽ കനത്ത മഴ തുടരുകയാണ്.
നാളെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.








0 comments