തായ്‌ലൻഡിൽ ഖനനത്തിനിടെ 2,000 വർഷം പഴക്കമുള്ള സ്വർണ്ണ മോതിരങ്ങൾ കണ്ടെത്തി; മോതിരത്തിലുള്ളത് പുരാതന ഇന്ത്യൻ ലിപി

ബാങ്കോക്ക് : പടിഞ്ഞാറൻ തായ്‌ലൻഡിലെ പുതിയ പുരാവസ്തു മേഖലയിൽ നടത്തിയ ഖനനത്തിനിടെ ഏകദേശം 2,000 വർഷം പഴക്കമുള്ള രണ്ട് സ്വർണ്ണ മോതിരങ്ങൾ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. കഴിഞ്ഞയാഴ്ച ഫെച്ചബുരി പ്രവിശ്യയിലെ ഡോൺ യായ് തോങിൽ നടന്നുകൊണ്ടിരുന്ന ഖനനത്തിനിടെയാണ് മനുഷ്യ അസ്ഥികളോടൊപ്പം മോതിരങ്ങളും കണ്ടെത്തിയതെന്ന് തായ് സർക്കാരിന്റെ ഫൈൻ ആർട്സ് വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
വ്യാഴാഴ്ച കണ്ടെത്തിയ ഒരു മോതിരത്തിൽ പുരാതന ഇന്ത്യൻ എഴുത്തുരീതിയായ ബ്രാഹ്മി ലിപിയിലെ അക്ഷരങ്ങൾ കൊത്തിവച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. "പുഷ്യയാൽ സംരക്ഷിക്കപ്പെട്ടത്" എന്നർഥം വരുന്ന "പുസാരഖിതസ" എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വകുപ്പ് പറഞ്ഞു. ഇതേ അസ്ഥികൂട അവശിഷ്ടങ്ങൾക്കൊപ്പം കണ്ടെത്തിയ മറ്റൊരു മോതിരം പ്രത്യേക പാറ്റേണുകളില്ലാത്ത സാധാരണ സ്വർണ്ണ മോതിരമാണ്. 2500 വർഷങ്ങൾക്കു മുമ്പ് ഇന്ത്യയിൽ നിന്നെത്തിയ വ്യാപാരികളുടേതാകാം മോതിരമെന്നാണ് നിഗമനമെന്നും വകുപ്പ് വ്യക്തമാക്കി
തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഡോൺ യായ് തോങ്. ഈ വർഷം ആദ്യം ഒരു നെൽവയലിൽ നിന്ന് താമസക്കാർ പുരാതന വെങ്കല ഡ്രമ്മുകളുടെ കഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് പ്രദേശം പുരാവസ്തു വകുപ്പിന്റെ നിരീക്ഷണത്തിനു കീഴിലായത്. പിന്നീട് ഇവിടെ കൂടുതൽ ഖനനം ആരംഭിച്ചു. ഏകദേശം 1,500 മുതൽ 2,500 വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന ഇരുമ്പുയുഗം എന്നും അറിയപ്പെടുന്ന മനുഷ്യവാസ കാലഘട്ടത്തിൽ സജീവമായിരുന്ന പ്രദേശമാണ് ഡോൺ യായ് തോങ്.
ഫെബ്രുവരി മുതൽ, പുരാവസ്തു ഗവേഷകർ എട്ട് മനുഷ്യ അസ്ഥികൂടങ്ങൾ, വെങ്കല, സ്വർണ്ണ ആഭരണങ്ങൾ, മൺപാത്രങ്ങൾ, സമൂഹത്തിലെ ഉയർന്ന വിഭാഗങ്ങളിലെ അംഗങ്ങളുടെയോ സമ്പന്നരുടെയോ ആചാരപരമായ ശവസംസ്കാരം സൂചിപ്പിക്കുന്ന മറ്റ് പുരാവസ്തുക്കൾ എന്നിവ പ്രദേശത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ പ്രദേശത്തെ ഖനനം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും കണ്ടെത്തിയ വസ്തുക്കൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാൻ പദ്ധതിയുണ്ടെന്നും ഫൈൻ ആർട്സ് വകുപ്പ് അറിയിച്ചു.











0 comments