'ട്രംപ് മൊബൈൽ' എത്തിയില്ല; 6 ലക്ഷത്തോളം പേരുടെ പണം പോയി; കോടികളുടെ തട്ടിപ്പ് വിവാദത്തിൽ!

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മക്കളായ ട്രംപ് ജൂനിയറും എറിക് ട്രംപും ചേർന്ന് പ്രഖ്യാപിച്ച 'ട്രംപ് മൊബൈൽ' (T1 Phone) പദ്ധതി വൻ വിവാദത്തിലേക്ക്. ഗോൾഡ് ആൻഡ്രോയിഡ് ഫോണിനായി പണമടച്ച ആറ് ലക്ഷത്തോളം ഉപഭോക്താക്കൾ വഞ്ചിക്കപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങൾ. 59 മില്യൺ ഡോളറിലധികം (ഏകദേശം 500 കോടി രൂപ) ഇതിനകം കമ്പനി കൈക്കലാക്കിയെങ്കിലും ഒരു ഫോൺ പോലും ഇതുവരെ വിതരണം ചെയ്തിട്ടില്ല.
വാഗ്ദാനങ്ങൾ പാളി; ഫോൺ എവിടെ?
2025 ജൂണിലാണ് ന്യൂയോർക്കിലെ ട്രംപ് ടവറിൽ വച്ച് ട്രംപ് ജൂനിയറും എറിക് ട്രംപും ചേർന്ന് ഈ സംരംഭം പ്രഖ്യാപിച്ചത്. ഡോണൾഡ് ട്രംപിന്റെ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചായിരുന്നു ഈ ലോഞ്ച്. ആപ്പിളിന്റെ ഐഫോണിനും സാംസങ്ങിനും ഒരു 'അമേരിക്കന്‍ സ്വന്തം ബദൽ' എന്ന നിലയിലാണ് ട്രംപ് മൊബൈൽ അവതരിപ്പിക്കപ്പെട്ടത്. കമ്പനിയുടെ കണക്കുകൾ പ്രകാരം ഏകദേശം 5.9 ലക്ഷം ആളുകൾ 100 ഡോളർ വീതം മുൻകൂറായി നൽകി ഫോൺ ബുക്ക് ചെയ്തിട്ടുണ്ട്. എന്നാൽ 2026 മെയ് മാസമായിട്ടും ഒരാൾക്ക് പോലും ഫോൺ ലഭിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചൈനയിലാണ് ഇതിന്റെ നിർമാണം നടക്കുന്നതെന്നാണ് സൂചന. മാത്രമല്ല, വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഫോണിന്റെ ചിത്രങ്ങൾ സാംസങ് ഗാലക്‌സി ഫോണിന്റെ ലോഗോ മാറ്റി ഫോട്ടോഷോപ്പ് ചെയ്തതാണെന്നും ആരോപണമുയർന്നിട്ടുണ്ട്. വിതരണ തീയതിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് ട്രംപ് മൊബൈൽ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. വാഗ്ദാനം ലംഘിക്കപ്പെട്ടതോടെ സമൂഹമാധ്യമങ്ങളിൽ കമ്പനിക്കെതിരെ പ്രതിഷേധം ശക്തമാണ്. പലരും വഞ്ചനാക്കുറ്റത്തിന് നിയമനടപടികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ്.










0 comments