മറക്കില്ല, കണ്ണീരും ചോരയുമൊഴുകിയ ദുഃഖവെള്ളി; കടലുണ്ടി തീവണ്ടിയപകടത്തിന് കാൽനൂറ്റാണ്ട്; അപകടകാരണം ഇന്നും അജ്ഞാതം


സ്വന്തം ലേഖകൻ
Published on Jun 22, 2026, 09:30 AM | 1 min read
ഫറോക്ക് : മഴയിൽ കുതിർന്ന 2001 ജൂലൈ 22, കണ്ണീരും രക്തവും കൂടിക്കലർന്ന് കടലുണ്ടിപ്പുഴ ഒഴുകിയ ദുഃഖവെള്ളിയാഴ്ച. നടുക്കുന്ന ഓർമകൾക്കിന്ന് കാൽനൂറ്റാണ്ട്. പെരുമൺ ദുരന്തത്തിനുശേഷം ഏറ്റവും കൂടുതൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ട ഈ അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ ഇപ്പോഴും ഇന്ത്യൻ റെയിൽവേക്ക് സാധിച്ചിട്ടില്ല.
മംഗളൂരുവിൽനിന്ന് പുറപ്പെട്ട 6602 മംഗളൂരു -ചെന്നൈ എക്സ്പ്രസ് (ചെന്നൈ മെയിൽ) പാലത്തിൽനിന്ന് കടലുണ്ടിപ്പുഴയിലേക്ക് പതിക്കുകയായിരുന്നു. 52 ജീവനുകൾ പൊലിഞ്ഞു. 222 പേർ ഗുരുതരവും അല്ലാതെയുമുള്ള പരിക്കുകളുമായി രക്ഷപ്പെട്ടു.
കോഴിക്കോട്ടുനിന്ന് 4.45ന് പുറപ്പെട്ട് ഫറോക്ക് സ്റ്റേഷനും പിന്നിട്ട് 5.10നാണ് കടലുണ്ടിപ്പാലത്തിലൂടെ തീവണ്ടിയുടെ 12 ബോഗികൾ കടന്നുപോയത്. പിന്നിലുണ്ടായിരുന്ന ആറ് ബോഗികളാണ് പുഴയിൽ പതിച്ചത്. എസ്4, എസ്5, എസ്7 ബോഗികൾ പുഴയുടെ അടിത്തട്ടിൽ താണു. ഒരെണ്ണം പാലത്തിൽ തൂങ്ങിനിന്നപ്പോൾ രണ്ടെണ്ണം മണൽത്തിട്ടയിലും പതിച്ചു.
രക്ഷാപ്രവർത്തകരുടെ സമയോചിത ഇടപെടലാണ് മരണക്കയത്തിലേക്ക് പോവുകയായിരുന്ന പലരെയും ജീവിതത്തിന്റെ കരയിലേക്ക് തിരികെ കൊണ്ടുവന്നത്. കടലുണ്ടിപ്പുഴയിലെ പൂഴിത്തൊഴിലാളികൾ, മീൻപിടിത്തക്കാർ, കടലിലും പുഴയിലും കടുക്ക വാരുന്നവർ, ചുമട്ടുതൊഴിലാളികൾ, വിദ്യാർഥികൾ, വയോധികർ... ഓടിയെത്തിയവരെല്ലാം രക്ഷാപ്രവർത്തകരായിരുന്നു. രക്ഷപ്പെട്ട യാത്രക്കാർപോലും സഹയാത്രികരുടെ രക്ഷകരായി. ബേപ്പൂരിലെ മാപ്പിള ഖലാസികളും പങ്കാളികളായി.
43 പേർക്കാണ് സംഭവദിവസം ജീവൻ നഷ്ടമായത്. ഒമ്പതുപേർക്ക് ചികിത്സയിലിരിക്കെയും ജീവൻ നഷ്ടമായി. നിരവധിപേർ ജീവിതകാലം മുഴുവൻ ദുരിതക്കിടക്കയിൽ കഴിഞ്ഞു. അപകടത്തിനിരയായവരും യാത്രികരായിരുന്നവരും ദൃക്സാക്ഷികളുമടക്കമുള്ളവർ ഇന്നും ജീവിച്ചിരിക്കുന്നു. നടുക്കം മാറാത്ത ഓർമയുമായി.









0 comments