അമ്മയിലെ കൂട്ടരാജി ചരിത്രപരം, നീതി ലഭിച്ചു; അതിജീവിതമാരെ തിരിച്ചെത്തിക്കണം: അൻസിബ ഹസൻ

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതിയിലെ കൂട്ടരാജി ചരിത്രപരമായ നീക്കമാണെന്നും സംഘടനയിൽനിന്ന് മുൻപ് പടിയിറങ്ങേണ്ടി വന്ന അതിജീവിത ഉൾപ്പെടെയുള്ള മുഴുവൻ പേരെയും ആദരവോടെ തിരിച്ചെത്തിക്കണമെന്നും നടി അൻസിബ ഹസൻ. ഭരണസമിതിയുടെ കൂട്ടരാജിയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കുറച്ചെങ്കിലും നീതി ലഭ്യമായി എന്ന് തന്നെയാണ് കരുതുന്നത്. ഇന്നത്തെ ദിവസം വലിയ സന്തോഷം നൽകുന്നതാണെന്നും അൻസിബ വ്യക്തമാക്കി.
അതേസമയം, സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ഭരണസമിതിക്ക് കൃത്യമായ കണക്കുകൾ അവതരിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് അൻസിബ ചൂണ്ടിക്കാട്ടി. വീഴ്ചകൾ മറയ്ക്കാനായി കണക്ക് അവതരിപ്പിക്കാൻ 45 ദിവസത്തെ സമയം ചോദിച്ചത് തികച്ചും ബാലിശമാണ്. ജനറൽ ബോഡി യോഗത്തിനിടെ തന്നെ താൻ സ്റ്റേജിൽ കയറി രാജി സന്നദ്ധത അറിയിച്ചിരുന്നതായും അൻസിബ കൂട്ടിച്ചേർത്തു.
യോഗത്തിൽ ഉയർന്ന രൂക്ഷമായ തർക്കങ്ങൾക്കും വാക്കേറ്റത്തിനുമൊടുവിൽ വാർഷിക റിപ്പോർട്ട് പാസാക്കാൻ അംഗങ്ങൾ കൂട്ടാക്കിയില്ല. തുടർന്നാണ് കണക്കുകൾ കൃത്യമാക്കാൻ 45 ദിവസം കൂടി വേണമെന്ന ആവശ്യവുമായി ശ്വേതാ മേനോൻ രംഗത്തെത്തിയത്. എന്നാൽ, അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ശ്വേതാ മേനോൻ ഉൾപ്പെടെ ഭരണസമിതിയിലെ 17 അംഗങ്ങളും കൂട്ടത്തോടെ രാജിവെയ്ക്കാൻ നിർബന്ധിതരാവുകയായിരുന്നു.









0 comments