ക്രൂ 10 പസഫിക്കിൽ; ദൗത്യ സംഘം വിജയകരമായി ഭൂമിയിലേക്ക് തിരിച്ചെത്തി

ഫ്ലോറിഡ: ക്രൂ10 ഡ്രാഗൺ പേടകദൗത്യം വിജയകരം. പേടകം സുരക്ഷിതമായി തിരിച്ചിറക്കി. പസഫിക് സമുദ്രത്തിലാണ് പേടകം തിരിച്ചിറങ്ങിയത്. ബഹിരാകാശ നിലയത്തിൽ അഞ്ച് മാസം തങ്ങിയതിന് ശേഷമാണ് ദൗത്യ സംഘത്തിന്റെ മടക്കം. നാല് പേരാണ് ദൗത്യ സംഘത്തിലുണ്ടായിരുന്നത്.
മാർച്ച് 14ന് പുലർച്ചെ 4.33നാണ് കെന്നഡി സ്‌പെയ്സ് സെന്ററിൽ നിന്ന് ക്രൂ-10 ഡ്രാഗൺ പേടകം വിക്ഷേപിച്ചത്. എൻഡ്യൂറൻസ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ക്രൂ ഡ്രാഗൺ കാപ്സ്യൂൾ പസഫിക് സമുദ്രത്തിൽ കാലിഫോർണിയ തീരത്ത് പ്രാദേശിക സമയം രാവിലെ 11:33 നാണ് ലാൻഡ് ചെയ്തത്. ആനി മക്‌ലിൻ, നിക്കോളാസ് അയേഴ്‌സ് (നാസ), ടക്കുയ ഒനിഷി (ജപ്പാൻ), കിറിൽ പെസ്കോവ് (റഷ്യ) എന്നിവരാണ് ദൗത്യസംഘത്തിലുള്ളത്.
ജീവിതത്തിലെ ഏറ്റവും മികച്ച യാത്രയായിരുന്നുവെന്നും മുഴുവൻ ക്രൂ-10 ന്റെയും ഭാഗത്തുനിന്ന് നന്ദി അറിയിക്കുന്നതായും ലാൻഡ് ചെയ്ത ശേഷം നാസ ബഹിരാകാശയാത്രികയും ഡ്രാഗൺ കമാൻഡറുമായ ആനി മക്‌ലിൻ പറഞ്ഞു. നാസയും സ്‌പേയ്സ് എക്‌സും സംയുക്തമായാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.
ബഹിരാകാശയാത്രികരിൽ ബഹിരാകാശത്തെ സാഹചര്യങ്ങൾ മൂലമുണ്ടാകുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങൾ, തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്കുള്ള രക്തയോട്ടം, ഭാവിയിലെ ചാന്ദ്ര നാവിഗേഷൻ സാങ്കേതിക വിദ്യകൾ തുടങ്ങിയവയെ കുറിച്ചാണ് സംഘം പഠനം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച സ്‌പേസ് എക്‌സിന്റെ നാല് പേരടങ്ങുന്ന ക്രൂ 11 ദൗത്യം ബഹിരാകാശ നിലയത്തിൽ എത്തിയതോടെയാണ് ക്രൂ 10 ന്റെ മടക്കം.









0 comments