വീണ്ടും പിഴച്ചു, സ്പേസ് എക്സ് ഉപഗ്രഹ അവശിഷ്ടങ്ങൾ ഇന്ത്യൻ മഹാ സമുദ്രത്തിൽ

space X
വെബ് ഡെസ്ക്

Published on May 28, 2025, 11:04 AM | 1 min read

വാഷിങ്ടണ്‍: സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായുള്ള  ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും ലക്ഷ്യം കാണാതെ ശൂന്യാകാശത്ത് പൊട്ടിച്ചിതറി. പേലോഡ് വാതില്‍ തുറക്കാത്തതിനാൽ ഡമ്മി ഉപഗ്രഹങ്ങൾ പുറത്ത് എത്തിക്കാൻ കഴിഞ്ഞില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് സ്റ്റാര്‍ഷിപ്പ് പതിച്ചത്. എവിടെയാണെന്ന് കണ്ടെത്തിയിട്ടില്ല എന്നാണ് സ്‌പേസ് എക്‌സ് അറിയിച്ചത്.  

 

പുലര്‍ച്ചെ ഇന്ത്യന്‍ സമയം അഞ്ച് മണിക്കായിരുന്നു സൗത്ത് ടെക്സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നിന്ന് സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. ജനുവരിയില്‍ നടന്ന ഏഴാം സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണവും മാര്‍ച്ച് ആറിന് നടന്ന എട്ടാം പരീക്ഷണവും സ്‌പേസ് എക്സിന് വിജയിപ്പിക്കാനായിരുന്നില്ല. സ്റ്റാര്‍ഷിപ്പിന്റെ അവശിഷ്ടങ്ങൾ ബഹാമാസ്, ടര്‍ക്‌സ്-കൈകോസ് ദ്വീപുകള്‍ക്ക് മുകളിൽ എത്തിയത് ഭീതി പരത്തിയിരുന്നു. ഇത്തവണ ആശങ്ക ഒഴിവാക്കാന്‍ വ്യോമഗതാഗതം കുറവുള്ള സമയത്താണ് പരീക്ഷണം നടത്തിയത്.


2025 ജനുവരിയിലാണ് ഇലോൺ മസ്കിന്റെ ഏഴാം സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണം നടന്നത്. മാര്‍ച്ച് ആറിലെ എട്ടാം പരീക്ഷണവും സ്പേസ് എക്‌സിന് വിജയിപ്പിക്കാനായില്ല. ഇത് അഗ്നിഗോളമായതോടെ സമീപത്തെ നാല് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. 240 വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടപ്പോള്‍ രണ്ട് ഡസനിലധികം വിമാനങ്ങള്‍ വഴിതിരിച്ച് വിടേണ്ടിയും വന്നു. സ്റ്റാര്‍ഷിപ്പ് ഫ്ലൈറ്റ് എട്ടിന് 885 നോട്ടിക്കല്‍ മൈലായിരുന്നു എയര്‍ക്രാഫ്റ്റ് ഹസാര്‍ഡ് സോണ്‍. ഇത്തവണത്തെ പരീക്ഷണ വിക്ഷേപണത്തിന് 1,600 നോട്ടിക്കല്‍ മൈലാക്കി വര്‍ധിപ്പിച്ചു.



ഇന്ധന ചേർച്ച, പേലോഡ് തുറന്നില്ല


പേലോഡ് ഡോര്‍ പൂര്‍ണമായി തുറക്കാന്‍ സാധിക്കാതെ വന്നതായിരുന്നു ആദ്യത്തെ പ്രശ്‌നം. ഇതോടെ വിക്ഷേപണ വാഹനത്തിൽ ഘടിപ്പിച്ചിരുന്ന സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ എട്ട് എണ്ണവും പുറത്തിറക്കാൻ കഴിഞ്ഞില്ല. അതിനിടെ, ബഹിരാകാശ പേടകം കറങ്ങാന്‍ തുടങ്ങിയതായി തത്സമയ സംപ്രേക്ഷണത്തിനിടെ സ്‌പേസ്എക്‌സ് കമന്റേറ്റര്‍ സൂചനകള്‍ നല്‍കി. ചിന്നിച്ചിതറുന്നതിന് മുമ്പ് നിയന്ത്രണവും ആശയവിനിമയവും നഷ്ടപ്പെട്ടു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലാണ് ചിതറിയത്.



deshabhimani section

Related News

View More
0 comments
Sort by

Home