തെറ്റുകളിൽ നിന്നും പഠിക്കാം; സ്പേസ് എക്സ് പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങിയത് അവസരമാക്കി ശാസ്ത്രലോകം

Photo Credit: NASA
സ്പേസ് എക്സ് പേടകത്തിന്റെ അവശിഷ്ടങ്ങൾ അബദ്ധത്തിൽ ചന്ദ്രനിലേക്കിടിച്ചിറങ്ങിയത് അപൂർവ ഗവേഷണ അവസരമായാണ് ശാസ്ത്രലോകം കാണുന്നത്. ഐൻസ്റ്റീൻ ഗർത്തത്തിന് സമീപമുണ്ടായ അപകടത്തിൽ ചന്ദ്ര പ്രതലത്തിൽ വലിയൊരു ഗർത്തം രൂപപ്പെട്ടു. സ്ഥിതിഗതികൾ നാസയിലെ ശാസ്ത്രജ്ഞർ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഭാവി ദൗത്യങ്ങൾക്ക് സഹായകരമായ രീതിയിൽ ഈ അപകടത്തിൽ നിന്ന് പഠനങ്ങൾ നടത്തുകയെന്നതാണ് ലക്ഷ്യം.
ചന്ദ്രനിൽ ഉപഗ്രഹാവശിഷ്ടങ്ങൾ പതിച്ചതിലൂടെ എന്തെല്ലാം സംഭവിച്ചെന്നും, എത്ര ആഴത്തിലാണ് ഗർത്തം രൂപപ്പെട്ടതെന്നും ചന്ദ്രോപരിതലത്തിൽ പൊടിപടലങ്ങളും പാറക്കല്ലുകളും എത്ര ദൂരത്തിലേക്ക് തെറിച്ചുപോയെന്നുമുള്ള പഠനങ്ങൾ നടക്കും. പേടകം ഇടിച്ചതുവഴി ചന്ദ്രോപരിതലത്തിൽ പ്രകമ്പനങ്ങളെ ഭൂകമ്പമോ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും. ചന്ദ്രനിൽ സുരക്ഷിതമായ പേടകങ്ങളും താവളങ്ങളും രൂപകൽപ്പന ചെയ്യാൻ എൻജിനീയർമാർക്ക് ഈ വിവരങ്ങൾ ഉപകാരപ്പെടും. ചന്ദ്രന്റെ രൂപീകരണത്തെക്കുറിച്ചുള്ള പുതിയ സൂചനകളും ഇവയിൽ നിന്ന് ലഭിച്ചേക്കാം.
അഞ്ച് നില കെട്ടിടത്തിന്റെ വലിപ്പമുള്ള, 4000 ടൺ ഭാരമുള്ള പേടകത്തിന്റെ ഭാഗമാണ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയത്. ഇന്ത്യൻ സമയം പുലർച്ചെ 12.05ഓടെയാണ് പേടക ഭാഗം പതിച്ചത്. 2025 ജനുവരിയിൽ നാസയുടെ ചാന്ദ്ര ദൗത്യം ആർട്ടെമിസിന്റെ ഭാഗമായി അമേരിക്കൻ കമ്പനിയായ ഫയർഫ്ലൈ എയ്‌റോസ്‌പേസിൽ നിന്ന് വിക്ഷേപണം ചെയ്ത ഫാൽക്കൺ 9 പേടകത്തിന്റെ ഭാഗമാണ് ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങിയത്.
കഴിഞ്ഞ വർഷം മുതൽ ബഹിരാകാശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പേടകഭാഗം. അപ്രതീക്ഷിതമായാണ് ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങിയതെന്നും ഭൂമിയെ ഈ അപകടം പ്രതികൂലമായി ബാധിക്കില്ലെന്നുമാണ് നാസ പറയുന്നത്. ഏകദേശം 8,690 കിലോമീറ്റർ വേഗത്തിലാണ് പേടകം ചന്ദ്രനിലേക്ക് പതിച്ചത്. കൂട്ടിയിടിയിൽ ഏകദേശം 60 അടി വീതിയും 12 അടി ആഴവുമുള്ള ഗർത്തം രൂപപ്പെട്ടതായാണ് വിവരം. പൊടിയും പാറയും വൻതോതിൽ പുറന്തള്ളപ്പെട്ടതായി നാസ അറിയിച്ചു. ദക്ഷിണ കൊറിയയുടെ 'ദനൂരി' ഓർബിറ്ററും നാസയുടെ ആളില്ലാ പേടകവും ആഘാത സ്ഥലം നിരീക്ഷിക്കുകയും ഫോട്ടോകൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്.
സാധാരണയായി വിക്ഷേപണത്തിന് ശേഷം ഘട്ടങ്ങൾ പൂർത്തിയാകുന്നതനുസരിച്ച് പേടകത്തിന്റെ ഭാഗങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ വീഴും. ഭ്രമണപഥത്തിലെ കൃത്യമായ സ്ഥലത്തെത്തുമ്പോൾ പേടക ഭാഗങ്ങൾ കത്തി തീരുകയോ സമുദ്രത്തിലേക്ക് വീഴുകയോയാണ് ചെയ്യുന്നത്. എന്നാൽ ഫാൽക്കൺ 9 പേടകത്തിന്റെ ഭാഗം ആവശ്യമായ തള്ളൽ ശക്തിയില്ലാത്തതിനാൽ ബഹിരാകാശത്ത് തന്നെ തുടരുകയായിരുന്നു.
ബഹിരാകാശത്ത് സമാനരീതിയിൽ ഉപയോഗശൂന്യമായ നിരവധി വസ്തുക്കളുള്ളതായാണ് കണക്കുകൂട്ടൽ. ഇത്തരം അനിയന്ത്രിതമായ കൂട്ടിയിടികൾ ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണങ്ങൾക്കും ചാന്ദ്ര ദൗത്യങ്ങൾക്കും വലിയ ഭീഷണിയാണ്. മനുഷ്യന് ചന്ദ്രനിൽ ആഴ്ചകളോ മാസങ്ങളോ താമസിക്കാനുള്ള പരീക്ഷണങ്ങളാണ് ഇപ്പോൾ ആസൂത്രണം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ചരിത്രപ്രധാനമായ അപ്പോളോ സൈറ്റുകളിലോ ബഹിരാകാശത്തുള്ള മറ്റ് ഉപകരണങ്ങളിലേക്കോ ഇത്തരം ഉപയോഗശൂന്യമായ പേടകങ്ങൾ ഇടിച്ചിറങ്ങുമെന്ന ആശങ്കയും ഇതോടെ ബലപ്പെടുകയാണ്. എങ്കിലും തെറ്റുകളിൽ നിന്ന് കൂടുതൽ പഠിക്കാമെന്നും കൃത്യമായ നിരീക്ഷണങ്ങളിലൂടെ ഭാവി പരീക്ഷണങ്ങളെ ഉത്തേജിപ്പിക്കുന്ന കണ്ടെത്തലുകൾ ഉണ്ടാകുമെന്നും ശാസ്ത്രലോകം കരുതുന്നു.










0 comments