ഞങ്ങളുടെ കണ്ണീരിന് വിലയില്ലേ... കടലിൽ കാണാതായത് മൂന്നു ജീവനുകൾ; കരയിൽ നിസ്സംഗതയോടെ സർക്കാർ

ദുരന്തം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താതെ സർക്കാർ. വ്യത്യസ്ത സംഭവങ്ങളിലായി 3 പേരെയാണ് കടലിൽ കാണാതായത്. ദുരന്തമുണ്ടായി 6 ദിവസം പിന്നിടുമ്പോഴും ഇവർക്കായുള്ള തെരച്ചിലിൽ യാതൊരു പുരോഗതിയുമില്ല. വിഴിഞ്ഞത്ത് കാണാതായ ജോൺ മത്യാസ്, മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഷിജിൻ, നീണ്ടകരയിൽ അപകടത്തിൽപ്പെട്ട ഗൗതം കൃഷ്ണ എന്നിവർക്കായുള്ള തെരച്ചിലിലാണ് സർക്കാർ അലംഭാവം തുടരുന്നത്. ദുരന്തസമയത്ത് ഒപ്പമുണ്ടാകേണ്ടവർ തന്നെ ആട്ടിയകറ്റുന്നതിന്റെ കൂടി ദുരിതവും സങ്കടവും പേറുകയാണ് കാണാതായവരുടെ കുടുംബങ്ങൾ.
വെള്ളിയാഴ്ചയാണ് മൂവരെയും കാണാതായത്. വിഴിഞ്ഞത്തുനിന്ന് 18 കിലോമീറ്റർ അകലെ കടലിൽ വലയിടുമ്പോഴാണ് രാത്രി 1.30ഓടെ ശക്തമായ കാറ്റിലും തിരയിലുംപെട്ട് ജോൺ മത്യാസിന്റെ വള്ളം മറിഞ്ഞത്. ഒപ്പമുണ്ടായിരുന്ന മനോജ്, സജു, ദീപു, ഷാജി എന്നിവരെ മറ്റ് വള്ളങ്ങളിൽ വന്നവർ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ ജോണിനെ കണ്ടെത്താനായില്ല. എന്നാൽ വിവരമറിയിച്ചിട്ടും ജോണിനായുള്ള രക്ഷാപ്രവർത്തനം ഏറെ വൈകി. ഇന്ധനമില്ലാത്തതിനാൽ ഫിഷറീസ് വകുപ്പിന്റെ മറൈൻ ആംബുലൻസ് ബോട്ട് ഉപയോഗിക്കാനാകില്ലെന്നാണ് അധികൃതർ നൽകിയ മറുപടി. പ്രതിഷേധം ശക്തമായതോടെ ഇന്ധനം എത്തിച്ചശേഷമാണ് മറൈൻ ആംബുലൻസ് കടലിലിറക്കിയത്. വെള്ളി രാത്രിയാണ് അപകടം ഉണ്ടായതെങ്കിലും ചൊവ്വ വൈകിട്ട് മാത്രമാണ് വള്ളം മറിഞ്ഞ സ്ഥലം തിരിച്ചറിയാൻ സാധിച്ചത്. എന്നാൽ ആറ് ദിവസമായിട്ടും ഫിഷറീസും തീരദേശ പൊലീസും ആഴക്കടലിലേക്ക് പോയിട്ടില്ല.

കലക്ടറുമായോ മറ്റ് ഉന്നത അധികാരികളുമായോ നിരന്തരം ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആരും സംസാരിക്കാൻ തയാറാകുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ബന്ധു ആശുപത്രിയിലായപ്പോൾ ഹെലികോപ്റ്ററിൽ പോയ മുഖ്യമന്ത്രി ഞങ്ങളുടെ വിഷമം മനസിലാക്കുന്നില്ലെന്നാണ് ജോണിന്റെ മകൾ ജിജി വിതുമ്പിയത്. തിരച്ചിലിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നു മാത്രമല്ല, ഒരു വാക്കുകൊണ്ടുപോലും ആശ്വസിപ്പിക്കാനോ ഒപ്പമുണ്ടെന്ന് പറയാനോ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎയും അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രമിക്കുന്നില്ലെന്നും കുടുംബം വേദനയോടെ പറയുന്നു. കഴിഞ്ഞ ദിവസം ജോണിന്റെ വീട്ടിലെത്തിയ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി ഇടപെട്ടപ്പോൾ മാത്രമാണ് കലക്ടർ കുട്ടികളോട് സംസാരിക്കാൻ തയാറായത്.
അപകടം നടന്ന് ഇത്രദിവസമായിട്ടും ഉന്നത ഉദ്യോഗസ്ഥർപോലും സ്ഥലത്തെത്തുകയോ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയോ ചെയ്യുന്നില്ല. നിരന്തരമായി ആക്ഷേപമുന്നയിക്കുമ്പോൾ മാത്രം പേരിനായി തെരച്ചിലിനിറങ്ങുകയാണ് ഉദ്യോഗസ്ഥർ. ബുധനാഴ്ച കോസ്റ്റ് ഗാർഡ് തിരച്ചിലിനായി കപ്പലിറക്കിയത് പകൽ രണ്ടോടെയാണ്. ചൊവ്വാഴ്‌ച കൊച്ചിയിൽനിന്ന് പുറപ്പെട്ട മറ്റൊരു കപ്പലും ഉച്ചയോടെയാണ് അപകടസ്ഥലത്തെത്തിയത്. മത്സ്യത്തൊഴിലാളികൾ മാത്രമാണ് തിരച്ചിലിനായി കുടുംബത്തിനൊപ്പമുള്ളത്. അഞ്ചംഗ കുടുംബത്തിന്റെ ഏക ആശ്രമായിരുന്നു ജോൺ. അച്ഛനെ കണ്ടെത്തുന്നതിലുള്ള അലംഭാവത്തെപ്പറ്റി വികാരാധീനയായ മകൾ ജിജിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് കോൺഗ്രസ് പട അഴിച്ചുവിടുന്നത്. ന്യൂനപക്ഷ വിഭാഗമായതിനാൽ മത്സ്യത്തൊഴിലാളികളുടെ ജീവന് സർക്കാർ പുല്ലുവിലയാണ് കൽപ്പിക്കുന്നതെന്നാണ് ജിജി പറഞ്ഞത്.

കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട് മരിച്ച കല്ലിയൂർ സ്വദേശി രാജേഷിന്റെ വീട്ടിൽ മുഖ്യമന്ത്രി എത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത് പുല്ലുവിളയിലുള്ള ജോണിന്റെ വീട്ടിലെത്തുകയോ കുടുംബത്തെ ആശ്വസിപ്പിക്കുകയോ ചെയ്‌തില്ല. ആകാശ തിരച്ചിലും കാര്യക്ഷമമായി നടക്കുന്നില്ല. കാറ്റും മഴക്കോളുമുള്ളപ്പോഴുള്ള തിരച്ചിൽ ഫലപ്രദമല്ല. എന്നാൽ നല്ല കാലാവസ്ഥയുള്ളപ്പോൾ പോലും ആകാശ തിരച്ചിൽ നടത്തുന്നില്ല. വിവരങ്ങൾ വീഴ്ചയില്ലാതെ ഉടനടി അറിയിക്കാമെന്ന് കുടുംബത്തിന് ഉദ്യോഗസ്ഥർ നൽകിയ ഉറപ്പും പാലിച്ചില്ല. കോസ്റ്റ്ഗാർഡ്, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവർ തിരച്ചിൽ നടത്തുന്നുണ്ടെന്നും നേവിയുടെ സഹായം തേടി കത്ത് നൽകിയതായും അധികൃതർ പറയുന്നുണ്ടെങ്കിലും തികഞ്ഞ അലംഭാവം വ്യക്തമാണ്.
ശ്വാസം മുട്ടി പിടഞ്ഞിട്ടും നോക്കിയില്ല...
മുതലപ്പൊഴിയിൽ വെള്ളി രാത്രി ഒമ്പതോടെയാണ് കൂറ്റൻ തിരയിലും കാറ്റിലും പെട്ട് വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശി ഷിജിനെ കാണാതായത്. പുത്തൻമണ്ണ് ലക്ഷംവീട് സ്വദേശി ജോസിന്റെ വള്ളത്തിലാണ് ഇവർ പോയിരുന്നത്. ഷിജിനും ഫ്രീമോനും സ്മിത്തും ബോട്ടുടമ ജോസുമാണ് വെള്ളി വൈകിട്ട് മൂന്നരയോടെ മീൻപിടിക്കാൻ പുറംകടലിൽ പോയത്. രക്ഷപ്പെട്ടത് അഞ്ചുതെങ്ങ് സ്വദേശികളായ ജോസും സ്മിത്തുംമാത്രം. രാത്രി ഒമ്പതോടെ മീനുമായി തിരികെ അഴിമുഖ മുനമ്പ് കടക്കുമ്പോഴാണ് തിരയിൽപ്പെട്ടത്. ഷിജിനും ഫ്രീമോനും കടലിലേക്ക് വീണെങ്കിലും ഒരാൾ അഴിമുഖത്തിനുസമീപത്തെ പാറയിൽ പിടിച്ചു. കടൽ പ്രക്ഷുബ്‌ധമായതിനാൽ വെള്ളത്തിൽച്ചാടി അവരെ രക്ഷപ്പെടുത്താനായില്ല. കരയിൽനിന്ന് മീൻപിടിക്കുകയായിരുന്ന ചിലർ നിലവിളികേട്ട് നീളംകൂടിയ ചൂണ്ടക്കമ്പ് എറിഞ്ഞ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അടിയൊഴുക്കിൽപ്പെട്ട് ഇരുവരും മുങ്ങിത്താണു. ജോസും സ്മിത്തും ചരിഞ്ഞ വള്ളത്തിൽപ്പിടിച്ച് കിടന്നു. സമീപത്തുണ്ടായിരുന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികൾ വള്ളം ഉയർത്തിയാണ് ഇവരെ രക്ഷിച്ചത്. അവിടെയുണ്ടായിരുന്ന കോസ്റ്റൽ പൊലീസ് രണ്ട് ലൈഫ്ബോയ നൽകി മത്സ്യത്തൊഴിലാളികളോടുതന്നെ രക്ഷാപ്രവർത്തനം നടത്താൻ പറയുകയായിരുന്നു.

തിരച്ചിൽ നടത്താൻ മത്സ്യത്തൊഴിലാളികൾ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽച്ചെന്ന് ആവശ്യപ്പെട്ടപ്പോൾ അവർ "ഞങ്ങൾ എന്ത് ചെയ്യാൻ ' എന്ന് കൈമലർത്തുകയായിരുന്നു. കടലിൽ തിരച്ചിൽ നടത്താനാകുന്ന ലൈഫ് ഗാർഡുകളോ രക്ഷാബോട്ടുകളോ തങ്ങൾക്കില്ലെന്നാണ് കോസ്റ്റൽ പൊലീസിന്റെ ന്യായീകരണം. കനത്ത മഴയും കടലാക്രമണവും വെളിച്ചക്കുറവും കാരണം വെള്ളി രാത്രിയും രക്ഷാപ്രവർത്തനം നടത്തിയില്ല. ശനി രാവിലെയും രക്ഷാപ്രവർത്തനം വൈകിയതോടെ മത്സ്യത്തൊഴിലാളികളും കാണാതായവരുടെ ബന്ധുക്കളും സ്റ്റേഷൻ ഉപരോധിച്ചു. ഇതോടെയാണ് ഉച്ചയോടെ മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റ് ഗാർഡും കൊച്ചിയിൽനിന്ന് നാവിക സേനാംഗങ്ങളും എത്തി തിരച്ചിൽ നടത്തിയത്. എന്നാൽ കാലപ്പഴക്കത്തെതുടർന്ന് കോസ്റ്റൽ പൊലീസിന്റെ ജലറാണി ബോട്ട് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

ഷിജിനെ കാണാതായതിനു പിന്നാലെ രക്ഷാപ്രവർത്തനത്തിനും തിരച്ചിൽ നടത്തുന്നതിലും സർക്കാരിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. വള്ളം മറിഞ്ഞ് 15 മണിക്കൂറിന് ശേഷമാണ് തിരച്ചിൽ തുടങ്ങിയത്. പ്രതിഷേധം കനത്തതോടെ മന്ത്രി സി പി ജോൺ സ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവർത്തനം ആരംഭിക്കാനാവശ്യമായ ഒരു നടപടിയുമുണ്ടായില്ല. എംഎൽഎ ഇടപെട്ട് മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നു പറഞ്ഞെങ്കിലും സഹായം ഉടൻ എത്തുമെന്ന് പറയുക മാത്രമാണ് ചെയ്തത്. കടലിൽ ഇറങ്ങുന്നതിന് വിലക്കുണ്ടെങ്കിലും സർക്കാർ അലംഭാവം തുടരുന്നതോടെ ജീവനെയും അവഗണിച്ച് മത്സ്യത്തൊഴിലാളികൾ നടത്തുന്ന രക്ഷാപ്രവർത്തനം മാത്രമാണ് കുടുംബങ്ങൾക്ക് പ്രതീക്ഷ നൽകുന്നത്.
ഒരു കുടുംബത്തിന് നഷ്ടമായത് മൂന്നുപേരെ...
വെള്ളി രാവിലെയാണ് കൊല്ലം നീണ്ടകരയിൽ വള്ളംമറിഞ്ഞ് തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. 11 പേരെ രക്ഷപെടുത്തി. രണ്ടുപേർ മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന ഗൗതം കൃഷ്ണയെ (26) ഇതുവരെ കണ്ടെത്താനായില്ല. ഗൗതത്തിന്റെ അച്ഛൻ രാധാകൃഷ്ണനും മുത്തച്ഛൻ രാജീവനുമാണ് മരിച്ചത്. നീണ്ടകര തുറമുഖത്തുനിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെ പുലിമുട്ടിലെത്തിയപ്പോൾ അപ്രതീക്ഷിതമായി എത്തിയ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. അപകടം കണ്ട് മീൻപിടിത്തത്തിൽ ഏർപ്പെട്ടിരുന്ന മറ്റ് മത്സ്യത്തൊഴിലാളികൾ എത്തിയാണ് 11 പേരെ രക്ഷപ്പെടുത്തിയത്.
എന്നാൽ ദിവസങ്ങളായിട്ടും തിരച്ചിൽ പേരിനു മാത്രമാണ്. ഗുരുതരമായ വീഴ്‌ചയാണ് അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നു. കോസ്റ്റൽ പൊലീസ് തിരച്ചിൽ നടത്തുന്നതല്ലാതെ മറ്റ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നില്ല. മുങ്ങൽ വിദഗ്‌ധൻ ഒരുദിവസംകൊണ്ട് തിരച്ചിൽ അവസാനിപ്പിച്ചു. നേവിയുടെ സംവിധാനം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ഉറ്റവരുടെ എരിഞ്ഞുതീർന്ന ചിതയ്ക്കുമുന്നിൽ ഇനിയെന്തെന്നറിയാതെ നിറകണ്ണുകളോടെ കാത്തിരിക്കുകയാണ് ഒരമ്മയും മകളും. നീണ്ടകരയിൽ മീൻപിടിക്കാൻ പോകവെ ബോട്ടു മറിഞ്ഞ് മരിച്ച രാജീവന്റെ ഭാര്യ സുമംഗലയും മകൾ രേഷ്മയും നെഞ്ചിൽ കനലുമായി ദിവസങ്ങൾ തള്ളിനീക്കുകയാണ്.

അപകടം ദിവസം രാജീവൻ മരണപ്പെട്ടു. തൊട്ടടുത്ത ദിവസം രാജീവന്റെ മകൾ രേഷ്മയുടെ ഭർത്താവ് രാധാകൃഷ്ണന്റെ മൃതദേഹവും കണ്ടെത്തി. ഇവരുടെ മകനാണ് ഗൗതം. 25 ലക്ഷം രൂപ മുടക്കിയാണ് ആറുമാസം മുമ്പ് ഗൗതം കൃഷ്ണയുടെ പേരിൽ ബോട്ട് വാങ്ങിയത്. അറ്റകുറ്റപ്പണി നടത്തി പലതവണ കടലിൽ മീൻപിടിക്കാൻ പോയെങ്കിലും ആഗ്രഹിച്ചതുപോലെ വരുമാനം ലഭിച്ചുതുടങ്ങിയിരുന്നില്ല. ട്രോളിങ് നിരോധനം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ കടന്നാണ് 31ന് വീണ്ടും ഇവർ കടലിൽ പോയത്.
കടൽ പ്രക്ഷുബ്ധമായതിനാൽ തിരിച്ചിൽ പ്രയാസമാണെന്നാണ് കോസ്റ്റൽ പൊലീസ് പറയുന്നത്. ആവശ്യസമയത്ത് ഇടപെടാനല്ലെങ്കിൽ പിന്നെയെന്തിനാണ് കോസ്റ്റൽ പൊലീസും മറ്റ് സേവനങ്ങളുമെന്നാണ് തൊഴിലാളികൾ ചോദിക്കുന്നത്. ജിപിഎസ് സംവിധാനങ്ങൾ, സ്മാർട്ട് ലൈഫ് ജാക്കറ്റുകൾ, റിമോട്ട് വഴി നിയന്ത്രിക്കുന്ന റസ്ക്യൂ ബോട്ടുകൾ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കാൻ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
പ്രതികരിക്കാതെ മന്ത്രി
അപകടം നടന്ന് ഒരാഴ്ചയെത്തുമ്പോൾ വകുപ്പ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർ എവിടെയെന്നാണ് ചോദ്യം. മൂന്ന് പേരെ കാണാതായിട്ട് ഒരാഴ്ചയാകുമ്പോഴും യാതൊരു തരത്തിലുള്ള ഇടപെടലോ പ്രതികരണമോ വകുപ്പ് മന്ത്രി നടത്തിയിട്ടില്ല. നീണ്ടകരയിൽ അപകടം നടന്നശേഷം മുൻ ഫിഷറീസ് മന്ത്രി ജെ മേഴ്സികുട്ടിഅമ്മ ഉൾപ്പെടെ സ്ഥലത്തെത്തി കുടുംബത്തെ ആശ്വാസിപ്പിച്ചു. എന്നാൽ, വകുപ്പ് മന്ത്രി നേരിട്ടോ ഫോണിലോ വിളിക്കുകപോലും ചെയ്തിട്ടില്ല. വിഴിഞ്ഞത്തെയും മുതലപ്പൊഴിയിലേയും സ്ഥിതി ഇതുതന്നെയാണ്. ഉറ്റവരുടെ മരണത്തോടെ കുടുംബങ്ങളുടെയെല്ലാം മുന്നോട്ടുപോക്കുതന്നെ വഴിമുട്ടുന്ന സാഹചര്യമാണ്. ഇത്രയും സ്ഥിതി രൂക്ഷമായിട്ടുപോലും മുഖ്യമന്ത്രിയടക്കമുള്ളവരിൽ നിന്നുണ്ടാകുന്ന നിസ്സംഗത അങ്ങേയറ്റം അപലപനീയമാണ്. ചേർത്തുപിടിക്കേണ്ട സർക്കാർ തന്നെ അകറ്റി നിർത്തുമ്പോൾ ഇനിയെന്ത് എന്ന ആശങ്കയിലും കണ്ണീരിലുമാണ് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾ.









0 comments