ad
Deshabhimani

ഗൾഫിൽ ശക്തമായ ഉഷ്‌ണതരംഗം

HEAT WARNING
വെബ് ഡെസ്ക്

Published on Aug 06, 2026, 02:01 PM | 1 min read

ദുബായ് : മധ്യപൂർവദേശത്ത് ഉഷ്ണതരംഗം ശക്തിപ്രാപിച്ചതോടെ ഗൾഫ് രാജ്യങ്ങളിൽ ചൂട് കനത്തു. ഞായറാഴ്‌ച യുഎഇയിൽ താപനില 50 ഡിഗ്രിയിലെത്തി. അബുദാബി അൽ ഷവാമിഖിൽ ഉച്ചയ്ക്ക്‌ 2.30-ന്‌ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. അറേബ്യൻ ഉപദ്വീപ്, ഇറാഖ് എന്നിവിടങ്ങളിലാണ് നിലവിൽ ഉഷ്ണതരംഗം രൂക്ഷമായത്. കുവൈത്ത്, സൗദി അറേബ്യയുടെ കിഴക്കൻ മേഖല, യുഎഇയിലെ ഉൾപ്രദേശങ്ങളും മരുഭൂമികളും ഇറാഖ് തലസ്ഥാനം ബാഗ്ദാദ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പകൽ താപനില 50 ഡിഗ്രിയോട് അടുത്തേക്കും. ചിലയിടങ്ങളിൽ അത് മറികടക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി.


യുഎഇയിൽ അടുത്ത ദിവസങ്ങളിലും കടുത്ത ചൂട് തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എന്നാൽ, അടുത്തയാഴ്ചയുടെ തുടക്കത്തിൽ രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാനും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ട ഉച്ച മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. അന്തരീക്ഷത്തിലെ ശക്തമായ ഉയർന്ന മർദമേഖലയാണ് നിലവിലെ ഉഷ്ണതരംഗത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇത് ചൂടേറിയ വായുവിനെ ഭൂതലത്തിനടുത്ത് നിലനിർത്തുകയും മേഘരൂപീകരണം കുറയ്ക്കുകയും ചെയ്യുന്നതിനാൽ പകൽ മാത്രമല്ല രാത്രിയിലും അസാധാരണമായ ഉയർന്ന താപനില അനുഭവപ്പെടുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.


ഒമാനിലും ഉഷ-്‌ണതരംഗം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബിദിയയിൽ 47.2 ഡിഗ്രിയാണ് രാജ്യത്തെ ഉയർന്ന താപനില. ഹംറ അൽ ദുറു, ഖുറയ്യാത്ത് എന്നിവിടങ്ങളിൽ 47 ഡിഗ്രിയും നിരവധി ഉൾപ്രദേശങ്ങളിൽ 46 ഡിഗ്രിക്ക് മുകളിലും താപനില രേഖപ്പെടുത്തി. ജോർദാനിൽ സാധാരണയെക്കാൾ ആറുമുതൽ എട്ട് ഡിഗ്രിവരെ താപനില ഉയരാൻ സാധ്യതയുണ്ട്‌. ജോർദാൻ താഴ്വര, ചാവുകടൽ, അഖബ, കിഴക്കൻ മരുഭൂമി മേഖലകൾ എന്നിവിടങ്ങളിൽ കൂടുതൽ ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.


കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഉച്ചസമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കുക, കഠിനമായ ശാരീരിക അധ്വാനം പരിമിതപ്പെടുത്തുക, ധാരാളം വെള്ളം കുടിക്കുക എന്നിവ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കുട്ടികളെയും പ്രായമായവരെയും വാഹനങ്ങൾക്കുള്ളിൽ ഒറ്റയ്ക്ക്‌ വിടരുത്‌. ചൂടുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home