ad
Deshabhimani

കര്‍ഷക പ്രക്ഷോഭകരെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ജാമ്യവ്യവസ്ഥകളിൽ ഇളവില്ല, ആശിഷ് മിശ്രയുടെ ഹര്‍ജി തള്ളി

LAKHIMPUR
വെബ് ഡെസ്ക്

Published on Aug 06, 2026, 02:47 PM | 2 min read

ന്യൂഡൽഹി : രാജ്യത്തെയാകെ ഉലച്ച ലഖിംപൂര്‍ ഖേരി ആക്രമണ കേസിൽ മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ ആശിഷ് മിശ്രക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. ജാമ്യവ്യവസ്ഥയിൽ കൂടുതൽ ഇളവുകൾ ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.


2021 ഒക്ടോബർ 3-നാണ് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ ടികൂനിയ ഗ്രാമത്തിൽ കേന്ദ്രമന്ത്രിയുടെ മകന്റെ നേതൃത്വത്തിലുള്ള സംഘം കര്‍ഷക സമരത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റിയത്. കര്‍ഷക വിരുദ്ധമായ കേന്ദ്ര നിയമങ്ങൾക്ക് എതിരെയും അന്നത്തെ ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തിൽ പ്രതിഷേധിച്ചും കർഷകർ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. വണ്ടി ഇടിച്ചു കയറ്റിയതിനെ തുടര്‍ന്ന് നാല് കര്‍ഷകരും ഒരു മാധ്യമ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ പ്രതിഷേധത്തിൽ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും ഒരു ഡ്രൈവര്‍ക്കും ജീവൻ നഷ്ടമായി. കാര്‍ അഗ്നിക്കിരയാക്കി.


ASHISH MISHRA

കേസിലെ പ്രധാന പ്രതിയായ ആശിഷ് മിശ്ര, അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകനാണ്. കേസ് അട്ടിമറിക്കാനും അപകടമായി വരുത്തി തീര്‍ക്കാനും ശ്രമമുണ്ടായി. എന്നാൽ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറുത്തു വന്നതോടെ കേസ് അട്ടിമറിക്കാനുള്ള സംഘടിത നീക്കത്തിന് തിരിച്ചടിയേറ്റു. ലഖിം പൂര്‍ഖേരി കാര്‍ഷിക സമരത്തിലെ ഓര്‍മ്മ മങ്ങാത്ത ഒരേടായി മാറി. തുടര്‍ന്ന് കര്‍ഷക സമരം രൂക്ഷമായി. കര്‍ഷകരെ അവരുടെ അവകാശങ്ങൾ കവര്‍ന്ന് കുത്തകകൾക്ക് അടിയറവെക്കാനുള്ള നിയമ നിര്‍മ്മാണ നീക്കങ്ങൾക്ക് തിരിച്ചടിയേറ്റു.


കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഖിംപൂർ ഖേരി മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിച്ച അജയ് മിശ്ര സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയോട് ദയനീയമായി തോൽവി ഏറ്റുവാങ്ങി. അതുവരെ മന്ത്രിസ്ഥാനത്ത് സംരക്ഷിച്ച് ബിജെപി സര്‍ക്കാരിനും ഇത് തിരിച്ചടിയും ജനങ്ങളുടെ മറുപടിയുമായി.


ഇപ്പോൾ ജാമ്യവ്യവസ്ഥയിൽ ഏര്‍പ്പെടുത്തിയിട്ടുള്ള കർശനമായ നിയന്ത്രണങ്ങൾ കാരണം മകളുടെ ജന്മദിനാഘോഷങ്ങൾ അടക്കമുള്ള കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്നും ജാമ്യവ്യവസ്ഥകളിൽ അയവുവരുത്തണമെന്നുമായിരുന്നു ആശിഷ് മിശ്രയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ ഈ ഘട്ടത്തിൽ ഇത്തരം ഒരപേക്ഷ പരിഗണിക്കാൻ തക്കതായ ന്യായങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി കോടതി അപേക്ഷ തള്ളി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home