ad
Deshabhimani

കീറോൺ പൊള്ളാർഡിന്റെ റെക്കോഡ് തകർത്തു; ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ജോസ് ബട്‌ലർ

Butler

ജോസ് ബട്‌ലർ |Photo: The Pioneer

വെബ് ഡെസ്ക്

Published on Aug 06, 2026, 03:23 PM | 2 min read

ലണ്ടൻ : ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലർ. വെസ്റ്റ് ഇൻഡീസ് ഇതിഹാസം കീറോൺ പൊള്ളാർഡിന്റെ റെക്കോഡ് മറികടന്നാണ് ബട്‌ലർ ചരിത്രനേട്ടം സ്വന്തമാക്കിയത്. ദി ഹണ്ട്രഡ് ലീഗിൽ മാഞ്ചസ്റ്റർ ഒറിജിനൽസിനായി പുറത്താകാതെ നേടിയ അർധസെഞ്ചുറിയാണ് ബട്‌ലറെ റെക്കോഡിലെത്തിച്ചത്. 27 പന്തിൽനിന്ന് പുറത്താകാതെ 51 റൺസാണ് താരം നേടിയത്.


522 ട്വന്റി20 മത്സരങ്ങളിൽനിന്ന് 14,833 റൺസാണ് ബട്‌ലർ നേടിയത്. 10 സെഞ്ചുറികളും 106 അർധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്. 14,803 റൺസുമായാണ് കീറോൺ പൊള്ളാർഡ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ 14,562 റൺസുമായി മൂന്നാം സ്ഥാനത്താണ്. 14,218 റൺസുമായി പട്ടികയിൽ ആറാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലിയാണ് ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം.


ഇംഗ്ലണ്ടിനായി ട്വന്റി20 യിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതിന്റെയും റൺസ് നേടിയതിന്റെയും റെക്കോഡ് ബട്‌ലറുടെ പേരിലാണ്. 160 മത്സരങ്ങളിൽനിന്ന് 4,212 റൺസ് നേടിയ താരം രണ്ട് സെഞ്ചുറികളും 28 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്. 186 സിക്സറുകളുമായി സിക്സർവേട്ടയിലും ബട്‌ലറാണ് ഒന്നാമൻ. 2022ൽ ബട്‌ലറുടെ നായകത്വത്തിലാണ് ഇംഗ്ലണ്ട് ട്വന്റി20 ലോകകപ്പ് നേടിയത്. 2026ൽ ഇന്ത്യക്കെതിരെ നേടിയ 131 റൺസാണ് താരത്തിന്റെ ഉയർന്ന ട്വന്റി20 സ്കോർ.


ജോസ് ബട്‌ലർ നിലവിൽ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനുവേണ്ടിയാണ് കളിക്കുന്നത്. 2025ലെ മെഗാ താരലേലത്തിൽ 15.75 കോടി രൂപയ്ക്കാണ് ടീം താരത്തെ സ്വന്തമാക്കിയത്. 2016, 2017 സീസണുകളിൽ മുംബൈ ഇന്ത്യൻസിനായി കളിച്ച ബട്‌ലർ 2018 മുതൽ 2024 വരെ രാജസ്ഥാൻ റോയൽസിന്റെ പ്രധാന താരമായിരുന്നു.


2022 സീസണിൽ രാജസ്ഥാനായി 863 റൺസ് നേടി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ അദ്ദേഹം നാല് സെഞ്ചുറികളിലൂടെ ഒരു ഐപിഎൽ സീസണിൽ കൂടുതൽ സെഞ്ചുറികളെന്ന വിരാട് കോഹ്‌ലിയുടെ റെക്കോഡിനൊപ്പമെത്തുകയും ചെയ്തു. ഐപിഎല്ലിൽ ഏഴ് സെഞ്ചുറികളുമായി വിദേശ താരങ്ങളിൽ ഒന്നാമനാണ് ബട്‌ലർ. 2025 സീസണിൽ 538 റൺസും 2026 സീസണിൽ 526 റൺസും നേടിയ താരം, 138 മത്സരങ്ങളിൽനിന്ന് ആകെ 4,646 റൺസ് സ്വന്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home