നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിഎം തട്ടിപ്പ്: ഉണ്ണിത്താന്റെ പരാതി സൈബർ ക്രൈം ഐജി അന്വേഷിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) ഹാക്ക് ചെയ്‌തെന്ന രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ പരാതി സൈബർ ക്രൈം ഐജി പി പ്രകാശ് അന്വേഷിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം കാസർകോടെത്തിയ മന്ത്രിക്ക് രാജ്‌മോഹൻ ഉണ്ണിത്താൻ പരാതി നൽകിയിരുന്നു. ഇവിഎം ഹാക്ക് ചെയ്യാൻ ബിജെപി പദ്ധതിയിട്ടതായും അത് തടയാമെന്നും പറഞ്ഞ് കോൺഗ്രസ് നേതാവ് കാശുവാങ്ങിയെന്നുമുള്ള പരാതിയിലാണ് ഉണ്ണിത്താൻ അന്വേഷണം ആവശ്യപ്പെട്ടത്.
വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അന്വേഷണത്തിന് ഉത്തരവിട്ട കാര്യം മന്ത്രി വ്യക്തമാക്കിയത്. വഖഫ് ബോർഡ് മുൻ സിഇഒയും കോൺഗ്രസ് നേതാവുമായ അഡ്വ. ബി എം ജമാലിനെതിരെയാണ് പരാതി. ഉദുമ, കാസർകോട് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളിൽ നിന്ന് പണം വാങ്ങിയെന്നും ആരോപണമുണ്ട്. ഡിസിസി ഓഫീസിൽ ആഭ്യന്തര മന്ത്രികൂടി പങ്കെടുത്ത വാർത്താസമ്മേളനത്തിൽ ഇൗ കാര്യം രാജ്‌മോഹൻ ഉണ്ണിത്താൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആരോപണം ചെന്നിത്തല നിഷേധിച്ചു. അതോടെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉണ്ണിത്താൻ മന്ത്രിക്ക് പരാതി നൽകുകയായിരുന്നു.










0 comments