മദ്യലഹരിയിൽ സുരക്ഷാജീവനക്കാർക്ക് നേരെ എയർ ഗൺ ഉപയോഗിച്ച് വെടിവെപ്പ്; ടെക്കി പിടിയിൽ

ബംഗളൂരു: മദ്യലഹരിയിൽ ഫ്ലാറ്റിന്റെ ബാൽക്കണിയിൽനിന്ന് സുരക്ഷാ ജീവനക്കാരെയും വാഹനങ്ങളെയും ലക്ഷ്യമിട്ട് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്ത ഐടി ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശിയായ അനുരാഗ് തിവാരിയാണ് പിടിയിലായത്. ബംഗളൂരുവിൽ അനേക്കലിന് സമീപമുള്ള ബന്ദാപുരയിലെ സിപാനി അപ്പാർട്മെന്റിലാണ് സംഭവം.
വൈറ്റ്‌ഫീൽഡിലെ സ്വകാര്യ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന അനുരാഗ് തിവാരി കഴിഞ്ഞ എട്ടുമാസമായി അപ്പാർട്മെന്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
മദ്യലഹരിയിലായിരുന്ന അനുരാഗ് ഫോണിൽ സംസാരിച്ച് ബഹളംവച്ചശേഷം ബാൽക്കണിയിലെത്തി എയർഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. പെല്ലറ്റുകൾ പാർക്കിങ് സ്ഥലത്തെ വാഹനങ്ങളിലും മേൽക്കൂരയിലെ ലോഹഷീറ്റുകളിലും പതിച്ചു. ശബ്ദം കേട്ട് എത്തിയ സുരക്ഷാ ജീവനക്കാരുടെ നേരെയും ഇയാൾ വെടിവെച്ചെന്നാണ് പൊലീസ് പറയുന്നത്.
ഏകദേശം 45 മിനിറ്റോളം വെടിവെപ്പ് തുടർന്നു. തുടർന്ന് സൂര്യനഗർ പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. എയർഗണ്ണും പെല്ലറ്റുകളും പിടിച്ചെടുത്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.










0 comments