ad
Deshabhimani

രൂപയുടെ മൂല്യം ഉയര്‍ത്താനുള്ള പദ്ധതി ഫലം കണ്ടില്ല; അവസരം മുതലാക്കി പ്രവാസികൾ, വിദേശ കറൻസി നിക്ഷേപത്തിൽ വൻ കുതിപ്പ്

USD-INR Swap
വെബ് ഡെസ്ക്

Published on Aug 06, 2026, 05:27 PM | 2 min read

ന്യൂഡൽഹി: ഇന്ത്യൻ രൂപയെ മൂല്യതകര്‍ച്ചയിൽ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബാങ്കുകളിൽ നേരിട്ട് വിദേശ കറൻസി നിക്ഷേപിക്കാനുള്ള അനുമതി ലളിതമാക്കി നൽകിയത് വൻ വിജയം. പ്രവാസികൾ മത്സര ബുദ്ധിയോടെ നടത്തിയ നിക്ഷേപം ഈ പദ്ധതി ആസൂത്രണം ചെയ്തവരെ തന്നെ ഞെട്ടിച്ചു. 40.8 ബില്യൺ ഡോളറാണ് ഇതോടെ വിദേശ കറൻസികളായി രാജ്യത്തെ ബാങ്കുകളിൽ എത്തിയത്. ഏകദേശം 3.4 ലക്ഷം കോടിയിലധികം രൂപവരുമിത്. പക്ഷേ രൂപയുടെ മൂല്യം ഉയര്‍ത്തൽ ഇതിനൊപ്പം ലക്ഷ്യം കണ്ടില്ല. ഇപ്പോഴും ഡോളറിനെതിരയ മത്സരത്തിൽ ഇന്ത്യൻ രൂപ വെല്ലുവിളിയിൽ തന്നെ തുടരുന്ന സാഹചര്യമാണ്.


റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച പ്രത്യേക ഫോറെക്സ് സ്വാപ്പ് ആനുകൂല്യം വഴിയാണ് ബാങ്കുകളിലേക്ക് വിദേശ കറൻസി നിക്ഷേപം (FCNR) വൻതോതിൽ ഒഴുകി എത്തിയത്. രൂപയുടെ മൂല്യമിടിയുന്നത് തടയാനും വിദേശനാണ്യ ശേഖരം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് ആർ ബിഐ കൊണ്ടുവന്ന സ്കീം വൻ വിജയമായി മാറുകയായിരുന്നു.


40.8 ബില്യൺ ഡോളര്‍ വിദേശ കറൻസി എത്തിയതിൽ 90 ശതമാനവും എഫ് സി എൻ ആര്‍ വഴിയാണ്. വിദേശ കറൻസികൾക്ക് ബാങ്കുകൾ നൽകുന്ന ഉയര്‍ന്ന പലിശയും ആര്‍ബിഐ ഇളവുകളും ഇതിനെ ആകര്‍ഷകമാക്കി. ആറുമുതൽ ഏഴ് ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യപ്പെട്ടു. പ്രവാസികൾ ഇപ്പോൾ തങ്ങളുടെ പണം സാധാരണ എൻആര്‍ഐ അക്കൗണ്ടുകളിൽ നിന്നും മാറ്റി എഫ്സി എൻ ആര്‍ ഐയിലേക്ക് മാറ്റുന്നതായും റിപ്പോര്‍ടുകളുണ്ട്.


രൂപയ്ക്ക് താങ്ങായില്ല

തിരിച്ചടിച്ചത് സര്‍ക്കാരിന്റെ ദീര്‍ഘകാല നിസംഗത


കേന്ദ്ര നയങ്ങളിലെ അവ്യക്തതകൾ കാരണം ഓഹരി വിപണിയിലെ നിക്ഷേപ ചോര്‍ച്ചയും ക്രൂഡ് ഓയിൽ വില വര്‍ധനവും ചേര്‍ന്ന് രൂപയ്ക്ക് ഇപ്പോഴും തിരിച്ചടി തീര്‍ക്കുന്നു. ഇന്ത്യൻ ഓഹരികളിൽ നിന്നും വൻ കൊഴിഞ്ഞു പോക്കാണ് സംഭവിക്കുന്നത്. നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ന്നു. സര്‍ക്കാര്‍ നയങ്ങളിലെ തിരിച്ചു പോക്കുകൾ ആശങ്കയായി. ഈ വർഷം ഇതുവരെ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 2.41 ലക്ഷം കോടിയിലധികം രൂപ പിൻവലിച്ചതായാണ് കണക്കുകൾ. ഓഹരി വിപണിയിലെ പണച്ചോർച്ചയ്ക്ക് (FPI Outflow) ഒപ്പം ഡോളറിന്റെ ആഗോള കരുത്തും വിദേശനാണ്യം പുറത്തേക്ക് ഒഴുകാൻ കാരണമായി തുടരുന്നു.


ഇതോടെ യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം നിലവിൽ 95 - 95.50 രൂപ എന്ന പരിധിയിലാണ് വ്യാപാരം നടക്കുന്നത്. 90 കടന്നാൽ വലിയ സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും പ്രവചിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 9% മുതൽ 10% വരെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിൽ ഒരു ഡോളറിന് 83-84 രൂപ എന്ന നിലയിൽ തുടര്‍ന്നിടത്താണ് 95 എന്ന വലിയ പതനത്തിലേക്ക് എത്തിയത്.


റിസര്‍വ് ബാങ്ക് തുറന്നു നൽകിയ വഴി


റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച പ്രത്യേക ഫോറെക്സ് സ്വാപ്പ് ആനുകൂല്യമാണ് വിദേശ കറൻസികൾ എത്തുന്നതിന് വഴി തുറന്നത്. പ്രവാസികളിൽ നിന്ന് മൂന്നു മുതൽ അഞ്ച് വര്‍ഷത്തേക്ക് ഇതുവഴി വിദേശ കറൻസി സ്വീകരിക്കാം. ഈ കറൻസി ആര്‍ബിഐയ്ക്ക് നൽകി പകരം തുക വാങ്ങിക്കാം. കാലാവധി പൂര്‍ത്തിയാവുമ്പോൾ ഈ ഇടപാട് തിരിച്ചും ചെയ്യാം. ഇതിനിടയിൽ ഉണ്ടാവുന്ന മൂല്യ തകര്‍ച്ചയുടെ ബാധ്യതയും നഷ്ടവും ബാങ്കുകൾക്ക് താങ്ങേണ്ടി വരില്ല എന്ന സ്വാപ് കണ്ടീഷൻ ആര്‍ബിഐ അനുവദിച്ചു നൽകി. ബാങ്കുകൾക്ക് ബാധ്യത കുറയുന്നതിനാൽ ഈ ഇനത്തിൽ ലഭിക്കുന്ന ലാഭത്തിൽ ഒരു വിഹിതം നിക്ഷേപകര്‍ക്ക് വീതിക്കാം. അങ്ങിനെയാണ് പലിശ നിരക്കിൽ വര്‍ധന നൽകുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home