ad
Deshabhimani

വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് എം വി ഗോവിന്ദൻ

vizhinjam johny mvg
വെബ് ഡെസ്ക്

Published on Aug 06, 2026, 05:08 PM | 1 min read

തിരുവനന്തപുരം: വിഴിഞ്ഞം കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ പുല്ലുവിളയിലെ വീട് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിച്ചു. ജോണിന്റെ മകൾ ജിജിയുമായും ഭാര്യ വത്സലയുമായും മറ്റ് കുടുംബാംഗങ്ങളുമായും അദ്ദേഹം സംസാരിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ, വി ജോയി എംഎൽഎ എന്നിവരും ഒപ്പമുണ്ടായിരുന്നു.


ജോണിനെ കണ്ടെത്താനുള്ള തിരച്ചിലിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകൾ കുടുംബം എം വി ഗോവിന്ദനോട് വിശദീകരിച്ചു. പരാതികൾ ഉയർന്നതോടെ കലക്ടറെ സമീപിക്കണമെന്ന് പറഞ്ഞ് സർക്കാർ കൈയൊഴിഞ്ഞെന്നും കലക്ടറെ കണ്ടിട്ടും പരിഹാരമുണ്ടായില്ലെന്നും കുടുംബം പറഞ്ഞു. തിരച്ചിൽ നടത്താൻ ഫണ്ടില്ലെന്നും സംഭവം കടലിലായതിനാൽ തങ്ങളുടെ പരിധിയിൽ വരില്ലെന്നും കലക്ടർ അറിയിച്ചതായും കുടുംബാംഗങ്ങൾ പറഞ്ഞു.


അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ലെന്നും തിരച്ചിലിന്റെ വിവരങ്ങൾ കൃത്യമായി അറിയിക്കുന്നില്ലെന്നും കുടുംബം പരാതിപ്പെട്ടു.


ജോണിനായുള്ള തിരച്ചിൽ ഏഴാം ദിവസവും കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് എം വി ഗോവിന്ദന്റെ സന്ദർശനം. കോസ്റ്റ് ഗാർഡ് കപ്പലുകളും തിരച്ചിൽ വള്ളങ്ങളും വൈകിയാണ് ഇറക്കിയതെന്നും ആകാശതിരച്ചിൽ ഫലപ്രദമായി നടന്നില്ലെന്നും കുടുംബം നേരത്തെ ആരോപിച്ചിരുന്നു.


സർക്കാരിന്റെ അനാസ്ഥ മാധ്യമങ്ങളോട് തുറന്നുപറഞ്ഞ മകൾ ജിജിക്കെതിരെ കോൺഗ്രസ്–ലീഗ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപവും സൈബർ ആക്രമണവും തുടരുകയാണ്.


നേരത്തെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടിയും ജോണിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു. കുടുംബത്തിന്റെ പരാതിയെത്തുടർന്ന് അദ്ദേഹം കലക്ടറുമായി ഫോണിൽ ബന്ധപ്പെടുകയും തിരച്ചിൽ ശക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ ഭാ​ഗമായാണ് കലക്ടറെ കാണാൻ കുടുംബത്തിന് അനുമതി ലഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home