2030 ലോകകപ്പ് ഫൈനൽ വേദി മൊറോക്കോയ്ക്ക് വാഗ്ദാനം ചെയ്തെന്ന് ആരോപണം; ഇൻഫാന്റിനോയ്ക്ക് കുരുക്ക് മുറുകുന്നു

ജിയാനി ഇൻഫാന്റിനോ
സൂറിച്ച്: പ്രസിഡണ്ട് സ്ഥാനം നിലനിർത്താനായുള്ള പിന്തുണക്കായി 2030 ഫിഫ ലോകകപ്പിന്റെ ഫൈനൽ മത്സരം മൊറോക്കോയിൽ നടത്താമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ രഹസ്യമായി വാഗ്ദാനം ചെയ്തെന്ന റിപ്പോർട്ടുകൾ പുതിയ വിവാദത്തിന് തിരികൊളുത്തുന്നു.
ലോകകപ്പിന്റെ വാണിജ്യാവകാശ ഓഹരി സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള പദ്ധതിക്കെതിരെ ഉയർന്ന പ്രതിഷേധത്തിനിടെ, അടുത്ത വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി അംഗരാജ്യങ്ങളുടെ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കാനായിരുന്നു ഈ നീക്കമെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം സമാനമായി ഇൻഫാന്റിനോയെ പിന്തുണച്ചാൽ ജോർദാൻ ഫുട്ബോൾ അസോസിയേഷന്റെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കാമെന്ന് ഫിഫ വാക്കാൽ അറിയിച്ചതായും ഇത് തങ്ങളെ ബ്ലാക്‌മെയ്ൽ ചെയുന്ന നടപടിയാണെന്നും ജോർദാൻ ഫുട്ബോൾ അസ്സോസിയേഷൻ ആരോപിച്ചിരുന്നു
'ദി ടൈംസ്' റിപ്പോർട്ട്
ബ്രിട്ടീഷ് ദിനപത്രമായ ദി ടൈംസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായക പിന്തുണ ഉറപ്പാക്കുന്നതിനായി ഇൻഫാന്റിനോ മൊറോക്കോയ്ക്ക് 2030 ലോകകപ്പ് ഫൈനൽ വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. വാണിജ്യ പദ്ധതിക്കെതിരെ ശക്തമായ വിമർശനം ഉയർന്ന സാഹചര്യത്തിൽ സ്വന്തം നിലപാട് ശക്തിപ്പെടുത്താനായിരുന്നു ഈ ശ്രമമെന്നും റിപ്പോർട്ടിൽ പറയുന്നു.
പിഴവ് സമ്മതിച്ച് ഫിഫ നേതൃത്വം
മൊറോക്കോയിലെ റബാത്തിൽ നടന്ന യോഗത്തിൽ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ പിഴവുകൾ സംഭവിച്ചതായി ഫിഫ സെക്രട്ടറി ജനറൽ മത്തിയാസ് ഗ്രാഫ്സ്ട്രോം ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ അംഗീകരിച്ചു.
ഫിഫ സെക്രട്ടറി ജനറൽ മത്തിയാസ് ഗ്രാഫ്സ്ട്രോം ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും നിരവധി അംഗ അസോസിയേഷനുകളും ഇൻഫാന്റിനോയ്ക്ക് നിലവിൽ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, യൂറോപ്യൻ ഫുട്ബോൾ സംഘടനകളിൽ നിന്ന് അദ്ദേഹത്തിന്റെ രാജിക്കായുള്ള സമ്മർദ്ദം ശക്തമായി തുടരുകയാണ്.
ഫൈനൽ വേദി ഇതുവരെ തീരുമാനമായിട്ടില്ല
2030 ലോകകപ്പിന് സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങളാണ് സംയുക്ത ആതിഥേയത്വം വഹിക്കുന്നത്. എന്നാൽ ഫൈനൽ മത്സരത്തിന്റെ വേദി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
കാസബ്ലാങ്കയ്ക്ക് സമീപം നിർമാണത്തിലിരിക്കുന്ന 1.15 ലക്ഷം കാണികളെ ഉൾക്കൊള്ളുന്ന ഹസൻ രണ്ടാമൻ സ്റ്റേഡിയമാണ് ഫൈനലിനായി ഇൻഫാന്റിനോ തെരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടിലെ മറ്റൊരു പ്രധാന ആരോപണം. ഈ സ്റ്റേഡിയം പൂർത്തിയായാൽ മാഡ്രിഡിലെ സാന്റിയാഗോ ബെർണബ്യൂ ഉൾപ്പെടെയുള്ള യൂറോപ്യൻ വേദികൾക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
ആരോപണം തള്ളി ഫിഫ
എന്നാൽ ആരോപണങ്ങൾ ഫിഫ ശക്തമായി നിഷേധിച്ചു. 2030 ലോകകപ്പ് ഫൈനലിന്റെ വേദിയെക്കുറിച്ച് ഫിഫ പ്രസിഡന്റ് ഒരു രാജ്യത്തിനും വാഗ്ദാനം നൽകിയിട്ടില്ലെന്നും, ഇക്കാര്യത്തിൽ യഥാസമയം ഔദ്യോഗിക തീരുമാനം മാത്രമേ ഉണ്ടാകുകയുള്ളുവെന്നും ഫിഫ വക്താവ് വ്യക്തമാക്കി. ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഫിഫ പ്രതികരിച്ചു.
സ്വകാര്യ നിക്ഷേപ പദ്ധതി വിവാദമായി
ലോകകപ്പിന്റെ വാണിജ്യാവകാശങ്ങളിൽ ന്യൂനപക്ഷ ഓഹരി ഫിഫ ഫോർവേഡ് എന്റർപ്രൈസ് (FFE) എന്ന വാണിജ്യ സ്ഥാപനത്തിലൂടെ സ്വകാര്യ നിക്ഷേപകർക്ക് കൈമാറാനുള്ള ഇൻഫാന്റിനോയുടെ പദ്ധതിയാണ് വിവാദത്തിന് കാരണമായത്. ലോക ഫുട്ബോളിലെ വിവിധ സംഘടനകളിൽ നിന്ന് ശക്തമായ എതിർപ്പുയർന്നതോടെ ഇൻഫാന്റിനോ രാജിവെക്കണമെന്ന ആവശ്യവും ഉയർന്നു. തുടർന്ന് കടുത്ത സമ്മർദ്ദത്തെ തുടർന്ന് എഫ് എഫ്ഇ പദ്ധതി പിൻവലിച്ചതായി ഫിഫ സ്ഥിരീകരിച്ചു.










0 comments