സർക്കാർ അനാസ്ഥ തുറന്നുപറഞ്ഞു; കാണാതായ മത്സ്യത്തൊഴിലാളിയുടെ മകൾക്കെതിരെ കോൺഗ്രസ് സൈബർ ആക്രമണം

ജിജി (ഇടത്), കോൺഗ്രസ് അണികൾ ജിജിക്കെതിരെ നടക്കുന്ന സൈബർ അധിക്ഷേപത്തിന്റെ ചില സ്ക്രീൻഷോട്ടുകൾ (വലത്)
തിരുവനന്തപുരം: വിഴിഞ്ഞം കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകൾക്കെതിരെ കോൺഗ്രസ് അണികളുടെ രൂക്ഷമായ അധിക്ഷേപവും സൈബർ ആക്രമണവും. സർക്കാർ തുടരുന്ന അനാസ്ഥ മാധ്യമങ്ങളോട് തുറന്നുപറഞ്ഞതിന് പിന്നാലെയാണ് മകൾ ജിജിയെ കോൺഗ്രസുകാർ വേട്ടയാടുന്നത്. അച്ഛനെ നഷ്ടപ്പെട്ട മകളെന്ന മാനുഷിക പരിഗണനപോലും നൽകാതെ ക്രൂരമായ ഭാഷയിലാണ് സൈബർ ആക്രമണം.
ജോണിനായുള്ള തിരച്ചിലിന് യാതൊരു ഇടപെടലും സർക്കാർ നടത്താതിരുന്നതോടെയാണ് ജിജി മാധ്യമങ്ങളോട് പരാതിപ്പെട്ടത്. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് കടൽതീരത്ത് പോയാലുള്ള അവസ്ഥ അറിയാമല്ലോ എന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി നൽകിയത്. പിന്നാലെ മത്സ്യത്തൊഴിലാളി സമൂഹത്തെ അപമാനിച്ച മുഖ്യമന്ത്രി പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ജിജി പറഞ്ഞു. "വോട്ട് ചോദിച്ച് ഞങ്ങളെ കാണാൻ കടപ്പുറത്തെത്താൻ ഇവർക്ക് മടിയില്ലല്ലോ. ഒരു അപകടം നടന്നാൽ മാനുഷിക പരിഗണനയെങ്കിലും കാണിക്കണ്ടേ. ഞങ്ങൾ ഇവരെ കടിച്ചുകൊല്ലുകയൊന്നുമില്ല. മഴക്കെടുതിയുമായി ബന്ധപ്പെട്ട് മറ്റുള്ളിടത്ത് സാമ്പത്തിക സഹായം പ്രഖ്യാപിച്ചപ്പോൾ മത്സ്യത്തൊഴിലാളികളെ അവഗണിച്ചതിന് മറുപടി പറയണമെന്നും ജിജി പറഞ്ഞു. കല്ലിയൂരിൽവരെ മുഖ്യമന്ത്രി ബുധനാഴ്‌ച വന്നിട്ടും തങ്ങളെ തിരിഞ്ഞുനോക്കിയില്ല. പപ്പായെ കാണാതായിട്ട് ആറുദിവസം കഴിഞ്ഞിട്ടും സർക്കാർ സംവിധാനങ്ങളൊന്നും പ്രവർത്തിച്ചില്ല. മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും എംപി ശശി തരൂരിനും ഇ–മെയിൽ അയച്ചെന്നും ആരിൽനിന്നും പ്രതികരണമുണ്ടായില്ലെ''ന്നും ജിജി പറഞ്ഞു.
ഇതോടെയാണ് സോഷ്യൽമീഡിയയിൽ ജിജി അധിക്ഷേപിച്ച് കോൺഗ്രസ് ഹാൻഡിലുകൾ ഇറങ്ങിയത്. വ്യാജ ഐഡികളിൽനിന്നും കടുത്ത ആക്രനണം നടക്കുന്നുണ്ട്. സതീശന്റെ പിആർ ടീമാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
ജോണിനെ കടലിൽ കാണാതായി ഏഴ് ദിവസമായിട്ടും സർക്കാർ ഇടപെടൽ പ്രഹസനം മാത്രമായി തുടരുകയാണ്. ഉന്നത ഉദ്യോഗസ്ഥർപോലും സ്ഥലത്തെത്തുകയോ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയോ ചെയ്യുന്നില്ല. കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട് മരിച്ച കല്ലിയൂർ സ്വദേശി രാജേഷിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി തൊട്ടടുത്ത് പുല്ലുവിളയിലെ ജോണിന്റെ വീട്ടിലെത്തുകയോ കുടുംബത്തെ ആശ്വസിപ്പിക്കുകയോ ചെയ്‌തില്ല. ഇതിനെതിരെ വലിയ പ്രതിഷേധമുണ്ട്.
ബുധനാഴ്ച കോസ്റ്റ് ഗാർഡ് തിരച്ചിലിനായി കപ്പലിറക്കിയത് പകൽ രണ്ടോടെയാണ്. ചൊവ്വാഴ്‌ച കൊച്ചിയിൽനിന്ന് പുറപ്പെട്ട മറ്റൊരു കപ്പലും ഉച്ചയോടെയാണ് അപകടസ്ഥലത്തെത്തിയത്. ആകാശ തിരച്ചിലും കാര്യക്ഷമമായി നടന്നില്ല. നല്ല കാലാവസ്ഥയിൽ ആകാശ തിരച്ചിൽ നടത്തുന്നില്ല. വിവരങ്ങൾ വീഴ്ചയില്ലാതെ ഉടനടി അറിയിക്കാമെന്ന് കുടുംബത്തിന് ഉറപ്പുനൽകിയ ഉദ്യോഗസ്ഥർ പാലിച്ചില്ല. ജോണിന്റെ മക്കൾ പലവട്ടം ബന്ധപ്പെടുമ്പോഴാണ് ഫിഷറീസ് എഡി ഫോണെടുക്കുന്നത്. ചൊവ്വ വൈകിട്ടോടെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി പുല്ലുവിളയിലെ വീട്ടിലെത്തി ജോണിന്റെ ഭാര്യ വത്സലയെയും മക്കളെയും കണ്ടു. അപകടം നടന്ന് ആറുദിവസമായിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയാണ് സംഭവിച്ചതെന്നും കലക്ടർ സ്ഥലത്തെത്തുകയോ ഫോണെടുക്കുകയോ ചെയ്യുന്നില്ലെന്നും അവർ പരാതി പറഞ്ഞു. ശിവൻകുട്ടി സ്വന്തം ഫോണിൽനിന്ന് കലക്ടർ അനുകുമാരിയുമായി ബന്ധപ്പെട്ടു. തുടർന്നാണ് കലക്ടർ മക്കളുമായി സംസാരിച്ചത്. അടുത്ത ദിവസംമുതൽ അന്വേഷണം ശക്തമാക്കുമെന്ന് കലക്ടർ ഉറപ്പു നൽകി.കോസ്റ്റ്ഗാർഡ്, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവർ തിരച്ചിൽ നടത്തുന്നുണ്ടെന്നും നേവിയുടെ സഹായം തേടി കത്ത് നൽകിയതായും അധികൃതർ പറഞ്ഞു.










0 comments