ad
Deshabhimani

അമേരിക്ക ആക്രമിച്ചാൽ ​ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടും; വീണ്ടും മുന്നറിയിപ്പുമായി ഇറാൻ

Iran
വെബ് ഡെസ്ക്

Published on Aug 06, 2026, 12:49 PM | 2 min read

തെഹ്റാൻ : അമേരിക്ക പുതിയ ആ​ക്രമണം നടത്തിയാൽ ​ഗൾഫ് മേഖലയിലുടനീളമുള്ള ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ പ്രത്യാക്രമണം നടത്തുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ പരമാധികരവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പോരാട്ടങ്ങൾ ഇറാൻ തുടരുന്നതിന്റെ തെളിവാണിത്. ഇറാനെതിരെ കടുത്ത ആക്രമണങ്ങൾ നടത്തിയപ്പോഴെല്ലാം അമേരിക്കക്ക് സഹായം നൽകിയ ​അയൽരാജ്യങ്ങൾക്കെതിരെയാണ് തിരിച്ചടിച്ചത്. യുഎസ് സൈന്യത്തിന് സഹായം നൽകിയാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.


ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് ഒമാനുമായി താൽകാലിക കരാറിലെത്തുമെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബ​ഗായ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്ക് സംരക്ഷിക്കുന്നതിന് ഇറാൻ നടത്തുന്ന പോരാട്ടത്തിന്റെ തുടർച്ചയാണ് ഒമാനുമായുള്ള ചർച്ചകൾ.


ഒമാനുമായി ചർച്ചകൾ പുരോ​ഗമിക്കുകയാണെന്നും കരാർ അന്തിമഘട്ടത്തിലാണെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസിലൂടെ കപ്പലുകൾ കടന്നുപോകേണ്ട പുതിയ പാതയുടെ ഭൂമിശാസ്ത്രപരമായ അതിരുകൾ സംബന്ധിച്ച് തീരുമാനമായെന്നും ഇറാൻ വക്താവ് പറഞ്ഞു. ഈ കപ്പൽപാത താൽകാലികമായിരിക്കുമെന്നും, രണ്ടോ മൂന്നോ മാസത്തേക്ക് മാത്രമായിരിക്കും ഈ പാത തുറക്കുകയെന്നും ഇറാൻ വ്യക്തമാക്കി. പുതിയ പാതയുടെ ഭൂരിഭാ​ഗം കടന്നുപോകുന്നത് ഇറാനിലൂടെയാണ്. മറ്റു ഭാ​ഗങ്ങൾ ഒമാൻ വഴിയും. അതുകൊണ്ടുതന്നെ കപ്പൽ കടത്തിവിടുന്നതിന് ഇരുരാജ്യങ്ങളും ഫീസ് ഈടാക്കിയേക്കും.

ഹോർമുസിലൂടെയുള്ള കപ്പലുകളുടെ യാത്ര സുരക്ഷിതമാവണമെങ്കിൽ യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കണമെന്നും ലോകരാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോർമുസ് വഴിയാണെന്നതിനാൽ ഇറാന്റെ നിലപാട് മറ്റു രാജ്യങ്ങൾക്കും നിർണായകമാണ്. ഫെബ്രുവരിയിൽ യുഎസ്-ഇസ്രയേൽ സഖ്യം ഇറാനതിരെ കടന്നാക്രമണം ആരംഭിച്ചപ്പോഴാണ് ഹോർമുസ് കടലിടുക്ക് അടച്ചിടാൻ ഇറാൻ നിർബന്ധിതരായത്.


ഹോർമുസ് കടലിടുക്ക് വേ​ഗം തുറന്നില്ലെങ്കിൽ ഇറാന് വളരെ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് ചൊവ്വാഴ്ച യുദ്ധഭീഷണി മുഴക്കിയിരുന്നു. എന്നാൽ അമേരിക്കയുമായി യാതൊരു ചർച്ചയ്ക്കും തയ്യാറല്ലെന്ന ഉറച്ച നിലപാടിൽ തുടരുകയാണ് ഇറാൻ. ഇറാനെതിരെ യുദ്ധഭീഷണി മുഴക്കുമ്പോഴും അമേരിക്കയുടെ പ്രതിരോധ മിസൈൽ ശേഖരത്തിൽ വൻ കുറവുണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനിടെ അമേരിക്ക പ്രതിരോധതലത്തിൽ സഹായം നൽകിയില്ലെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കി വിമർശിച്ചതും കൂട്ടിവായിക്കേണ്ടതുണ്ട്. ചുരുക്കത്തിൽ അമേരിക്കയുടെ പ്രതിരോധ സംവിധാനം പാളുന്നുണ്ടെങ്കിലും യുദ്ധവെറിയടങ്ങാതെ ഇറാനെതിരെ ഭീഷണി തുടരുകയാണ് ട്രംപ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home