ആരോഗ്യ കേന്ദ്രത്തിൽ ജോലിക്കിടെ നഴ്‌സിന് വിഷപ്പാമ്പിന്റെ കടിയേറ്റു; പരിസരം കാടുപിടിച്ചു കിടക്കുന്നെന്ന് നാട്ടുകാർ

പാലക്കാട്: പാലക്കാട് ചാലിശ്ശേരിയിൽ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ജോലിക്കിടെ നഴ്‌സിന് അണലിയുടെ കടിയേറ്റു. ചാവക്കാട് സ്വദേശിനിയായ മിസിരിയയ്ക്കാണ് പാമ്പുകടിയേറ്റത്. കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ച മിസിരിയ അപകടനില തരണംചെയ്തു.
ചാലിശേരി പഞ്ചായത്തിൽ പെരുമണ്ണൂർ എസ്റ്റേറ്റ് പടിയിലെ ആരോഗ്യകേന്ദ്രത്തിലാണ് സംഭവം. തിങ്കൾ രാവിലെ പത്തോടെ ആശുപത്രി കെട്ടിടത്തിന്റെ പിന്നിൽവച്ചാണ് നഴ്‌സിനെ അണലി കടിച്ചത്. ആശുപത്രി പരിസരത്ത് പൊന്തക്കാടുകൾ വളർന്നതും ആഴ്ചകൾക്കുമുമ്പ് വെട്ടിയിട്ട മരങ്ങൾ മാറ്റാതെ കിടക്കുന്നതുമാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കടിച്ച അണലിയെ പിടികൂടാൻ കഴിഞ്ഞില്ല. വലുപ്പമുള്ള അണലിയായതിനാൽ സമീപ പ്രദേശങ്ങളിൽ കുഞ്ഞുങ്ങളുണ്ടാകാമെന്നത് രോഗികളിലും പ്രദേശവാസികളിലും ഭീതി വർധിപ്പിക്കുന്നു.
പെരുമണ്ണൂർ, കൂറ്റനാട് വലിയ പള്ളി പ്രദേശം, എസ്റ്റേറ്റ് പടി, ചൗച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽനിന്നായി ദിവസേന നൂറുകണക്കിനാളുകളാണ് ചികിത്സയ്‌ക്കായി ജനകീയ ആരോഗ്യകേന്ദ്രത്തെ ആശ്രയിക്കുന്നത്. സർക്കാർ സ്ഥാപനത്തിൽപോലും സുരക്ഷിതത്വമില്ലാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്.









0 comments