ad
Deshabhimani

ഡിജിറ്റൽ തട്ടിപ്പുകൾക്ക് പൂട്ടിടാൻ ആർബിഐ; പുതിയ മാർ​ഗനിർദേശങ്ങൾ ഉടൻ

UPI

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Apr 10, 2026, 04:55 PM | 2 min read

ന്യൂഡൽഹി : യുപിഐ, ഓൺലൈൻ ഇടപാടുകൾ വ‌ർധിച്ചതോടെ ഫിഷിം​ഗ്, വ്യാജ കസ്റ്റമർ കെയർ കോളുകൾ, മ്യൂൾ അക്കൗണ്ടുകൾ, എഐ ആർമാറാട്ടം എന്നിങ്ങനെയുള്ള തട്ടിപ്പുകളും വർധിച്ചിരിക്കുകയാണ്. അതിനാൽ ‌‌രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം കൂടുതൽ സുരക്ഷിതമാക്കുന്നതിന് പുതിയ സംവിധാനങ്ങൾ നടപ്പാക്കാനൊരുങ്ങുകയാണ് ആ‌ർബിഐ. പുതിയ തീരുമാനങ്ങൾ ഉടൻ പ്രബല്യത്തിൽ വന്നേക്കുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.


ഇതോടെ യുപിഐ, നെറ്റ് ബാങ്കിങ്, കാർഡ് പേയ്മെന്റുകൾ എന്നിവയിൽ വലിയ മാറ്റങ്ങളുണ്ടായേക്കും. സൈബർ തട്ടിപ്പുകൾ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർബിഐയുടെ പുതിയ നീക്കം. പുതിയ മാറ്റം അനുസരിച്ച് ഇനിമുതൽ ഒടിപി മാത്രം ഉപയോ​ഗിച്ച് പണമിടപാടുകൾ നടത്താനാവില്ല. ഇതിനൊപ്പം പിൻ നമ്പറും ബയോമെട്രിക് ഫേസ് ഐഡിയോ അല്ലെങ്കിൽ വിരലടയാളമോ നൽകണം. ഒരു ദിവസം ഓൺലൈൻ പേയ്മെന്റ് ആപ്പിലൂടെ ബാലൻസ് പരിശോധിക്കുന്നതിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്.


ഉയർന്ന തുകയുടെ ഇടപാടുകൾക്ക് കൂളിങ് ഓഫ് ടൈം


10,000 രൂപയിൽ കൂടുതലുള്ള ഡിജിറ്റൽ പണമിടപാടുകൾക്ക് ഒരു മണിക്കൂർ വരെ കാത്തിരിക്കേണ്ടി വന്നേക്കും. ഈ ഒരു മണിക്കൂർ കൂളിങ് ഓഫ് ടൈമിൽ പണമിടപാട് നടത്തിയവർക്ക് പരസ്പരം ആശയവിനിമയം നടത്തി പണം ക്രെഡിറ്റ് ആയോ എന്ന് ഉറപ്പാക്കാൻ കഴിയും. ആവശ്യമെങ്കിൽ ഇടപാട് റദ്ദാക്കുകയും ചെയ്യാം. സൈബർ തട്ടിപ്പുകൾ കൂടുതലായും നടക്കുന്നത് 10,000 രൂപക്ക് മുകളിലുള്ള ഇടപാടുകളിലാണ് എന്നതുകൊണ്ടാണ് ആർബിഐ ഇത്തരത്തിൽ തീരുമാനമെടുത്തിരിക്കുന്നത്.


ഈ 1 മണിക്കൂർ എല്ലാവർക്കും ബാധകമല്ല. ഉപയോക്താക്കൾക്ക് വെരിഫൈഡ് കോണ്ടാക്ടുകളെ ഇതിൽ നിന്ന് മാറ്റിനിർത്താം. ഇത്തരം വെരിഫൈഡ് കോണ്ടാക്ടുകളുമായി തടസമില്ലാതെ വേ​ഗത്തിൽ പണമിടപാടുകൾ നടത്താം. കടകളിലെ യുപിഐ പേയ്മെന്റ്, ഇ-മാൻഡേറ്റുകൾ, ചെക്ക് ഇടപാടുകൾക്ക് ഈ നിയമം ബാധകമായിരിക്കില്ല.


മുതിർന്ന പൗരന്മാർക്ക് വിശ്വസ്ത വ്യക്തിയുടെ അനുമതി


70 വയസിന് മുകളിൽ പ്രായമുള്ള വ്യക്തികൾക്കും, ഭിന്നശേഷിക്കാരായവർക്കും 50,000 രൂപയിൽ കൂടുതൽ കൈമാറ്റം ചെയ്യുന്നതിന് വിശ്വസ്തനായ ഒരു വ്യക്തിയുടെ അനുമതി കൂടി ആർബിഐ നിർബന്ധമാക്കിയിട്ടുണ്ട്.


അടിയന്തര 'കിൽ സ്വിച്ച്' സംവിധാനം


ഇടപാടുകളിൽ തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ടാൽ ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന എല്ലാ ഡിജിറ്റൽ പേയ്‌മെന്റ് മോഡുകളും തൽക്ഷണം പ്രവർത്തനരഹിതമാക്കാൻ അനുവദിക്കുന്ന ഒരു ഏകീകൃത 'കിൽ സ്വിച്ച്' സംവിധാനവും ആർ‌ബി‌ഐ നിർദേശിച്ചിട്ടുണ്ട്.


'കിൽ സ്വിച്ച്' ഉപയോ​ഗിക്കേണ്ടി വന്നാൽ പേയ്മെന്റ് മോഡുകൾ വീണ്ടും സജീവമാക്കുന്നതിന് ആധികാരികമായ നടപടികൾ ആവശ്യമായി വരും. ചില സാഹചര്യങ്ങളിൽ ബാങ്ക് ശാഖയിൽ നേരിട്ടെത്തി ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങൾ പഴയപടിയാക്കേണ്ടി വന്നേക്കും.


പുതിയ മാനദണ്ഡങ്ങളനുസരിച്ച് വ്യക്തി​ഗത, ചെറുകിട ബിസിനസ് അക്കൗണ്ടുകളിൽ 25 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകും. ഇത്തരം നിക്ഷേപങ്ങൾ സ്ഥിരീകരണത്തിന് ശേഷം മാത്രമേ ക്രെഡിറ്റ് ചെയ്യുകയുള്ളൂ.


പുതിയ നീക്കം നടപ്പാക്കുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് അഭിപ്രായം അറിയിക്കാനും ആർബിഐ അവസരം ഒരുക്കിയിട്ടുണ്ട്. മെയ് 8 വരെ പുതിയ നിർദേശങ്ങളിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാം. അതിനുശേഷം ഈ അഭിപ്രായങ്ങൾ അവലോകനം ചെയ്തായിരിക്കും കരട് മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home