നാല് കോടി ശമ്പള വാഗ്ദാനം, എഐയെ മെരുക്കാൻ വിദഗ്ധരെ വേണം

മനുഷ്യ സഹായമില്ലാതെ എഐ സംവിധാനങ്ങളെ കോഡിംഗും മോഡലുകളും സ്വയം മെച്ചപ്പെടുത്താൻ സാധിക്കുന്ന അവസ്ഥയിൽ സ്വതന്ത്രമാക്കി വിട്ടാൽ എന്താവും സംഭവിക്കുക. അതായത്, ഒരു എഐ മോഡൽ അതിനേക്കാൾ ബുദ്ധിയുള്ള മറ്റൊരു പുതിയ എഐ പതിപ്പിനെ സ്വയം നിർമ്മിക്കുന്നു. അവ വീണ്ടും മെച്ചപ്പെട്ട ഒന്നിന് രൂപം നൽകുന്നു. ഇത് തുടർച്ചയായി സംഭവിച്ചാൽ എഐയുടെ ബുദ്ധിശക്തി മനുഷ്യന്റെ നിയന്ത്രണത്തിനും അപ്പുറം അതിവേഗം കുതിക്കും. ഈയൊരു സാഹചര്യം മനുഷ്യരാശിക്ക് മുകളിൽ ഭീഷണിയുടെ കോട്ട പണിയലാവും.
ഇതിനെതിരായ പ്രതിരോധവും പ്രതിവിധിയും സൈബര്‍ സ്പേസിൽ വലിയ ചര്‍ച്ചയും സംവാദവുമായി തുടരുന്നതിനിടെ ഒപ്പൺ എഐ ഒരു പദ്ധതി പ്രഖ്യാപിച്ചിരിക്കയാണ്. തങ്ങളുടെ റിസർച്ച് ടീമിലേക്ക് പ്രതിവര്‍ഷം നാല് കോടി രൂപവരെ ശമ്പളം വാഗ്ദാനം ചെയ്ത് സുരക്ഷാ ഗവേഷകരെ (AI Safety Researcher) തേടുകയാണവര്‍. ഇത് വെറുമൊരു സാധാരണ ജോബ് വേക്കൻസിയല്ല, മറിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവി നിർണ്ണയിക്കുന്ന ഒന്നാണ്.
ഉത്തരവാദിത്തം ലോകത്തോട്
ഡാറ്റാ പോയിസണിംഗ് (Data Poisoning) തടയുക എന്നതാണ് ആദ്യത്തെ ചുമതല. എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്ന ഡാറ്റയിൽ ആരെങ്കിലും മനഃപൂർവ്വം തെറ്റായ വിവരങ്ങളോ വൈറസുകളോ കലർത്തുന്നത് തടയുക എന്നതാണിത്. അടുത്തത് സ്വയംഭരണാധികാരമുള്ള (Autonomous) എഐയുടെ റിസ്ക് പഠിക്കുക എന്നതാണ്. മനുഷ്യന്റെ ഇടപെടലുകളില്ലാതെ എഐ സ്വന്തമായി തീരുമാനങ്ങൾ എടുക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ കണ്ടെത്തുകയാണ് ചെയ്യേണ്ടത്. കോഡിംഗ് ഓട്ടോമേഷൻ നിരീക്ഷിക്കലാണ് അടുത്ത ഉത്തരവാദിത്തം. എഐ ടൂളുകൾ പ്രോഗ്രാമിങ് പോലുള്ള സാങ്കേതിക ജോലികൾ എത്രത്തോളം വേഗത്തിലാണ് കൈക്കലാക്കുന്നത് എന്ന് നിരീക്ഷിക്കുക. അവയെ നിയന്ത്രിച്ച് നിര്‍ത്തേണ്ട പരിധിയിൽ നിര്‍ത്തുക. അതിനുള്ള പൂട്ടുകൾ കണ്ടെത്തുക.

വർഷത്തിൽ 295,000 ഡോളര്‍ മുതൽ 445,000 ഡോളര്‍ വരെയാണ് പ്രതിഫലം. ഏകദേശം 2.5 കോടി മുതൽ 3.7 കോടി ഇന്ത്യൻ രൂപ വരെയാണിത്. അടിസ്ഥാന ശമ്പളമാണ്. ഇക്വിറ്റിയും മറ്റ് ആനുകൂല്യങ്ങളും ഇതിന് പുറമെയായിരിക്കും.
ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാനെതിരെ യുഎസ് കോൺഗ്രസിൽ നിന്നും രാഷ്ട്രീയ സമ്മർദ്ദങ്ങൾ വർദ്ധിച്ചുവരികയാണ്. കമ്പനി ഒരു ഐപിഒ ലക്ഷ്യമിടുന്ന സമയമാണ്. ഈ സാഹചര്യത്തിൽ എഐ സുരക്ഷയിൽ തങ്ങൾ എത്രത്തോളം ശ്രദ്ധിക്കുന്നുണ്ടെന്ന് സർക്കാരിനും പൊതുജനങ്ങൾക്കും കാണിച്ചുകൊടുക്കാൻ കൂടിയാണ് ഓപ്പൺഎഐ ഒരുങ്ങുന്നത്. എന്നാൽ ഇത് മാത്രമല്ല, എഐ എന്നത് ലോകത്തിന് തന്നെ ഭീഷണിയായി തീരാവുന്ന ഒരു തലത്തിൽ കൂടി വളരുന്നത് എങ്ങിനെ തടയുമെന്ന ലോകത്തിന്റെ ആശങ്കയെ കൂടി പങ്കുവെക്കുകയാണ്.
അതിവേഗം ആശങ്കകൾ
എഐ സംവിധാനങ്ങൾ സ്വയം മെച്ചപ്പെടുന്നതിനുള്ള സാധ്യത നിർമിതബുദ്ധി കമ്പനികൾക്ക് തന്നെയും ഭീഷണിയാണ്. 'റിക്കേർസീവ് സെൽഫ്-ഇംപ്രൂവ്‌മെന്റ്' (Recursive Self-Improvement) എങ്ങിനെ നിയന്ത്രിക്കും എന്ന ചോദ്യം പതുക്കെ ആണെങ്കിലും ഈ രംഗത്തെ ചൂഴുന്ന ഭയമാണ്. അറ്റം കാണാതെ കൈവിട്ടു പോയാൽ അപ്രവചനീയമാവും ഫലങ്ങൾ.
എഐ സ്വന്തമായി വിവരങ്ങൾ സൃഷ്ടിക്കുമ്പോൾ അതിൽ തെറ്റായ വിവരങ്ങളോ പക്ഷപാതിത്വങ്ങളോ ഉണ്ടാകാം. ഉദാഹരണായി ലോകത്തെ ഭൂരിഭാഗം എഐ മോഡലുകളും പാശ്ചാത്യ രാജ്യങ്ങളിലെ ഡാറ്റ ഉപയോഗിച്ചാണ് പരിശീലിപ്പിക്കപ്പെടുന്നത്. ഇത് മറ്റ് രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും നിയമങ്ങളെയും യാഥാർത്ഥ്യങ്ങളെയും തെറ്റായി വ്യാഖ്യാനിക്കാൻ കാരണമായേക്കാം. ഓരോ രാജ്യത്തിനും തനതായ മൂല്യങ്ങളും ഡാറ്റയും ഉൾക്കൊള്ളുന്ന എഐ സംവിധാനങ്ങൾ (Sovereign Stack) ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങൾ ഇക്കാര്യത്തിൽ ഇപ്പോഴും ഗൗരവതരമായ ആസുത്രണങ്ങൾ തുടങ്ങിയിട്ടില്ല. വലിയ അവകാശവാദങ്ങളോടെ അന്താരാഷ്ട്ര എഐ കോൺക്ലേവ് നടത്തിയപ്പോഴും ലോക രാജ്യങ്ങൾക്ക് മുന്നിൽ ചിരി പടര്‍ത്തുന്ന സാഹചര്യമാണ് സൃഷ്ടിച്ചത്.











0 comments