യുഎസ് ഭീഷണികൾക്കിടയിൽ ദുർബലമായി ഡോളർ; കരുത്താർജ്ജിച്ച് രൂപ

പ്രതീകാത്മക എഐ ചിത്രം
മുംബൈ : പശ്ചിമേഷ്യയിൽ കനത്ത സംഘർഷം തുടരുന്നതിനിടെ ആഗോള വിപണിയിൽ ഇന്ത്യൻ രൂപയ്ക്ക് ആശ്വാസ മുന്നേറ്റം. അന്താരാഷ്ട്ര തലത്തിൽ ഡോളർ സൂചിക ദുർബലമായതിനെത്തുടർന്ന് ഇന്ന് വ്യാപാരത്തിന്റെ പ്രാരംഭ ഘട്ടത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസ ഉയർന്ന് 96.11 എന്ന നിലവാരത്തിലെത്തി. പ്രമുഖ ആറ് ആഗോള കറൻസികൾക്കെതിരെയുള്ള യുഎസ് ഡോളറിന്റെ കരുത്ത് അളക്കുന്ന ഡോളർ സൂചിക 0.11 ശതമാനം ഇടിഞ്ഞ് 100.81 എന്ന നിരക്കിലെത്തി.
ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വ്യാപകമായി പണം പിൻവലിക്കുന്നതും രൂപയുടെ വലിയ കുതിപ്പിന് തടസമുണ്ടാക്കുന്നുണ്ട്. എങ്കിലും ആഭ്യന്തര ഓഹരി വിപണിയിലുണ്ടായ തകർപ്പൻ മുന്നേറ്റം രൂപയ്ക്ക് കരുത്തുറ്റ പിന്തുണ നൽകിയതായി വിദേശനാണ്യ വ്യാപാരികൾ വിലയിരുത്തി. ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരെ 96.12 എന്ന നിലവാരത്തിൽ വ്യാപാരം ആരംഭിച്ച രൂപ, പിന്നീട് 96.11 എന്ന നിരക്കിലേക്ക് ഉയരുകയായിരുന്നു. ഇന്നലെ രൂപയുടെ മൂല്യം 48 പൈസ എന്ന വലിയ ഇടിവ് രേഖപ്പെടുത്തി 96.16 എന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.
ഇറാന് മേൽ അമേരിക്ക വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തിയതോടെ ഊർജ്ജ കയറ്റുമതി തടസപ്പെടുത്തുമെന്ന കടുത്ത പ്രത്യാക്രമണ നിലപാടുമായി ബുധനാഴ്ച ഇറാൻ രംഗത്തെത്തിയിരുന്നു. മേഖലയിൽ നിന്നുള്ള എണ്ണ, വാതക കയറ്റുമതി ഒന്നുകിൽ എല്ലാവർക്കും അല്ലെങ്കിൽ ആർക്കും ഉണ്ടാകില്ലെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ്.
ഇന്നലെ രൂപയുടെ മൂല്യം വലിയ സമ്മർദ്ദത്തിലാകുകയും മേയ് മാസത്തിന് ശേഷം ആദ്യമായി 96 എന്ന പരിധി ഭേദിക്കുകയും ചെയ്തിരുന്നു. യുഎസ്-ഇറാൻ സംഘർഷം കടുത്തതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണെന്നും വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം 95.90 നും 96.50 നും ഇടയിൽ തുടരാനാണ് സാധ്യതയെന്നും വിപണി വിദഗ്ധർ വിലയിരുത്തുന്നു. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് ഓയിൽ വില ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 1.10 ശതമാനം വർധിച്ച് ബാരലിന് 85.66 ഡോളറിലെത്തിയിട്ടുണ്ട്.











0 comments