ad
Deshabhimani

ഗവണ്മെന്റ് പ്ലീഡറുടെ നിയമനം; മുഖ്യമന്ത്രിയുടേത് സത്യപ്രതിജ്ഞാലംഘനം: പി രാജീവ്

P Rajeev.jpg
വെബ് ഡെസ്ക്

Published on Jul 15, 2026, 01:59 PM | 1 min read

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനത്തിൽ മുഖ്യമന്ത്രി ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്ന് മുൻ മന്ത്രി പി രാജീവ്. ലോയേഴ്സ് കോൺഗ്രസ് നൽകിയ ലിസ്റ്റ് പ്രകാരമാണ് ഗവൺമെന്റ് പ്ലീഡർമാരെ നിയമിച്ചതെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ സമ്മതിച്ചത് ഇതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.


കേരള സർക്കാർ 'ലീഗൽ ഓഫീസേഴ്സ് റൂൾ' പ്രകാരം അഡ്വക്കേറ്റ് ജനറൽ (എജി) നൽകുന്ന പാനലിൽ നിന്നാണ് സർക്കാർ അഭിഭാഷകരെ നിയമിക്കേണ്ടത്. എന്നാൽ ഇതിന് വിരുദ്ധമായി ലോയേഴ്സ് കോൺഗ്രസിന്റെ ലിസ്റ്റ് ഉപയോഗിച്ചുവെന്ന് മുഖ്യമന്ത്രി തന്നെ തുറന്നുസമ്മതിച്ചു.


ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ തന്റെ പാർട്ടിയുടെ താൽപ്പര്യത്തിന് മുൻഗണന നൽകി നിയമനം നടത്തിയത് ഭരണഘടനാപരമായ കടമ നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയതിന് തുല്യമാണ്. പുതിയ തസ്തികകൾ സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഫിനാൻസ് വകുപ്പിന്റെ അനുമതിയുണ്ടോ എന്നും, മറ്റ് മന്ത്രിമാരുടെ കൂടി ആലോചനയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.


'ഔട്ട് ഓഫ് അജണ്ട' ആയാണ് പല നിയമനങ്ങളും നടന്നിരിക്കുന്നത്. എൽഡിഎഫ് സർക്കാർ നിയമന നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. മുൻപ് വളരെ കൃത്യമായ പഠനങ്ങൾക്ക് ശേഷമാണ് തസ്തികകളുടെ എണ്ണം ക്രമീകരിച്ചിരുന്നത്. ഒരു പ്രത്യേക വകുപ്പിന് ജിപി വേണമെങ്കിൽ അതിന് കൃത്യമായ നടപടിക്രമങ്ങളുണ്ട്.


വകുപ്പുകൾ ആവശ്യപ്പെടുകയും അവരുടെ കേസുകളുടെ എണ്ണം പരിശോധിക്കുകയും ചെയ്ത ശേഷമാണ് മുൻപ് നിയമനങ്ങൾ നടത്തിയിരുന്നത്. നിലവിലെ നിയമനങ്ങളിൽ ഈ സുതാര്യതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടനയെയും നിയമങ്ങളെയും മാനിക്കാതെ പാർട്ടിയെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home