ad
Deshabhimani

വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ബാംഗ്ലൂരിൽ നിന്നും കടത്തിയ എംഡിഎംഎയുമായി കൊല്ലത്ത് യുവാക്കൾ പിടിയിൽ

mdma
വെബ് ഡെസ്ക്

Published on Jul 15, 2026, 02:57 PM | 1 min read

കൊല്ലം: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിതരണത്തിനായി ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിലായി. പത്തനാപുരം ഗീതാലയം വീട്ടിൽ വിപിൻ സാജു, പത്തനാപുരം സിനു മൻസിൽ വീട്ടിൽ മുഹമ്മദ് കൈഫ് എന്നിവരെയാണ് കൊല്ലം സിറ്റി ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്.


ബാംഗ്ലൂരിൽ നിന്നും ട്രെയിൻ മാർഗ്ഗം കൊല്ലത്തെത്തിയ പ്രതികൾ, തുടർന്ന് പുന്തലത്താഴത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് പൊലീസ് വലയിലാകുന്നത്. ഇന്ന് രാവിലെ 10 മണിയോടെ അയത്തിൽ പുന്തലത്താഴം മംഗലത്ത് നടയ്ക്ക് സമീപം വെച്ചായിരുന്നു അറസ്റ്റ്.


പ്രതികളിൽ ഒരാളായ മുഹമ്മദ് കൈഫ്, താൻ യൂബർ ടാക്സി ഓടിക്കാൻ പോകുകയാണെന്ന് പറഞ്ഞാണ് പതിവായി ബാംഗ്ലൂരിലേക്ക് ലഹരിക്കടത്ത് നടത്തിയിരുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം ഹേമലത ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, എ സി പി രാജേഷിന്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ ഒരു മാസമായി പ്രതികൾ ഡാൻസാഫ് ടീമിന്റെ കർശന നിരീക്ഷണത്തിലായിരുന്നു.


പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. എസ് ഐമാരായ ഗോപകുമാർ, സായിസേനൻ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ ഹരിലാൽ, ബൈജു ജെറോം, എ എസ് ഐമാരായ സുനിൽ, സീനു, മനു, സജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനു ആർ നാഥ്, ദിലീപ് റോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home