'കുറ്റബോധം’ എന്ന് കുറിപ്പ്; ഡൽഹിയിൽ 17കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ തിലക് നഗറിൽ 17കാരനെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. ആത്മഹത്യയ്ക്ക് കാരണമായി ‘സോഷ്യൽ ഗിൽറ്റ്’ എന്ന് കൈയെഴുത്ത് കുറിപ്പിൽ പരാമർശിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇത് ഏത് സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമല്ല.
തിലക് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചൗഖണ്ഡിയിൽ കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് ആംബുലൻസുമായി പൊലീസ് സ്ഥലത്തെത്തിയെങ്കിലും കൗമാരക്കാരൻ നേരത്തെ മരിച്ചിരുന്നു.
പ്ലസ് ടു വിജയിച്ച കുട്ടി മാതാപിതാക്കൾക്കും സഹോദരനും രണ്ട് സഹോദരിമാർക്കുമൊപ്പമാണ് താമസിച്ചിരുന്നത്. കുടുംബത്തിലെ ഏറ്റവും ഇളയ കുട്ടിയായിരുന്നു. സംഭവം നടക്കുമ്പോൾ പിതാവും ബന്ധുവും വീട്ടിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
വീട്ടിലെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ ജീവനക്കാരനായിരുന്ന മുത്തച്ഛന്റെ പേരിലുണ്ടായിരുന്ന തോക്കിന്റെ ലൈസൻസ് പിന്നീട് പിതാവിന്റെ പേരിലേക്ക് മാറ്റിയിരുന്നു. ലൈസൻസിന് 2030 വരെ കാലാവധിയുണ്ടെന്നും പൊലീസ് അറിയിച്ചു.
ക്രൈം ടീമും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. നിലവിൽ ദുരൂഹതയൊന്നും സംശയിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ദീൻ ദയാൽ ഉപാധ്യായ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിവരികയാണ്. സംഭവത്തിൽ നിയമനടപടികൾ ആരംഭിച്ചതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.











0 comments