ആസിഫ് അലി–ജിസ് ജോയ് ചിത്രം ‘കോട്ടയം ബെൽറ്റ്’; ചിത്രീകരണം ആരംഭിച്ചു

കൊച്ചി: ഫീൽ ഗുഡ് സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ഇടം നേടിയ സംവിധായകൻ ജിസ് ജോയ്, ആസിഫ് അലിയുമായി വീണ്ടും ഒന്നിക്കുന്നു. ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തൃശൂരിൽ ആരംഭിച്ചു.
മീശപിരിച്ച് കലിപ്പ് ലുക്കിലുള്ള ആസിഫ് അലിയുടെ മേക്കോവർ അവതരിപ്പിച്ച മോഷൻ പോസ്റ്റർ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. ഒരുപിടി വിജയചിത്രങ്ങൾ സമ്മാനിച്ച ആസിഫ് അലി–ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ.
‘ബൈസിക്കിൾ തീവ്സ്’, ‘സൺഡേ ഹോളിഡേ’, ‘വിജയ് സൂപ്പറും പൗർണമിയും’, ‘ഇന്നലെ വരെ’, ‘തലവൻ’ എന്നീ ചിത്രങ്ങൾക്കുശേഷം ഇരുവരും ഒന്നിക്കുന്ന ആറാമത്തെ ചിത്രമാണിത്. ‘കിഷ്‌കിന്ധാ കാണ്ഡ’ത്തിനുശേഷം ആസിഫ് അലിയും വിജയരാഘവനും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ‘കോട്ടയം ബെൽറ്റ്’.
കിഴക്കൻ മലയോര ഗ്രാമത്തിലെ നാല് സഹോദരങ്ങളുടെ സംഘർഷഭരിതമായ ജീവിതമാണ് ഫാമിലി ത്രില്ലറായി അവതരിപ്പിക്കുന്നത്. ആളും അർഥവും മനോബലവും കൊണ്ട് ആർക്കും എളുപ്പത്തിൽ പ്രതിരോധിക്കാനാകാത്ത നാല് സഹോദരങ്ങളെയാണ് ചിത്രം കേന്ദ്രീകരിക്കുന്നത്. ക്രിസ്ത്യൻ പശ്ചാത്തലമുള്ള മലയോര ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പരിചിതമായ ജീവിതസാഹചര്യങ്ങളും കഥാപാത്രങ്ങളും റിയലിസ്റ്റിക്കായി അവതരിപ്പിക്കുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.
ഡ്രീം കാച്ചർ പ്രൊഡക്ഷൻസ്, കാളീഷ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ടി ആർ ഷംസുദ്ദീനും വേണു ഗോപാലകൃഷ്ണനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുരേഷ് ഗോപാലാണ് കഥയും തിരക്കഥയും ഒരുക്കുന്നത്.
ബോബി കുര്യൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, ജഗദീഷ്, വിഷ്ണു അഗസ്ത്യ, സാന്ദ്ര ചന്ദ്രൻ, ശ്രുതി രാമചന്ദ്രൻ, രഞ്ജിത്ത് ശേഖർ, ജിനു ജോസഫ്, ശ്രീകാന്ത് മുരളി, ജിതേഷ് റേച്ചൽ സാമുവൽ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ഛായാഗ്രഹണം: ബിനേന്ദ്ര മേനോൻ, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റിംഗ്: സൂരജ് ഇ എസ്, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ ബോബി ആൻഡ് സഞ്ജയ്, കലാ സംവിധാനം: അജയൻ മങ്ങാട്, കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, മേക്കപ്പ്: സുധി കട്ടപ്പന, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, ആക്ഷൻ: രാജശേഖർ, ചീഫ് അസോസിയേറ്റ്: സാഗർ, അസോസിയേറ്റ് ഡയറക്ടർമാർ: അഫ്നാസ് ലത്തീഫ്, സംഗീത് ജോയ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷമീജ് കോയിലാണ്ടി, സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: എ എസ് ദിനേശ്, വാഴൂർ ജോസ്, ആതിര ദിൽജിത്ത്.










0 comments