ad
Deshabhimani

അമേരിക്കൻ ഉപരോധം; ഊർജ പ്രതിസന്ധിയിൽ വലഞ്ഞ് ക്യൂബ, വീണ്ടും വൈദ്യുതി മുടക്കം

Cuba Blackout

ക്യൂബയിലെ ഒരു വീട്ടിൽ നിന്നുള്ള കാഴ്ച | Photo by YAMIL LAGE / AFP

വെബ് ഡെസ്ക്

Published on Jul 15, 2026, 04:36 PM | 2 min read

ഹവാന : ക്യൂബയെ തകർക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ സാമ്രാജ്യത്വം ഏർപ്പെടുത്തിയ എണ്ണ ഉപരോധത്തെത്തുടർന്ന് ഊർജ്ജപ്രതിസന്ധി രൂക്ഷം. ക്യൂബയിൽ ചൊവ്വാഴ്ച വീണ്ടും പൂർണമായി വൈദ്യുതി ബന്ധം തകരാറിലായതായി ഔദ്യോഗിക വക്താക്കൾ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ ക്യൂബ മുഴുവനായും ഇരുട്ടിലാകുന്നത് മൂന്നാമത്തെ തവണയാണ്. ‌‌


ക്യൂബയ്ക്ക് എണ്ണ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ ട്രംപ് കടുത്ത സാമ്പത്തിക നികുതികൾ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയത് മുതൽ രാജ്യത്ത് ഇന്ധനക്ഷാമം അതീവ ഗുരുതരമായി തുടരുകയാണ്. സാമ്രാജ്യത്വത്തിന്റെ ഈ ജനദ്രോഹ നടപടികളും കടുത്ത ഇന്ധനക്ഷാമവും രാജ്യത്ത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കിയിട്ടുണ്ട്. പൊതുഗതാഗതം ഭൂരിഭാഗവും തടസപ്പെടുകയും പതിനായിരക്കണക്കിന് ശസ്ത്രക്രിയകൾ മാറ്റിവെയ്ക്കേണ്ടി വരികയും ചെയ്തത് രാജ്യത്തെ ആരോഗ്യ മേഖലയേയും നിത്യജീവിതത്തെയും സാരമായി ബാധിച്ചു. എങ്കിലും അമേരിക്കൻ ഉപരോധങ്ങൾക്കിടയിലും ജനകീയ പ്രതിരോധവുമായി ക്യൂബൻ ജനത ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണ്.


ക്യൂബയിലെ കിഴക്കൻ പ്രവിശ്യയായ ഹോൾഗ്വിനിലെ ഒരു ജനറേറ്റിംഗ് യൂണിറ്റിലുണ്ടായ തകരാറിനെത്തുടർന്ന് ഉച്ചയോടെയാണ് രാജ്യത്തെ വൈദ്യുതി ശൃംഖല പൂർണമായി നിലച്ചതെന്ന് പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രിക് യൂണിയൻ വ്യക്തമാക്കി. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചിരിക്കുകയാണ് ഊർജ്ജ മന്ത്രാലയവും ഇലക്ട്രിക് യൂണിയനും. ഇതിന്റെ ഭാഗമായി ജനങ്ങളുടെ സുരക്ഷ മുൻനിർത്തി ആശുപത്രികൾ, ഭക്ഷ്യ സംസ്കരണ ശാലകൾ തുടങ്ങിയ അത്യാവശ്യ കേന്ദ്രങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി താൽക്കാലിക മൈക്രോ ഐലൻഡുകൾ സ്ഥാപിച്ച് വരികയാണ്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ തലസ്ഥാനമായ ഹവാനയുടെ നാല് ശതമാനം ഭാഗങ്ങളിൽ വൈദ്യുതി ഭാഗികമായി പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഗ്വാണ്ടനാമോ, സിയെൻഫ്യൂഗോസ് പ്രവിശ്യകളിലെ ആശുപത്രികളിലേക്കും മറ്റും വൈദ്യുതി എത്തിച്ചു തുടങ്ങിയതായും അധികൃതർ അറിയിച്ചു.


രാജ്യത്തിന് ആവശ്യമായ ഇന്ധനത്തിന്റെ 40 ശതമാനം മാത്രമാണ് സ്വന്തമായി ഉൽപാദിപ്പിക്കാൻ കഴിയുന്നത്. ബാക്കി ആവശ്യങ്ങൾക്ക് ഇറക്കുമതിയെ ആശ്രയിക്കുകയാണ്. ഇത് അമേരിക്കൻ ഉപരോധത്തോടെ അനിശ്ചിതത്വത്തിലായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ സാമ്പത്തികമായി പിടിച്ചുലക്കാനുള്ള അമേരിക്കൻ അധിനിവേശത്തിന്റെ ഭാഗമാണ് ഈ ഉപരോധം, കഴിഞ്ഞ ആഴ്ചയിൽ തിങ്കൾ, വെള്ളി ദിവസങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായത് ഒൻപത് ദശലക്ഷത്തിലധികം ജനങ്ങളെയാണ് ബാധിച്ചത്.


വൈദ്യുതി പ്രതിസന്ധി കാരണം പ്രവൃത്തി സമയം ചുരുക്കേണ്ടി വന്നതും വിമാന സർവീസുകൾ റദ്ദാക്കിയതും രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. കുടിവെള്ള വിതരണം, പാചകം, ഇന്റർനെറ്റ്-ടെലിഫോൺ സേവനങ്ങൾ എന്നിവയും അവതാളത്തിലായി. നിലവിലെ സാഹചര്യം നേരിടാൻ പല കുടുംബങ്ങളും സോളാർ പാനലുകളും പോർട്ടബിൾ ബാറ്ററികളും ഉൾപ്പെടുന്ന സ്വന്തം ബാക്കപ്പ് സംവിധാനങ്ങൾ സ്ഥാപിച്ചാണ് പ്രതിരോധം തീർക്കുന്നത്. ഗതാഗതത്തിനായി സോളാർ പവർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് മോട്ടോർ സൈക്കിളുകളെയും ത്രിചക്ര വാഹനങ്ങളെയുമാണ് ഇപ്പോൾ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home