ചോര്‍ന്നത് റിലയൻസ് ഗ്രൂപ്പിൽ നിന്ന്
കൂടംകുളം ആണവനിലയത്തെ കുറിച്ചുള്ള 19,000-ത്തോളം ഫയലുകൾ ഡാർക്ക് വെബിൽ; ആണവ മേഖലയിൽ വൻ സുരക്ഷാ വീഴ്ച

ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ ആണവോർജ്ജ നിലയമായ തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്. ആണവനിലയത്തിലെ കരാർ കമ്പനികളിലൊന്നായ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിൽ നിന്നാണ് വിവരങ്ങൾ പുറത്തായത്.
നിലയത്തിന്റെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കകൾ ഉയരുന്ന സാഹചര്യമാണ്. 'വേൾഡ് ലീക്ക്സ്' എന്ന കുപ്രസിദ്ധമായ റാൻസംവെയർ ഗ്രൂപ്പാണ് ചാര പ്രവര്‍ത്തനങ്ങൾക്ക് പിന്നിൽ പ്രവര്‍ത്തിച്ചതെന്ന വിവരവും കണ്ടെത്തിയിട്ടുണ്ട്.
ആണവനിലയത്തിന്റെ വിവിധ ഭാഗങ്ങളുടെ ബ്ലൂപ്രിന്റുകൾ സാങ്കേതിക വിവരങ്ങൾ, വിതരണക്കാരുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന വലിയൊരു ഡാറ്റാ ശേഖരമാണ് ഹാക്കര്‍മാര്‍ ചോര്‍ത്തി പരസ്യപ്പെടുത്തിയത്.
കൂടംകുളം ആണവനിലയത്തിന് നേരെ ഉണ്ടാകുന്ന രണ്ടാമത്തെ സൈബർ സുരക്ഷാ വീഴ്ചയാണിത്. 2019-ൽ ഉത്തരകൊറിയൻ ഹാക്കർമാരുമായി ബന്ധമുള്ള മാൽവെയർ ഇവിടത്തെ പ്ലാന്റിലെ അഡ്മിനിസ്ട്രേറ്റീവ് നെറ്റ്‌വർക്കിനകത്ത് കണ്ടെത്തിയ സംഭവം ഉണ്ടായി. ഇത് രാജ്യത്തെ ആണവ നിലയങ്ങളുടെ സുരക്ഷയിൽ വലിയ ആശങ്ക ഉയര്‍ത്തി. രസഹ്യങ്ങൾ സൂക്ഷിക്കുന്നതിൽ വീണ്ടും വീഴ്ച സംഭവിച്ചതായുളള വിവരങ്ങളാണ് പുറത്തെത്തുന്നത്. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് നൽകിയ പ്രത്യേക റിപ്പോർട്ടിലാണ് ചോര്‍ച്ച സംബന്ധിച്ച പുതിയ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.
19,000-ത്തോളം രഹസ്യ ഫയലുകൾ
ഏകദേശം 19,000-ത്തോളം നിർണായക ഫയലുകളാണ് ഹാക്കർമാർ പുറത്തുവിട്ടിരിക്കുന്നത്. 2016 മുതൽ 2025 പകുതി വരെയുള്ള കാലയളവിലെ വിവരങ്ങളാണ് ഇവയിലുള്ളത്.
"ഒരു ശത്രുവിന് ഈ പ്ലാന്റിലെ സുരക്ഷാ ക്രമീകരണങ്ങളിലെയും അനുബന്ധ സംവിധാനങ്ങളിലെയും ബലഹീനതകൾ കണ്ടെത്താനും, പ്ലാന്റിലേക്ക് ആർക്കൊക്കെയാണ് പ്രവേശനമുള്ളതെന്ന് മനസ്സിലാക്കാനും ഈ ഡാറ്റ സഹായിച്ചേക്കാം." — എന്ന് ന്യൂക്ലിയർ ത്രെറ്റ് ഇനിഷ്യേറ്റീവ് സീനിയർ ഡയറക്ടർ നിക്കോളാസ് റോത്ത് പറയുന്നു.
ശത്രുക്കൾക്ക് വഴി കാട്ടാം
നിലവിൽ നിർമാണത്തിലിരിക്കുന്ന യൂണിറ്റ് 3, യൂണിറ്റ് 4 എന്നിവയുടെ വെന്റിലേഷൻ, കൂളിംഗ് സംവിധാനങ്ങളുടെ ബ്ലൂപ്രിന്റുകൾ, പ്ലാന്റിന്റെ പ്രധാന കൺട്രോൾ റൂമിന്റെ വിശദമായ ഫ്ലോർ പ്ലാൻ എന്നീ രഹസ്യ ഫയലുകൾ പുറത്തെത്തിയ രേഖകളിൽ ഉൾപ്പെടുന്നു.
റിലയൻസും ന്യൂക്ലിയർ പവർ കോർപ്പറേഷനും തമ്മിൽ നടത്തിയ സംയുക്ത പരിശോധനാ യോഗങ്ങളുടെ വിവരങ്ങൾ, ഉപകരണങ്ങളുടെ ചിത്രങ്ങൾ, അംഗീകൃത സപ്ലയർമാരുടെ പട്ടിക എന്നിവയും ഡാര്‍ക് വെബിൽ എത്തി.
മാത്രമല്ല യൂണിറ്റ് മൂന്നും നാലും ഭീകരാക്രമണത്തിന് ഇരയായാൽ 112 മില്യൺ ഡോളർ ലഭിക്കുന്ന തരത്തിലുള്ള ഇൻഷുറൻസ് പോളിസി വിവരങ്ങൾ വരെ ചോര്‍ന്നവയിൽ ഉൾപ്പെടുന്നു. ഏകദേശം 930 കോടിയിലധികം രൂപ വരുന്ന ഇൻഷൂറൻസ് പോളിസി വിവരങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.
ആണവ റിയാക്ടറിന്റെ പ്രധാന നിയന്ത്രണ സംവിധാനങ്ങളെ ബാധിക്കുന്ന വിവരങ്ങളൊന്നും ചോർന്നതായി കണ്ടെത്തിയിട്ടില്ല. ഇത് ഒരു പരിധിവരെ വിവര ചോര്‍ച്ചയുടെ ആഴം കുറയ്ക്കുന്നു. റഷ്യയുടെ പൊതുമേഖലാ സ്ഥാപനമായ 'റോസാറ്റം' ആണ് ഈ സംവിധാനങ്ങൾ നൽകുന്നത്. അവരുടെ രേഖകളിലേക്ക് ഹാക്കര്‍മാര്‍ എത്തിയില്ല എന്നാണ് കരുതുന്നത്.
റിലയൻസും സേവനദാതാക്കളും പറയുന്നത്
അതേസമയം, ഡാറ്റാ സെന്റർ സേവനദാതാക്കളായ 'യോട്ട' ഹോസ്റ്റ് ചെയ്ത റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ സെർവറിൽ മേയ് 29-ന് സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്തിയതായി പറയുന്നുണ്ട്. ഉടൻ തന്നെ ഈ പ്രക്രിയ തടഞ്ഞതായും റാൻസംവെയർ ആക്രമണം പ്രതിരോധിച്ചതായും യോട്ട പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. ഈ സൂചന പക്ഷേ ഗൗരവത്തോടെ പിന്തുടര്‍ന്നില്ല. റിലയൻസിന്റെ സെർവർ ഹോസ്റ്റ് ചെയ്യുന്ന തേർഡ് പാർട്ടി ഡാറ്റാ സെന്റർ കമ്പനിയാണ് യോട്ട.
തങ്ങളുടെ സെർവറിൽ "ഭാഗികമായ ചോർച്ച" ഉണ്ടായിട്ടുണ്ടെന്ന് റിലയൻസ് ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പ്രധാന സൈബർ സുരക്ഷാ ഏജൻസിയായ സെർട്ട്-ഇൻ അന്വേഷണം തുടങ്ങിയിരിക്കയാണ്.
ഇന്ത്യയിലെ വമ്പൻ കമ്പനികളുടെ രഹസ്യങ്ങളും
വില്പനയ്ക്ക് വെച്ചു
ഹാക്കിങ് ഗ്രൂപ്പായ 'വേൾഡ് ലീക്ക്സ്' മുൻപ് നൈക്കി ടാറ്റ ഗ്രൂപ്പ് തുടങ്ങിയ വമ്പൻ കമ്പനികളെയും ലക്ഷ്യമിട്ടിട്ടുണ്ട്. ടാറ്റയിൽ നിന്ന് ചോർത്തിയ ആപ്പിൾ, ടെസ്‌ല കമ്പനികളുടെ നിർണായക രൂപരേഖകൾക്ക് പകരമായി അവർ 1.5 മില്യൺ ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. പണം നൽകാത്തതിനെ തുടർന്നാണ് വിവരങ്ങൾ പുറത്തുവിട്ടത്.
സൈബർ സുരക്ഷാ സ്ഥാപനമായ 'സർഫ്ഷാർക്ക്' പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഡാറ്റാ ചോർച്ചയിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയിലെ 73 ശതമാനത്തോളം സ്ഥാപനങ്ങളും തങ്ങൾ സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ടോ എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
നിര്‍മിത ബുദ്ധി സംവിധാനങ്ങൾ കൂടി എത്തിയതോടെ ഇതിനുള്ള വിടവുകൾ വലുതായി. സുരക്ഷാ സംവിധാനങ്ങൾ ദ്രുതഗതിയിൽ ഒരുക്കുകയും പുതിയ സംവിധാനങ്ങളും സാങ്കേതികതകളും കണ്ടെത്തി നടപ്പാക്കുകയും ചെയ്യേണ്ട അടിയന്തര സാഹചര്യമാണ്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര സര്‍ക്കാരിന് ഒരു നയ രൂപകരണത്തിന് പോലും കഴിഞ്ഞില്ല. ഈ വിമര്‍ശനം ശക്തമാവുന്നതിനിടയിലാണ് ആണവ നിലയത്തിലെ ചോര്‍ച്ച പരസ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരോ ആഭ്യന്തര മന്ത്രാലയമോ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
രാജ്യത്തെ ഏറ്റവും വലിയ ആണവോർജ്ജ നിലയം
ഇന്ത്യയിലെ ഏറ്റവും വലിയ ആണവോർജ്ജ നിലയമാണ് തമിഴ്‌നാട്ടിലെ കൂടംകുളത്ത് സ്ഥിതി ചെയ്യുന്ന കൂടംകുളം ആണവനിലയം. സുരക്ഷയുടെ കാര്യത്തിലും ഈ മേന്മ അവകാശപ്പെടുന്നു. കേന്ദ്ര ഗവൺമെന്റ് ഉടമസ്ഥതയിലുള്ള ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL) ആണ് ഈ നിലയം നിർമ്മിച്ച് പ്രവർത്തിപ്പിക്കുന്നത്. റഷ്യൻ ഗവൺമെന്റിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. റഷ്യൻ പൊതുമേഖലാ സ്ഥാപനമായ 'റോസാറ്റം' (Rosatom) ആണ് ഇതിനാവശ്യമായ പ്രധാന റിയാക്ടർ സാങ്കേതികവിദ്യയും ഉപകരണങ്ങളും നൽകുന്നത്.
ഇവിടെ ഉപയോഗിക്കുന്നത് അത്യാധുനിക മർദ്ദിത ജല റിയാക്ടറുകളാണ് (Pressurized Water Reactors - PWR). റഷ്യൻ സാങ്കേതികവിദ്യയിലുള്ള ഇവ VVER-1000 റിയാക്ടറുകൾ എന്നറിയപ്പെടുന്നു.
ആകെ 6,000 മെഗാവാട്ട് ഉൽപ്പാദനശേഷി ലക്ഷ്യമിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി 1,000 മെഗാവാട്ട് ശേഷിയുള്ള 6 റിയാക്ടർ യൂണിറ്റുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 1,000 മെഗാവാട്ട് വീതം ശേഷിയുള്ള ആദ്യ രണ്ട് യൂണിറ്റുകൾ നിലവിൽ പൂർണ്ണതോതിൽ വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ട്.
യൂണിറ്റ് മൂന്ന് നാല് എന്നിവ നിർമാണം പുരോഗമിക്കുകയാണ്. യഥാക്രമം 1,000 മെഗാവാട്ട് വീതം ശേഷിയുള്ള ഈ യൂണിറ്റുകൾ 2027-ഓടെ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവയുടെ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത് എന്നതും ആശങ്കയാണ്.
സുരക്ഷാ മാനദണ്ഡങ്ങളുടെ കാര്യത്തിൽ 'അഡ്വാൻസ്ഡ് പാസീവ് സേഫ്റ്റി സിസ്റ്റം' (Advanced Passive Safety Systems) ഉൾപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ മൂന്നാം തലമുറ ആണവനിലയങ്ങളിൽ ഒന്നാണിത് എന്നാണ് വിശേഷിപ്പിക്കുന്നത്.










0 comments