ad
Deshabhimani

കരുത്തോടെ ബാങ്കിങ് ഓഹരികൾ; നേട്ടത്തിൽ അവസാനിച്ച് ഓഹരി വിപണി

stock

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 15, 2026, 05:52 PM | 1 min read

മുംബൈ : ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ബുധനാഴ്ച നേട്ടത്തിൽ വ്യാപാരം അവസാനിച്ചു. പശ്ചിമേഷ്യയിൽ യുദ്ധഭീതിയും അസംസ്‌കൃത എണ്ണവില വൻ വർധനവും തുടരുന്നതിനിടെയാണ് ഈ നേട്ടം. ചൊവ്വാഴ്ചയുണ്ടായ കനത്ത ഇടിവിൽ നിന്ന് വിപണി മികച്ച രീതിയിലാണ് തിരിച്ചുകയറിയത്. ബാങ്ക് ഓഹരികളിലുണ്ടായ മുന്നേറ്റവും അമേരിക്കയിലെ പണപ്പെരുപ്പ നിരക്കിലുണ്ടായ കുറവുമാണ് വിപണിക്ക് അനുകൂലമായത്. വരും മാസങ്ങളിൽ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിക്കുന്നതിൽ കടുത്ത സമീപനം സ്വീകരിക്കില്ലെന്ന പ്രതീക്ഷ നിക്ഷേപകർക്ക് കരുത്തായി മാറി. എന്നാൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കടുക്കുന്നത് വ്യാപാരത്തിന്റെ രണ്ടാം പകുതിയിൽ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുകയും ലാഭമെടുപ്പിന് കാരണമാകുകയും ചെയ്തു.


ഇന്ന് സെൻസെക്സ് 130.49 പോയിന്റ് അഥവാ 0.17 ശതമാനം ഉയർന്ന് 77,185.43 എന്ന നിലവാരത്തിലും, നിഫ്റ്റി 26.45 പോയിന്റ് അഥവാ 0.11 ശതമാനം നേട്ടത്തിൽ 24,078.50 എന്ന നിലയിലമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ തുടക്കത്തിൽ 24,200 കടന്ന നിഫ്റ്റി പിന്നീട് 24,078 നിലവാരത്തിലേക്ക് താഴുകയായിരുന്നു.


അതേസമയം ബാങ്കിങ് ഓഹരികൾ വിപണിയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പൊതുമേഖലാ ബാങ്കുകളുടെ കരുത്തിൽ ബാങ്ക് നിഫ്റ്റി സൂചിക 58,000 നിലവാരം വീണ്ടെടുത്തു. നിഫ്റ്റിയിൽ ഇറ്റേണൽ, അൾട്രാടെക് സിമന്റ്, ശ്രീറാം ഫിനാൻസ് എന്നീ ഓഹരികൾ നേട്ടത്തിന് നേതൃത്വം നൽകിയപ്പോൾ പവർ ഗ്രിഡ്, ഹിൻഡാൽകോ, ഇൻഫോസിസ് എന്നിവ നഷ്ടം നേരിട്ടു. വരും ദിവസങ്ങളിലും വിപണിയിലെ ഏറ്റക്കുറച്ചിലുകൾ തുടരുമെന്നാണ് വിലയിരുത്തൽ.


ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും സമ്മർദ്ദത്തിലാവുകയും 16 പൈസ ഇടിഞ്ഞ് 96.32 എന്ന നിരക്കിലെത്തുകയും ചെയ്തു. എന്നാൽ ആഭ്യന്തര ഓഹരി വിപണിയിലെ മുന്നേറ്റവും ആഗോള തലത്തിൽ ഡോളർ സൂചിക ദുർബലമായതും രൂപയുടെ വലിയ തകർച്ച തടഞ്ഞുനിർത്താൻ സഹായിച്ചു. ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ 96.12 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച രൂപ പിന്നീട് 96.04 നും 96.32 നും ഇടയിലാണ് വ്യാപാരം നടത്തിയത്. ഒടുവിൽ മുൻ ദിവസത്തെ അപേക്ഷിച്ച് 16 പൈസ നഷ്ടത്തിൽ 96.32 എന്ന നിലവാരത്തിൽ രൂപ വ്യാപാരം അവസാനിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home