കോറോ ഹെൽത്തിന് തടിയൂരാൻ സർക്കാർ വഴിയൊരുക്കുന്നു: സിഐടിയു

തിരുവനന്തപുരം: കോറോ ഹെൽത്ത് മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നിലപാടുകൾക്ക് കൂട്ടുനിൽക്കുകയും മാനേജ്മെന്റിന് തടിയൂരാൻ സർക്കാർതന്നെ വഴിയൊരുക്കുകയും ചെയ്യുകയാണെന്ന് സിഐടിയു. സംസ്ഥാന തൊഴിൽമന്ത്രി വിളിച്ച ചർച്ചയിൽ, അടച്ചുപൂട്ടലും പിരിച്ചുവിടലും ഒഴികെയുള്ള കാര്യങ്ങളിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടത് കോറോ ഹെൽത്ത് മാനേജ്മെന്റാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഗസ്‌ത് 20-ന് നേരിട്ടുള്ള ചർച്ച നിശ്ചയിച്ചത്. എന്നാൽ, ചർച്ചയിൽ പങ്കെടുത്ത തൊഴിലാളി സംഘടനകളോടോ ജീവനക്കാരുടെ പ്രതിനിധികളോടോ കൂടിയാലോചന നടത്താതെയാണ് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടത്. ജി-ടെക് വഴി പകരം തൊഴിൽ നൽകാമെന്ന വ്യവസായമന്ത്രിയുടെ നിർദ്ദേശം ജനാധിപത്യവിരുദ്ധവും ഏകപക്ഷീയവുമാണ്. ഇത് ജീവനക്കാരെ പറ്റിക്കാനുള്ള കുറുക്കുവഴിയാണ്.
വ്യവസായമന്ത്രിയുടെ ഏകപക്ഷീയ ഇടപെടലോടെ ആഗസ്‌ത് 20-ന് നിശ്ചയിച്ച ചർച്ച പ്രഹസനമായി. മാനേജ്മെന്റിന് നിയമപരമായ ബാധ്യതകളിൽനിന്ന് രക്ഷപ്പെടാനുള്ള അവസരമാണ് ഒരുക്കുന്നത്. സർക്കാരിന്റെ നിയമാധികാരം ഉപയോഗപ്പെടുത്തി മാനേജ്മെന്റിനെതിരെ പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കുകയാണ് ചെയ്യേണ്ടത്. തൊഴിൽമന്ത്രി അറിഞ്ഞണോ വ്യവസായമന്ത്രിയുടെ രഹസ്യ നീക്കമെന്ന് വ്യക്തമാക്കണം.
നിയമപരമായ എല്ലാ അവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കും ജീവനക്കാർക്ക് അർഹതയുണ്ട്. കോറോ ഹെൽത്തിന് പകരം ജി-ടെക് ഈ ആനുകൂല്യങ്ങൾ നൽകുമോ എന്ന് വ്യക്തമാക്കണം. കോറോ ഹെൽത്ത് മാനേജ്മെന്റിനെക്കൊണ്ട് തന്നെ അവരുടെ തെറ്റായ നടപടികൾ പിൻവലിപ്പിക്കാൻ സാധിക്കണം. പ്രശ്നപരിഹാരത്തിന് തുടക്കംമുതൽ ജീവനക്കാരോടൊപ്പംനിന്ന സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളെ അകറ്റിനിർത്തി സർക്കാർ സ്വീകരിക്കുന്ന ഇത്തരം നടപടികൾ തൊഴിലാളിവിരുദ്ധവും കോർപറേറ്റ് മാനേജ്മെന്റുകൾക്ക് അനുകൂലവുമാണെന്നും സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.











0 comments