പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പ്രതീകാത്മക ചിത്രം
പാലക്കാട്: കടമ്പഴിപ്പുറത്ത് മുലപ്പാൽ നൽകി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. പാലക്കാട് കടമ്പഴിപ്പുറം വെട്ടംപറമ്പത്ത് കിഴക്കേതിൽ കൃഷ്ണകുമാർ– സുമിഷ ദമ്പതികളുടെ മകൻ യുവാനാണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി പതിവുപോലെ അമ്മയുടെ അരികിലാണ് കുഞ്ഞ് ഉറങ്ങാൻ കിടന്നത്. അർദ്ധരാത്രിയോടെ അമ്മ കുഞ്ഞിന് മുലപ്പാൽ നൽകുകയും ചെയ്തിരുന്നു. കുട്ടി രാവിലെ ഏഴുമണിയായിട്ടും ഉണരാത്തതിനെ തുടർന്ന് അമ്മ സുമിഷ നോക്കിയപ്പോഴാണ് കുഞ്ഞിനെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണോ അതോ മറ്റെന്തെങ്കിലും ശാരീരിക അസ്വസ്ഥതകളാണോ മരണകാരണമെന്ന് വ്യക്തമായിട്ടില്ല. മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്ന് പരിശോധിക്കാൻ ശ്രീകൃഷ്ണപുരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
ശാസ്ത്രീയമായ പരിശോധനകൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.











0 comments