യു എ ഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളിൽ അനിശ്ചിതത്വം; അൽഹിന്ദിന് നൽകിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദാക്കി

ദുബായ്: യു എ ഇയിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പാസ്‌പോർട്ട് പുതുക്കൽ കാലതാമസം കൂടുതൽ നീളാൻ സാധ്യത. അബുദാബിയിലെ ഇന്ത്യൻ എംബസിയുൾപ്പെടെ യു എ ഇ, കുവൈത്ത്, സിംഗപ്പൂർ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്ര മിഷനുകളുടെ കോൺസുലർ സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനായി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് നൽകിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദാക്കി. പുതിയ ടെൻഡർ നടപടികൾ ആരംഭിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കോടതി നിർദേശം നൽകി.
സാങ്കേതിക മൂല്യനിർണയ ഘട്ടത്തിൽ അയോഗ്യരാക്കിയ രണ്ട് കമ്പനികൾ സമർപ്പിച്ച ഹർജികളിലാണ് കോടതി വിധി. ടെൻഡർ വിലയിരുത്തലിൽ മാർക്ക് നൽകിയതിന്റെ അടിസ്ഥാനങ്ങൾ ബന്ധപ്പെട്ട അധികൃതർ വെളിപ്പെടുത്തിയിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഇതോടെ നിലവിലെ ടെൻഡർ നടപടികൾ അസാധുവാണെന്ന് പ്രഖ്യാപിച്ച കോടതി, ബന്ധപ്പെട്ട എല്ലാ ഇന്ത്യൻ മിഷനുകൾക്കുമായി ഒരു മാസത്തിനകം പുതിയ റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ ക്ഷണിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് നിർദേശിച്ചു.
അതേസമയം, പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതുവരെ മുൻ സേവനദാതാക്കളായ ബി എൽ എസ് ഇന്റർനാഷണലിന് കോൺസുലർ സേവനങ്ങൾ താൽക്കാലികമായി തുടരാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.
അബുദാബിയിലെ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള പാസ്‌പോർട്ട് ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾ സംബന്ധിച്ച പുതിയ ക്രമീകരണങ്ങൾ നിലവിൽ വരുന്നതുവരെ നിലവിലെ സേവനങ്ങൾ ബി എൽ എസ് വഴി തുടരുമെന്നാണ് സൂചന. പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകാൻ എത്ര സമയം വേണ്ടിവരുമെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.











0 comments