ഗാസയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനിടെ പുകപടലങ്ങൾ ഉയർന്നുപൊങ്ങുന്നു | Photo by OMAR AL-QATTAA / AFP
ടെൽ അവീവ് : പശ്ചിമേഷ്യയിൽ പ്രഖ്യാപിക്കപ്പെട്ട താല്കാലിക വെടിനിർത്തൽ കരാർ കാറ്റിൽപ്പറത്തിക്കൊണ്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ബുധനാഴ്ച ഗാസയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ ദൈർ അൽ ബലാഹിലുള്ള ഒരു ഫ്ലാറ്റിന് നേരെ നടന്ന ആക്രമണത്തിൽ മാതാപിതാക്കളും അവരുടെ ആറ് വയസ്സുള്ള പിഞ്ചുമകളുമാണ് മരിച്ചത്.
ആക്രമണത്തിൽ തകർന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ പലസ്തീൻ സിവിൽ ഡിഫൻസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്ത. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു കുട്ടിയെ മാത്രമാണ് അത്ഭുതകരമായി ജീവനോടെ രക്ഷപ്പെടുത്താൻ കഴിഞ്ഞതെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഗാസയിൽ പിഞ്ചുകുട്ടികൾ ദിവസേന കൊലചെയ്യപ്പെടുകയാണ്. ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടുന്നവർക്ക് തന്നെ ആവശ്യത്തിന് മരുന്നുകളോ ചികിത്സാ സൗകര്യങ്ങളോ ഇല്ല. എന്നാൽ ഹമാസ് പോരാളിയെ ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന പതിവ് ന്യായീകരണമാണ് ഇസ്രയേൽ സൈന്യം ആവർത്തിക്കുന്നത്.
ഗാസ സിറ്റിയിലെ ഒരു പുനരധിവാസ കേന്ദ്രത്തിന് നേരെയും നൂറുകണക്കിന് അഭയാർത്ഥി കുടുംബങ്ങൾ കഴിഞ്ഞുകൂടുന്ന തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള ഒരു പാർക്കിന് നേരെയും ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം വിവിധ ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.
ഒക്ടോബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും തമ്മിൽ താല്കാലിക വെടിനിർത്തൽ ധാരണയിലെത്തിയെങ്കിലും ഗാസയിൽ നിരപരാധികളെ കൊന്നൊടുക്കിക്കൊണ്ടുള്ള ആക്രമണങ്ങൾ തുടരുകയാണ്. യുദ്ധം വലിയ തോതിൽ കുറഞ്ഞുവെങ്കിലും ഈ താല്കാലിക വെടിനിർത്തൽ കാലയളവിനുള്ളിൽ മാത്രം ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 275 കുട്ടികൾ ഉൾപ്പെടെ 1,100ലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഗാസയിലെ 96 ശതമാനം കുട്ടികളും മരണം തൊട്ടടുത്തെത്തിയതായി ഭയപ്പെടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ റീപ്രൊഡക്ടിവ് - ഹെൽത്ത് ഏജൻസി വ്യക്തമാക്കുന്നു. ഇതേ കാലയളവിൽ പ്രതിരോധത്തിനിടെ നാല് ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
2023 ഒക്ടോബറിൽ ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തോടെയാണ് നിലവിലെ സംഘർഷം ആരംഭിക്കുന്നത്. അന്ന് 1,200 ഓളം ഇസ്രയേലികൾ കൊല്ലപ്പെടുകയും 240 പേരെ ഹമാസ് തടവുകാരാക്കുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടിയായി ഇസ്രയേൽ ഗാസയിൽ നടത്തിയ ക്രൂരമായ സൈനിക അധിനിവേശത്തിൽ ഇതുവരെ 21,000 കുട്ടികൾ ഉൾപ്പെടെ 73,200ലധികം പലസ്തീനികളാണ് ദാരുണമായി കൊല്ലപ്പെട്ടത്.
1945ൽ രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ പ്രയോഗിച്ച ആറ്റംബോംബിനേക്കാൾ 16 ഇരട്ടിയിലധികം സ്ഫോടകവസ്തുക്കളാണ് (ഏതാണ്ട് 2,23,000 ടൺ) ഇസ്രയേൽ ഇതുവരെ ഗാസയിൽ വർഷിച്ചത്. ഇതോടെ ഗാസ പൂർണമായും തകരുകയും അവിടുത്തെ ജനങ്ങൾ സ്വന്തം മണ്ണിൽ അഭയാർത്ഥികളാകുകയും ചെയ്തു. ഹമാസ് ആയുധം വെച്ചൊഴിയുകയും ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പൂർണമായി പിന്മാറുകയും ചെയ്യുന്ന രണ്ടാം ഘട്ട ചർച്ചകൾ അമേരിക്കൻ അനുകൂല നിലപാടുകൾ കാരണം നിലവിൽ സ്തംഭിച്ച അവസ്ഥയിലാണ്. ഇസ്രയേലിന്റെ ഏകപക്ഷീയമായ ആക്രമണങ്ങൾ മൂലം പശ്ചിമേഷ്യയിൽ ശാശ്വതമായ ഒരു സമാധാനം നിലവിൽ വരുന്നത് ഇപ്പോഴും കടുത്ത അനിശ്ചിതത്വത്തിൽ തുടരുകയാണ്.










0 comments