ബാങ്കോക്ക് പബ്ബ് തീപിടിത്തം; മരണസംഖ്യ 32 ആയി ഉയർന്നു, 15 പേർ ഗുരുതരാവസ്ഥയിൽ

Photo: Reuters
ബാങ്കോക്ക് : തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ ലൈവ് മ്യൂസിക് പബ്ബിലുണ്ടായ വൻ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി ഉയർന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി ബുധനാഴ്ച മരണപ്പെട്ടതായി അധികൃതർ അറിയിച്ചു. പരിക്കേറ്റ 30 പേർ ഇപ്പോഴും നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 15 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചികിത്സയിലുണ്ടായിരുന്ന 44 പേർ ഇതുവരെ ആശുപത്രി വിട്ടു. സമീപകാലത്ത് തായ്‌ലൻഡ് കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്.
ഞായറാഴ്ച അർധരാത്രിയോടെ വടക്കൻ ചതുചക് മേഖലയിലെ റോങ് ബിയർ നാ ലാറ്റ് പ്രാവോ പബ്ബിലാണ് ദുരന്തമുണ്ടായത്. ശക്തമായ സ്ഫോടന ശബ്ദത്തോടെ തീയും പുകയും കെട്ടിടമാകെ പടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സീലിംഗിലെ എയർകണ്ടീഷണറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിലെ ശബ്ദനിയന്ത്രണത്തിനായി വേദിക്ക് ചുറ്റും ഉപയോഗിച്ചിരുന്ന എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കളാണ് പുകയുടെയും വിഷവാതകത്തിന്റെയും തീവ്രത കൂട്ടിയതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ ഗുരുതരമായ സുരക്ഷാവീഴ്ചയും അനാസ്ഥയും ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടിയന്തിര എക്സിറ്റ് വാതിലുകൾ തടസപ്പെട്ടിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിനോദകേന്ദ്രങ്ങളിലെ സുരക്ഷാ നിയമങ്ങൾ കർശനമാക്കുമെന്ന് സർക്കാർ വ്യക്തമാക്കി. സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ രാജ്യവ്യാപകമായി മിന്നൽ പരിശോധനകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. മുൻപ് 2009ൽ ബാങ്കോക്കിലെ മറ്റൊരു നൈറ്റ് ക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ 65 പേർ മരിച്ചിരുന്നു.










0 comments