രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്‌റ്റിട്ട യുവാവിന് ഭീഷണി; 10 പേർക്കെതിരെ കേസ്

രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിട്ട യുവാവിനെതിരെ യൂത്ത് കോൺഗ്രസുകാരുടെ വധഭീഷണിയെന്ന് പരാതി. മാവേലിക്കര സ്വദേശിയായ അരുൺ ശിവൻകുട്ടി പത്തനംതിട്ട പൊലീസിൽ നൽകിയ പരാതിയിൽ കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെ കേസെടുത്തു. പരാതി നൽകി ദിവസങ്ങളായിട്ടും നടപടിയില്ലെന്ന് ആരോപിച്ച് ബുധൻ രാവിലെയാണ് അരുൺ പത്തനംതിട്ട സ്‌റ്റേഷനിൽ പ്രതിഷേധവുമായെത്തിയത്.
പീഡനക്കേസിൽ രാഹുൽ ജയിലിലായ സമയത്ത് രാഹുലിനെതിരെ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റ് ഇട്ടതുമായി ബന്ധപ്പെട്ട് പത്തനംതിട്ട സൈബർ സ്‌റ്റേഷനിൽ തെളിവ് നൽകാനെത്തിയപ്പോഴാണ് രാഹുലിന്റെ അനുയായികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിലുള്ളത്. ഇതുസംബന്ധിച്ച് പത്തനംതിട്ട പൊലീസിൽ അരുൺ പരാതി നൽകിയിരുന്നു. ഭീഷണിപ്പെടുത്തുന്ന സമയത്ത് അക്രമികളിലൊരാൾ രാഹുലിനെ വീഡിയോ കോൾ ചെയ്ത് ദൃശ്യങ്ങൾ ലൈവായി കാണിച്ചുകൊടുക്കുന്നുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പൊലീസ് വേണ്ട രീതിയിൽ അന്വേഷിച്ചില്ലെന്ന് ആരോപിച്ചാണ് കരിങ്കൊടിയും പ്ലക്കാർഡുമായി യുവാവ് പ്രതിഷേധത്തിനെത്തിയത്.
മെയിലിൽ ലഭിച്ച പരാതി സംബന്ധിച്ച് വിശദമൊഴി നൽകാൻ വിളിച്ചിട്ടും എത്താത്തതിനാലാണ് കേസെടുക്കാൻ വൈകിയതെന്നാണ് പൊലീസ് വാദം. ബുധനാഴ്ച വീണ്ടും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഭീഷണിപ്പെടുത്തിയതെന്നാണ് അരുണിന്റെ മൊഴി.











0 comments