പ്രസവിച്ചശേഷം കുഞ്ഞിനെ ശുചിമുറിയില്‍ ഉപേക്ഷിക്കാൻശ്രമം; യുവതിയെ പിടികൂടി

മൂന്നാർ : പ്രസവിച്ചശേഷം കുഞ്ഞിനെ ശുചിമുറിയില്‍ ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിച്ച യുവതിയെ പിടികൂടി. സൂര്യനെല്ലി സ്വദേശിയായ പത്തൊന്പതുകാരിയാണ് പിടിയിലായത്. മൂന്നാർ ടൗണിന് സമീപം നല്ലതണ്ണി ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന പൊതുശുചിമുറിയിലായിരുന്നു സംഭവം. പ്രസവിച്ചശേഷം കുഞ്ഞിനെ ക്ലോസറ്റില്‍ ഇട്ടശേഷം യുവതി തൊട്ടടുത്തുള്ള ശുചിമുറിയിലേക്ക് കയറി.
തൊട്ടുപിന്നാലെ ശുചി മുറിയിലെത്തിയ മൂന്നാർ സ്വദേശിനിയായ സ്ത്രീ ക്ലോസറ്റില്‍ രക്തം പുരണ്ടുകിടക്കുന്ന കുഞ്ഞിനെ കണ്ടു. അവിടെയുണ്ടായിരുന്നു മറ്റൊരു സ്ത്രീയുടെ സഹായത്തോടെ കുട്ടിയെ എടുത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇതിനിടെ അടുത്ത ശുചിമുറിയില്‍നിന്ന് ഇറങ്ങി വന്ന യുവതിയോട് കാര്യം അന്വേഷിച്ചെങ്കിലും നിഷേധിക്കുകയായിരുന്നു.
യുവതിയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന രക്തക്കറ സംശയത്തിന് ഇടയാക്കി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ യുവതിയെയും എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ച് കുട്ടിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ പൊലീസ് ആശുപത്രിയിലെത്തി അന്വേഷണം നടത്തി. യുവതി അവിവാഹിതയാണ്.








0 comments