ഇടമലക്കുടിയിൽ വീണ്ടും ദുരിതയാത്ര; രാത്രിയിൽ രോഗിയെ നാല് കിലോമീറ്റർ ചുമന്ന് ആശുപത്രിയിലെത്തിച്ചു

കട്ടപ്പന : ഇടുക്കി ഇടമലക്കുടിയിൽ വീണ്ടും രോഗിയുമായി ദുരിതയാത്ര. രക്തസമ്മർദ്ദത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ നാല് കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. കൂടല്ലാർകുടി സ്വദേശിയായ ശിവദാസ് (58)നെയാണ് കൂടല്ലാർകുടിയിൽ നിന്ന് ആനക്കുളം വരെ ചുമന്ന് എത്തിച്ച ശേഷം വാഹനത്തിൽ ആശുപത്രിയിലെത്തിച്ചത്.
രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായതോടെയാണ് കൂടല്ലാർകുടിയിൽ നിന്ന് രാത്രി തന്നെ രോഗിയെ പുറത്തെത്തിച്ചത്. കമ്പിൽ തുണി കെട്ടി അതിൽ കിടത്തിയ ശേഷം പുഴയും തോടും തടിപ്പാലങ്ങളും കടന്ന് നാല് കിലോമീറ്ററോളം ചുമന്നാണ് പുറത്തെത്തിച്ചത്. ആനക്കുളത്താണ് വാഹനസൗകര്യമുള്ളത്. ഇവിടെ നിന്ന് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച ശിവദാസനെ നില ഗുരുതരമായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മുമ്പും സമാനമായി രോഗിയെ കിലോമീറ്ററുകളോളം ചുമന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഇതാദ്യമായാണ് രാത്രിയിൽ കൊടുങ്കാട്ടിലൂടെ രോഗിയെ എത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇടമലക്കുടിയിൽ നിന്ന് പുറത്തേക്ക് എത്താൻ പതിനാല് കിലോമീറ്റർ ദൂരമുണ്ട്. നിലവിൽ കൂടല്ലാർകുടിയിൽ നിന്ന് ആനക്കുളത്തേക്ക് എളുപ്പത്തിൽ എത്താൻ വഴി ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ വഴി ഇല്ലാത്തതിനാൽ കൊടുങ്കാട്ടിലൂടെ ചുമന്നാണ് രോഗികളെ പുറത്തെത്തിക്കുന്നത്.








0 comments