പിറകോട്ടെടുത്ത ഥാർ കയറിയിറങ്ങി; പാർക്കിങ്ങിൽ ഉറങ്ങുകയായിരുന്ന മധ്യവയ്സ്കയ്ക്ക് ദാരുണാന്ത്യം

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ ഥാർ വാഹനമിടിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം. അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് പരിക്കേറ്റ മധ്യവയ്സ്കയെ ആശുപത്രിയിലെത്തിച്ചെങ്കിലും, മരണം സ്ഥിരീകരിച്ചു. തുടർന്ന് മൃതദേഹം തിരികെ അപകടസ്ഥലത്ത് തന്നെ കൊണ്ടുവന്ന് ഉപേക്ഷിച്ച് കാറോടിച്ച സ്ത്രീ കടന്നുകളഞ്ഞു. ഉത്തർപ്രദേശിലെ മഹോബ സ്വദേശിയായ ഗുഡ്ഡിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ കാറുടമയായ സ്ത്രീക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൊഴിലെടുക്കുന്ന അപ്പാർട്ട്‌മെന്റ് കോംപ്ലക്സിന് സമീപത്തുവെച്ചാണ് മധ്യവയ്സ്കയ്ക്ക് നേരെ കാർ പാഞ്ഞുകയറിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കാറുടമയായ സ്ത്രീ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ പരിശോധിച്ച ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഹൗസിങ് സൊസൈറ്റിയിലെ ഫ്ളാറ്റുകളിൽ ജോലിചെയ്തുവന്നിരുന്ന ഗുഡ്ഡി സൊസൈറ്റിയിലെ പാർക്കിങ്ങിൽ ഉറങ്ങുന്നതിനിടെ, സ്ത്രീ അശ്രദ്ധയോടെ വാഹനം പിറകോട്ടെടുത്തപ്പോൾ ഗുഡ്ഡിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. തുടർന്ന് വാഹനമോടിച്ചിരുന്ന സ്ത്രീ ഗുഡ്ഡിയെ മറ്റൊരു വാഹനത്തിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.
തുടർന്ന് പൊലീസിനെ അറിയിക്കാനോ നിയമനടപടികളുമായി സഹകരിക്കാനോ തയ്യാറാകാതിരുന്ന സ്ത്രീ, മൃതദേഹം കാറിൽ കയറ്റി വീണ്ടും അപകടം നടന്ന സ്ഥലത്ത് കൊണ്ടുപോയി റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിവരങ്ങൾ പുറത്തുവന്നത്. മൃതദേഹം റോഡിൽ തള്ളിയ ശേഷം ഇവർ കാറോടിച്ച് രക്ഷപ്പെടുകയായിരുന്നു.









0 comments