സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം മരവിപ്പിച്ച് ഹൈക്കോടതി; പുനഃസംഘടിപ്പിക്കാൻ തയ്യാറെന്ന് സർക്കാർ

കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താൽക്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി. ബോർഡ് നിലവിൽ നയപരമായ തീരുമാനങ്ങൾ എടുക്കരുതെന്നും കോടതിയുടെ അനുമതിയില്ലാതെ തുടർനടപടികൾ പാടില്ലെന്നും ജസ്റ്റിസ് ഉത്തരവിട്ടു. ബോർഡിന്റെ താൽക്കാലിക ഭരണചുമതല വകുപ്പ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം, കേന്ദ്ര നിയമഭേദഗതിയുടെ പശ്ചാത്തലത്തിൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ തയ്യാറാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വഖഫ് ബോർഡിൽ, മുസ്ലിം വിഭാഗത്തിൽപ്പെടാത്ത രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന്റെ ഹർജി പരിഗണിച്ചാണ് കോടതി ഇടപെടൽ.
2025-ലെ വഖഫ് നിയമഭേദഗതി പ്രകാരം ബോർഡിൽ, മുസ്ലിം വിഭാഗത്തിൽപ്പെടാത്ത രണ്ട് അംഗങ്ങൾ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ നടപ്പിലാക്കാൻ സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചു. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ താല്പര്യപ്പെടുന്നത് എന്ന് കോടതിയിൽ വ്യക്തമാക്കപ്പെട്ടു.
വഖഫ് ബോർഡ് ചെയർമാനും അംഗങ്ങൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. 2026-ൽ ബോർഡ് രൂപീകരിച്ചപ്പോൾ 9 അംഗങ്ങളെയാണ് സർക്കാർ നിശ്ചയിച്ചിരുന്നത്. കേന്ദ്ര നിയമഭേദഗതി പൂർണ്ണമായി പാലിച്ച്, ബോർഡ് പുനഃസംഘടിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേസ് ഒരാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.










0 comments