പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം: ആശുപത്രിക്ക് ഗുരുതര വീഴ്ചയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പയ്യന്നൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒന്നര വയസുകാരൻ ദേവാൻഷ് മരിച്ച സംഭവത്തിൽ നിർണ്ണായകമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. കുഞ്ഞിന് അനസ്‌തേഷ്യ നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും, ശസ്ത്രക്രിയ പോലും ആവശ്യമില്ലാത്ത നിസ്സാര മുറിവായിരുന്നു കുഞ്ഞിന്റെ ചുണ്ടിലുണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കുഞ്ഞിന്റെ ചുണ്ടിലുണ്ടായിരുന്നത് 0.6 × 0.2 × 0.2 ആഴത്തിലുള്ള നേരിയ മുറിവ് മാത്രമാണ്. ഇത് മൂന്ന് ദിവസം കൊണ്ട് സ്വാഭാവികമായി ഉണങ്ങേണ്ടതായിരുന്നു. തുന്നൽ പോലും ആവശ്യമില്ലാത്ത മുറിവിന് അനസ്‌തേഷ്യ നൽകി ശസ്ത്രക്രിയ നടത്തിയത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അനസ്‌തേഷ്യ നൽകി പത്ത് മിനിറ്റിനുള്ളിൽ കുഞ്ഞിന്റെ തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചു. ആവശ്യത്തിന് ഓക്സിജൻ തലച്ചോറിലേക്ക് ലഭിക്കാതെ വന്നതാണ് മരണത്തിന് കാരണമായത്. അനസ്‌തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്തു. പീഡിയാട്രീഷ്യൻ ഡോ. ആശ നിർമ്മൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി എന്നിവരും അന്വേഷണ പരിധിയിലുണ്ട്.
ഇവരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെങ്കിലും നിലവിൽ ഫോൺ സ്വിച്ച് ഓഫാണ്. കേസിൽ തുടർനടപടികൾക്കായി കണ്ണൂർ ഡിഎംഒയുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പയ്യന്നൂർ ഡിവൈഎസ്പി നിർദ്ദേശം നൽകിയിട്ടുണ്ട്. ജൂലൈ അഞ്ചിന് വീട്ടിൽ കളിക്കുന്നതിനിടെയാണ് കുഞ്ഞിന് പരിക്കേറ്റത്.
മാതമംഗലത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ ശേഷം പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് ബോധരഹിതനാകുകയായിരുന്നു. തുടർന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജൂലൈ 10-ന് കുഞ്ഞ് മരിച്ചു.
ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തിലുള്ള സംഘം കുഞ്ഞിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തിരുന്നു. ആശുപത്രിയുടെ ഭാഗത്ത് നിന്ന് വലിയ അശ്രദ്ധയാണ് ഉണ്ടായതെന്ന് കമ്മീഷൻ നിരീക്ഷിച്ചിട്ടുണ്ട്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഉത്തരവാദികളായ മുഴുവൻ ഡോക്ടർമാർക്കെതിരെയും കർശന നടപടി വേണമെന്നാണ് ആവശ്യം ഉയരുന്നത്.











0 comments