ad
Deshabhimani

രാത്രികാല സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം; യുകെയിൽ കൗമാരക്കാർക്കായി പുതിയ നിയമം

UK

Photo:Getty Images

വെബ് ഡെസ്ക്

Published on Jul 15, 2026, 05:45 PM | 1 min read

ലണ്ടൻ : യുകെയിലെ കൗമാരക്കാർക്ക് രാത്രികാലങ്ങളിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി യുകെ സർക്കാർ. പുതിയ തീരുമാനപ്രകാരം 16-ഉം 17-ഉം വയസ്സുള്ള കൗമാരക്കാർക്ക് ഇൻസ്റ്റാഗ്രാം, ടിക്ടോക്, യൂട്യൂബ് തുടങ്ങിയ ആപ്പുകൾ അർധരാത്രി മുതൽ പുലർച്ചെ 6 മണി വരെ ലഭ്യമാകില്ല.


കൗമാരക്കാരുടെ ഉറക്കം, പഠനത്തിലുള്ള ശ്രദ്ധ, കുടുംബജീവിതം എന്നിവ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതിനൊപ്പം സോഷ്യൽ മീഡിയയിലെ ഓട്ടോ പ്ലേ, ഇൻഫിനിറ്റ് സ്ക്രോളിങ് തുടങ്ങിയ അഡിക്റ്റീവ് ഫീച്ചറുകൾ ഡിഫോൾട്ടായി ഓഫാക്കി വെക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പൂർണമായി നിരോധിക്കുമെന്ന ജൂണിലെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ നീക്കം.


അക്കൗണ്ട് സെറ്റിങ്സ് മാറ്റി കുട്ടികൾക്ക് തന്നെ ഈ നിയന്ത്രണം ഒഴിവാക്കാൻ സാധിക്കുമെന്നതിനാൽ സർക്കാരിന്റെ പുതിയ പദ്ധതിക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നു. മദ്യം കുട്ടിയുടെ കൈയെത്താ ദൂരത്ത് വെച്ചിട്ട് ആവശ്യമെങ്കിൽ എടുത്തു കുടിച്ചോളൂ എന്ന് പറയുന്നതിന് തുല്യമാണിതെന്ന് ഓൺലൈൻ ചലഞ്ചിൽ മകനെ നഷ്ടപ്പെട്ട എലൻ റൂം എന്ന സാമൂഹിക പ്രവർത്തക വിമർശിച്ചു.


വിപിഎൻ ഉപയോഗിച്ച് കുട്ടികൾക്ക് ഈ നിയന്ത്രണം മറികടക്കാൻ സാധിക്കുമെന്നിരിക്കെ, വിപിഎൻ നിരോധിക്കാൻ സർക്കാർ തയ്യാറാകാത്തതും പദ്ധതിയുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യുന്നു. അതേസമയം, അർധരാത്രിയിൽ മാനസികമായി പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് സുഹൃത്തുക്കളെയോ സഹായ കേന്ദ്രങ്ങളെയോ ബന്ധപ്പെടാനുള്ള അവസരം ഈ നിയന്ത്രണം മൂലം നഷ്ടപ്പെടുമെന്ന ആശങ്കയും വിദഗ്ധർ പങ്കുവെക്കുന്നു.


കൗമാരക്കാർക്ക് കൃത്യമായ ഉറക്കവും ആരോഗ്യകരമായ ജീവിതവും ഉറപ്പാക്കാൻ ഈ നിയമം അത്യന്താപേക്ഷിതമാണെന്ന് ടെക്നോളജി സെക്രട്ടറി വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കൃത്യമായ ഇടവേളകൾ നൽകുന്നതുൾപ്പെടെയുള്ള സുരക്ഷാ നിർദ്ദേശങ്ങളും പുതിയ പരിഷ്കാരത്തിലുണ്ട്. ഈ വർഷം അവസാനത്തോടെ പാർലമെന്റിൽ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home